Sat. Nov 21st, 2026

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ. തിരുവനന്തപുരത്ത് ബാറിലെ ഏറ്റുമുട്ടല്‍ കേസിലാണ് ഓം പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ ഓം പ്രകാശിന് നോട്ടീസ് നല്‍കിയിട്ടും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈഞ്ചലിലുള്ള ബാറില്‍ സംഘര്‍ഷമുണ്ടായത്. തലസ്ഥാനത്ത് ഒരു വിഭാഗം ഗുണ്ടകളെ നയിക്കുന്ന എയര്‍പോര്‍ട്ട് സാജന്റെ മകന്‍ ഡാനിയാണ് ഈ ബാറില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ എതിര്‍ ചേരിയില്‍പ്പെട്ടവരാണ് ഡാനിയും സംഘവും. ഡാനി നടത്തിയ ഡിജെ പാര്‍ട്ടിയിലേക്കാണ് ഓം പ്രകാശും സുഹൃത്തായ നിധിമെത്തിയത്. ഡിജെക്കിടെ ഇരുസംഘങ്ങള്‍ തമ്മില്‍ കൈയാങ്കിളും ഏറ്റമുട്ടലും നടന്നു. പൊലീസ് എത്തിയപ്പോഴേക്കും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മദ്യപിച്ച വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് തുമ്പ പൊലീസ് നിധിനെയും ഓം പ്രകാശിനെയും അറസ്റ്റ് ചെയ്തിരുന്നു.

സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പക്ഷെ ആരും പരാതി നല്‍കാന്‍ ആദ്യം തയ്യാറായില്ല. പൊലീസ് ശക്തമായി ഇടപെട്ടതോടെ ഹോട്ടല്‍ മാനേജര്‍ പരാതി നല്‍കി. എല്ലാവര്‍ക്കുമെതിരെ സംഘടിച്ച് സംഘര്‍ഷമുണ്ടാക്കിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഓം പ്രകാശിനെ കൂടാതെ 10 പേരെ അറസ്റ്റ് ചെയ്തു. ബാറില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച സാജന്‍, മകന്‍ ഡാനി ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത്.