വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ കര്‍ദിനാളായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ചുമതലയേറ്റു. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കാര്‍മികത്വം വഹിച്ചത്. വൈദികനായിരിക്കെ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ പുരോഹിതനായിരിക്കുകയാണ് മാര്‍ ജോര്‍ജ് ജേക്കബ്.
കര്‍ദിനാള്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയോടെയാണ് ആരംഭിച്ചത്. ചടങ്ങുകള്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ചങ്ങനാശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി ചുമതലയേറ്റതിന്റെ സന്തോഷ നിറവിലാണ് വിശ്വാസി സമൂഹം.
ചടങ്ങില്‍ മാര്‍ ജോര്‍ജ് ജേക്കബിന് പുറമെ 21 പേര്‍ കൂടി കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. സഭയോടുള്ള വിശ്വാസവും കൂറും പ്രഖ്യാപിക്കുന്ന സത്യപ്രതിജ്ഞ ഏറ്റുച്ചൊല്ലി. അതിനു ശേഷമാണ് മാര്‍പാപ്പ കര്‍ദിനാളുമാരെ സ്ഥാന ചിഹ്നങ്ങള്‍ ധരിപ്പിച്ചത്. ഇരുപതാമനായാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ സീറോ മലബാര്‍ സഭയുടെ സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചത്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കറുപ്പിലും ചുവപ്പിലും വരുന്നതായിരുന്നു ജേര്‍ജ് ജേക്കബിന്റെ തലപ്പാവ്.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള സഭാ പിതാക്കന്മാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

