Mon. Nov 23rd, 2026

✍️ ലിബി.സി. എസ്

എൻറെ കുറിപ്പിലെ ‘ജന്തു’ എന്ന പ്രയോഗം ദഹിക്കാത്ത ഈഴവർക്കാണ്.

1935 ജൂൺ ഏഴിന് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനത്തു വച്ച് ദിവാൻ സർ.സി പിയുടെ പൊലീസ് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ ഒരു നിരീശ്വരവാദിയെ അറസ്റ്റ് ചെയ്തു. പേര് സി. കേശവൻ. കുറ്റം – രാജ്യദ്രോഹം.

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരൻ…..
രാജ്യദ്രോഹകുറ്റത്തിൽ ജയിലിലായ ആദ്യത്തെയും അവസാനത്തെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി….

ഇനി ഏതെങ്കിലും ജനറൽ സെക്രട്ടറിമാർ അബദ്ധത്തിൽ എങ്ങാനും ജയിലിൽ പോയാലും അത് ഇതുപോലുള്ള രാജ്യദ്രോഹ കേസിൽ ആയിരിക്കില്ല, തട്ടിപ്പ് കേസിൽ ആയിരിക്കും.

സി കേശവൻ ചെയ്ത രാജ്യദ്രോഹ കുറ്റം നിയമസഭയിലും സര്‍ക്കാര്‍ സര്‍വിസിലും അര്‍ഹമായ പ്രാതിനിധ്യം ഈഴവർക്ക് വേണം എന്ന് ആവശ്യപ്പെടുകയും താണുവീണു കേണപേക്ഷിക്കുന്ന മുൻകാല ആചാരങ്ങളിൽ നിന്നും വ്യത്യസ്തമായി ഇതിനായി മുസ്ലിങ്ങളേയും ക്രിസ്ത്യാനികളേയും സംഘടിപ്പിച്ചുകൊണ്ട് പ്രക്ഷോഭം നടത്തുകയും ചെയ്തു എന്നതാണ്.

1931 ൽ ആരംഭിച്ചു 1938 വരെ നീണ്ടുനിന്ന ആ പ്രക്ഷോപമാണ് ‘നിവർത്തന പ്രക്ഷോഭം’. ഈഴവ-മുസ്ലിം-ക്രൈസ്‌തവ വിഭാഗങ്ങൾക്ക്‌ സർക്കാർ ഉദ്യോഗങ്ങളിൽ സംവരണം ഏർപ്പെടുത്തിയത്‌ ഇതിനെ തുടർന്നാണ്‌.
അങ്ങനെ നേടിയെടുത്ത സംവരണമാണ് ആധുനീക തച്ചകൂടി പരമേശ്വരനും ചാണക – കുങ്കുമസംഘികളും കൂടി അട്ടിമറിച്ചത്.

1935 മെയ് 11 ന് നടത്തിയ, ഐക്യകേരളത്തിന്റെ കാഹളമെന്നു ചരിത്രം വിശേഷിപ്പിക്കുന്ന കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിലായിരുന്നു ആദ്യം സൂചിപ്പിച്ച അറസ്റ്റ് ഉണ്ടായത്. ക്രൈസ്തവ മഹാജനസഭയുടെ ആഭിമുഖ്യത്തിൽ ചേർന്ന ക്രൈസ്തവ ഈഴവ മുസ്‌ലീം രാഷ്‌ട്രീയ സമ്മേളനമായിരുന്നു വേദി.

സി കേശവന്റെ പ്രസംഗം രാജ്യദ്രോഹ പരമാണെന്ന്‌ കുറ്റാരോപണം നടത്തി രണ്ടുവർഷക്കാലം ഏകാന്ത തടവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ചു. അതോടുകൂടിയാണ്‌ തിരുവിതാംകൂറിൽ രാഷ്ട്രീയ തടവുകാർ എന്നൊരു പുതിയതരം തടവുകാരുണ്ടായത്‌.

സർ സി പി യുടെ ചോറ്റുപട്ടാളത്തെ വെല്ലുവിളിച്ചുകൊണ്ട് ‘അന്ധകാരമയമായ ഈ സമയത്ത്…” എന്നു തുടങ്ങുന്ന ആ പ്രസംഗം, പിറക്കാൻ പോകുന്ന ഐക്യകേരളം ഏതുതരത്തിലുള്ളതാകണമെന്ന വ്യക്തമായ കാഴ്‌ചപ്പാടായിരുന്നു. സവർണ മേൽക്കോയ‌്മയും ഉച്ചനീചത്വങ്ങളും ഇല്ലാത്തതും അന്ധവിശ്വാസമുക്തവും പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതുമായ കേരളത്തെയാണ് കോഴഞ്ചേരി പ്രസംഗത്തിൽ സി കേശവൻ വിഭാവനം ചെയ്തത്. ആ പ്രസംഗം നിവേദനങ്ങളും പ്രമേയങ്ങളുമായി ഒതുങ്ങിനിന്നിരുന്ന നിവർത്തനപ്രക്ഷോഭത്തെ രാജവാഴചയ്ക്കും ദിവാൻ ഭരണത്തിനുമെതിരായ പ്രത്യക്ഷസമരത്തിന്റെ കുത്തൊഴുക്കിനു വഴിതുറന്നുകൊടുത്തു.

പില്‍ക്കാലത്ത്, പലപ്പോഴും രാജഭരണം അദ്ദേഹത്തെ തുറുങ്കിലടച്ചു. അവക്കൊന്നും അദ്ദേഹത്തിൻറെ തന്റേടത്തേയും ചങ്കൂറ്റത്തെയും തളര്‍ത്താനായില്ല. നമ്മുടെ ‘വൈക്കം ക്ഷേത്രത്തിലെ ചോറൂണ് നവോത്ഥാന നായകൻ’ ആയിരുന്നെകിൽ നിക്കറിൽ മുള്ളിയേനെ!

അചഞ്ചലനായ യുക്തിവാദിയും ജാതി മതചിന്തകള്‍ക്ക് അതീതനുമായിരുന്ന സി കേശവൻറെ ആത്മകഥയായ ‘ജീവിതസമരം’ ഒരു കോപ്പി വാങ്ങി മൊതലാളിയും മകനും കൂടി വായിക്കണം. മറ്റ് ആത്മകഥകൾ പോലെയല്ല മനോഹരമായ ഒരു സാഹിത്യ സൃഷ്ടികൂടിയാണ് അത്.

സർ സി പി എന്ന പേരു കേട്ടാൽ തിരുവിതാംകൂറിലെ ജനങ്ങൾ ഞെട്ടിവിറയ്ക്കുന്ന കാലത്ത്‌ സി കേശവൻ തന്റെ ചരിത്ര പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം ഉപസംഹരിച്ചത്‌ ഇങ്ങനെയാണ്‌. “ആ ജന്തു നമുക്കാവശ്യമില്ല. ഞാൻ ജന്തു എന്നു പറഞ്ഞത്‌ ഹിന്ദു എന്നാണ്‌.”

ഇപ്പോൾ ‘ജന്തു’ എന്തെന്ന് മനസിലായില്ലേ? ആ ജന്തു തന്നെയാണ് ഞാനും ഈ പറയുന്ന ജന്തു!