Fri. Nov 20th, 2026

തിരുവനന്തപുരം: പ്രമുഖ യുക്തിവാദിയും വിവർത്തകനും എഴുത്തുകാരനുമായ എം പി സദാശിവൻ(87) അന്തരിച്ചു. നൂറിലധികം ലോകഭാഷാസാഹിത്യങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ എഴുത്തുകാരനാണ് എം.പി. സദാശിവൻ. ലോകത്ത് ഏറ്റവുമധികം ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്ത ആൾ എന്ന നിലക്ക് ലിംക ബുക്സ് ഓഫ് റെക്കോർഡിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 2021 ൽ ഗിന്നസ് റിക്കാഡിലും ഇടംപിടിച്ചു. ദീർഘകാലം കേരള യുക്തിവാദി സംഘത്തിന്റെ സംസ്ഥാന കമ്മറ്റി അംഗവും യുക്തിരേഖ മാസികയുടെ എഡിറ്ററും ആയിരുന്നു. നല്ലൊരു മജീഷ്യൻ കൂടിയായിരുന്നു അദ്ദേഹം,

1001 രാത്രികൾ, ഡോ. ബി, ആർ.അംബേദ്കറുടെ സമ്പൂർണ കൃതികൾ. ഡെക്കാമറൺ കഥകൾ, 366 ശുഭദിന ചിന്തകൾ, നീലം മാങ്ങകളുടെ വീട്,മദർ തെരേസ, മഹാന്മാഗാന്ധി, ഇന്ദ്രജാല സർവ്വസ്വം, മൈക്കൽ കെ യുടെ ജീവിതവും കാലവും തുടങ്ങി 1981ൽ പുറത്തിറക്കിയ ചെമ്പൻ മുടിക്കാർ മുതൽ ഇന്നു വരെ107 ലോകസാഹിത്യങ്ങൾ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാഠി എന്നീ ഭാഷകളിൽ നിന്നും മലയാളത്തിലേക്കാണ് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഇവകൂടാതെ സ്വന്തമായി 13 പുസ്തകങ്ങൾ കൂടി രചിച്ചിട്ടുണ്ട്.

ഡി സി കിഴക്കേമുറിയാണ് എംപി സദാശിവനിലെ വിവർത്തകനെ കണ്ടെത്തിയത്. കെ ആർ നാരായണന്റെ ‘ഇമേജസ് ആൻഡ് ഇൻസൈറ്റ്’ എന്ന പുസ്തകം വിവർത്തനം ചെയ്യാമെന്ന് ഏറ്റയാൾ പിന്മാറിയപ്പോൾ ഡി സി സദാശിവനെ ഇതിനായി ചുമതലപ്പെടുത്തുകയായിരുന്നു. അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണൻ പങ്കെടുക്കുന്ന പ്രകാശനത്തീയതി അടുത്തതിനാൽ ആറുദിവസം പകലും രാത്രിയും കൊണ്ടാണ് 200 പേജുള്ള കൃതി ‘ഉൾക്കാഴ്ചകൾ’ എന്നപേരിൽ പൂർത്തിയാക്കിയത്. അമർത്യസെൻ, അരുന്ധതി റോയ്, ഡോ ശശി തരൂർ, നോം ചോംസ്കി, ഗ്യാനി സെയിൽസിങ്, എ പി ജെ അബ്ദുൽകലാം, ടി എൻ ശേഷൻ,ഖുശ്വന്ത് സിങ് തുടങ്ങിയവരുടെ പുസ്തകങ്ങൾ അദ്ദേഹം വിവർത്തനംചെയ്തു.

കേരള സാഹിത്യ അക്കാദമി, ബാലസാഹിത്യ അക്കാദമി, ഭാഷാ ഇൻസ്റ്റിറ്റൂട്ട് എന്നിവയുടെ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സാംസ്ക്കാരിക വകുപ്പിന്റെ സീനിയർഫെല്ലോഷിപ്പും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്.

1940-ൽ തിരുവനന്തപുരത്ത് വഞ്ചിയൂരിലാണ് ജനനം. മാധവൻ പിള്ളയാണ് അച്ഛൻ. അച്ഛന്റെ മരണത്തോടെ താമസം അമ്മവീടായ കാട്ടാത്തറയിലേക്ക് മാറി. അഞ്ചാം ക്ലാസ്സ് മുതൽ കാട്ടാത്തറ സ്കൂളിലായിരുന്നു പഠനം. തിരുവനന്തപുരം ഇന്റർമീഡിയറ്റ് കോളേജ്, മാർത്താണ്ഡം ഹിന്ദു കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ബിരുദം നേടി. ഏജീസ് ഓഫീസിലെ സീനിയർ ഓഡിറ്ററായിഎജിസ് ഓഫീസിൽ നിന്ന് സീനിയർ ഓഡിറ്റ് ഓഫീസറായി ഔദ്യോഗിക ജീവിതത്തിൽനിന്നും റിട്ടയർ ചെയ്തു.

ഭാര്യ: പദ്മജ.മക്കൾ: ശുഭ, പത്മകുമാർ.
ശവസംസ്കാരം: മതപരമായ ചടങ്ങുകൾ ഇല്ലാതെ നാളെ (6 /11 /2024) രാവിലെ 11 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ.