എറണാകുളം: ആരെയും കുടിയിറക്കാതെയും നിലവിലെ താമസക്കാർക്ക് സ്വന്തം ഭൂമിയിൽ നിയമപ്രകാരമുള്ള രേഖകൾ നൽകിയും നീതിയുക്തവും ജനാധിപത്യപരവുമായി മുനമ്പം ഭൂപ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ അടിയന്തിരമായി ഇടപെടണം എന്ന് CPI(ML) റെഡ്സ്റ്റാർ, സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ.
സർക്കാർ മുൻകയ്യെടുത്താൽ വഖഫ് ബോർഡ്, ഫാറൂക്ക് കോളേജ് മാനേജ്മെൻ്റ്, മുനമ്പം പ്രദേശവാസികളുടെ പ്രതിനിധികൾ ഇവരുടെ ത്രികക്ഷി ചർച്ച വിളിച്ചു ചേർത്ത് പരിഹാരം കാണാൻ കഴിയുന്ന പ്രശ്നമാണ് ഇപ്പോഴും പരിഹരിക്കാതെ നീട്ടി കൊണ്ടു പോകുന്നത്.
2006-2011 കാലത്തെ LDF സർക്കാർ നിയോഗിച്ച നിസാർ കമ്മിറ്റിയുടെ തെറ്റായ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മുനമ്പത്തെ ഫാറൂഖ് കൊളേജിന് ദാനാധാരത്തിലൂടെ ലഭിച്ച ഭൂമി വഖഫ് ഭൂമിയാണെന്ന് കോടതിയിൽ നിന്നും വിധിയുണ്ടായത്.
യാതൊരു ഉപാധിയുമില്ലാതെ നൽകുന്ന സ്വത്തുക്കൾ മാത്രമേ വഖഫ് ആയി പരിഗണിക്കാവൂ എന്നിരിക്കെ വിദ്യാഭ്യാഭ്യാസ ആവശ്യത്തിനായല്ലാതെ മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിച്ചാൽ തങ്ങളുടെ അനന്തരാവകാശികളിലേക്ക് തിരിച്ചു നൽകണമെന്ന ഉപാധിയോടെയാണ് ഫാറൂക്ക് കോളേജിന് ഭൂമി നൽകിയെതെന്നും അതിനാൽ ഉപാധിയോടെ നൽകിയ ഈ സ്വത്ത് വഖഫ് ആക്കാനാവില്ലന്നും വഖഫ് ബോർഡോ സർക്കാരോ കോടതിയെ ബോധിപ്പിച്ചില്ല. അതും വിധിക്ക് കാരണമായി.
പിന്നീടും കോടതി വിധിയുടെ പേരിൽ സർക്കാർ ഉത്തരവാദിത്തം കയ്യൊഴിഞ്ഞ് നിസംഗത പാലിച്ചതിനാൽ ഭൂമി വഖഫ് ബോർഡിന് അവകാശപ്പെട്ടതാണെന്ന വിധി നടപ്പാക്കാത്തതിനെതിരെ കോടതിയിൽ ഹർജ്ജി വന്നതിനെത്തുടർന്ന് അതുവരെ ഉടമകളായിരുന്നവരിൽ നിന്നും 2022 മുതൽ നികുതി സ്വീകരിക്കാൻ റവന്യു വകുപ്പ് വിസമ്മതിച്ചു.
ഇത് തങ്ങളുടെ സ്വന്തമായിരുന്ന ഭൂമി നഷ്ടപ്പെടുമെന്ന ഭയാശങ്കയിലേക്ക് പ്രദേശവാസികളെ എത്തിച്ചു.
ഫലത്തിൽ പ്രദേശവാസികളുടെ ആശങ്കകളെ ഉപയോഗിച്ച് വഖഫ് നിയമ ഭേദഗതിക്ക് അനു കൂലമായ അന്തരീക്ഷമൊരുക്കാനായി മുസ്ലീം വിരുദ്ധ വികാരം ആളിക്കത്തിക്കാനും അതുവഴി വർഗ്ഗീയ ചേരിതിരിവുകൾ സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനുമുള്ള സംഘപരിവാറിൻ്റെ ക്രിസംഘികളുടെയും ശ്രമങ്ങളെ സർക്കാർ സമീപനം സഹായിച്ചു.
യഥാർത്ഥത്തിൽ നിലവിലെ വഖഫ് നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല മുനമ്പത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതെന്ന വസ്തുത മറച്ചുവെച്ചാണ് വഖഫ് നിയമം ഭേദഗതി ചെയ്താലേ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്ന വാദമുയർത്തുന്നത്.
അതിൻ്റെ പിന്നിൽ പരമാവധി മുസ്ലീം വിരുദ്ധ പടർത്തുക, വഖഫ് നിയമഭേദഗതിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക, ഉപതെരഞ്ഞെടുപ്പുകളിൽ പ്രത്യേകിച്ചും പാലക്കാട് ബിജെപിക്ക് പരമാവധി വോട്ടുകൾ സമാഹരിക്കുക തുടങ്ങി ബഹുമുഖ അജണ്ടകളാണ് സംഘപരിവാറിനും ക്രിസംഘികളായ സഭാ നേതാക്കൾക്കുമുള്ളത്.
ഒപ്പം മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ മുന്നിൽ നിർത്തിക്കൊണ്ട് പിന്നിൽ കളിക്കുന്ന വൻകിട ഭൂമാഫിയകളും റിയൽ എസ്റ്റേറ്റുകാരുമുണ്ട്. തീരദേശം തങ്ങളുടെ പിടിയിലാക്കലാണ് അവരുടെ ലക്ഷ്യം. ഇതിനെയെല്ലാം സഹായിക്കുന്ന നിലപാടുകൾ സർക്കാരും സ്വീകരിക്കുന്നു. അതേ സമയം മുസ്ലിം സംഘടനകളും വഖഫ് ബോർഡും ഫറൂക്ക് കോളേജും ഇപ്പോൾ പ്രദേശവാസികൾക്ക് അനുകൂലമായി സ്വീകരിച്ചിട്ടുള്ള സമീപനം സ്വാഗതാർഹമാണ്.
ഈ സാഹചര്യത്തിൽ കോടതിക്ക് പുറത്ത് പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ട കക്ഷികളെ വിളിച്ചു ചേർത്തു ചർച്ച ചെയ്ത് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെദുന്നതായി എം.പി. കുഞ്ഞിക്കണാരൻ പറഞ്ഞു.
യാതൊരു തരത്തിലും സാമുദായിക, വർഗ്ഗീയ വിഭജനം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലന്നു പ്രഖ്യാപിക്കുന്നു. സാധാരണക്കാരായ പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും തീരദേശത്തു നിന്നും ജനവിരുദ്ധ ശക്തികളെ തൂത്തെറിയാനും ജനാധിപത്യശക്തികൾ മുന്നിട്ടിറങ്ങണമെന്ന് എം.പി. കുഞ്ഞിക്കണാരൻ അഭ്യർത്ഥിക്കുന്നതായി എം.പി. കുഞ്ഞിക്കണാരൻ പറഞ്ഞു.


