✍️ ചന്ദ്രപ്രകാശ് എസ് എസ്
ഒക്ടോബർ 25: മന്ദാകിനി നാരായണൻ ജന്മദിനം
‘ഗാർഗി എന്ന പേരക്കിടാവ്
മന്ദാകിനി മുത്തശ്ശിയോട് ചോദിച്ചു:
ചൈനയിൽ
സൂര്യനുദിക്കുന്ന ദിക്കേതാണ്
കലണ്ടർ
കണ്ടുപിടിച്ചതാരാണ് ‘
‘മുത്തശ്ശിയുടെ മനസ്സിൽ
യാജ്ഞവല്ക്യൻ്റെ കോപം കാറ്റു വിതയ്ക്കുന്നു.
മുത്തശ്ശിയുടെ നിശ്വാസത്തിൽ
ഗാർഗിക്കൊരു കാറ്റു കിട്ടുന്നു.’
എ അയ്യപ്പൻ്റെ കുട്ടികളും രക്തസാക്ഷികളും എന്ന സാമാന്യം നീണ്ട ഒരു കവിത ആരംഭിക്കുന്നതിങ്ങനെയാണ്. ഇതിലെ മന്ദാകിനി മുത്തശ്ശി നക്സലൈറ്റ് നേതാവായിരുന്ന കുന്നിക്കൽ നാരായണൻ്റെ ഭാര്യ. മുൻ നക്സലൈറ്റ് കെ അജിതയുടെ അമ്മ.
കവിതയിൽ ചോദ്യം ചോദിക്കുന്ന പേരക്കിടാവ് അജിതയുടെ മകൾ. 2006 ലാണ് മന്ദാകിനി നാരായണൻ വിട പറഞ്ഞത്. കുന്നിക്കൽ നാരായണൻ്റെ കുടുംബവുമായി മരണം വരെ നല്ല ബന്ധത്തിലായിരുന്നു കവിയും പത്രപ്രവർത്തകനുമായിരുന്ന എ അയ്യപ്പൻ.
കവിത തുടരുന്നു –
‘യാക്കൂബിനെ ആദ്യം കണ്ടനാൾ
മുറിവുകളുടെ പ്രകാശമായ ഇയ്യോബിനെയോർത്തു.
സഖാക്കളുടെ വിശപ്പിൻ്റെ തീയണയ്ക്കാൻ
ചിറകു ചുമന്നവൻ വിഡ്ഢിവേഷം കെട്ടാത്തവൻ
യാക്കൂബ് ആ കവിതയിൽ പാഠഭേദത്തിൻ്റെ വിരൽ ചൂണ്ടി’
കവിതയിലെ യാക്കൂബ് അജിതയുടെ ഭർത്താവാണ്.
ഈ കവിത ആദ്യമായി മഷിപുരണ്ട് പുറത്തിറങ്ങിയ ദിവസം-
യൂണിവേഴ്സിറ്റി കോളേജിൻ്റെ മുറ്റത്ത് ഒരു കവിയ രങ്ങ്. ഡോ ദേശമംഗലം രാമകൃഷ്ണനും ഡോ കെ അയ്യപ്പപ്പണിക്കരുമടക്കം നിരവധി കവികൾ. അന്ന് ദേശമംഗലം ഈ കവിതയാണ് ചൊല്ലിയത്.
കവിത അവസാനിപ്പിച്ചിട്ട് അദ്ദേഹം സദസ്സിലുള്ളവരോട് ഒരു ചോദ്യം –
“മലയാള കവിത മരിച്ചെന്ന് ആര് പറഞ്ഞു? ഇത് എൻ്റെ കവിതയല്ല. ഇന്ന് അച്ചടിച്ചുവന്ന എ അയ്യപ്പൻ്റെ കുട്ടികളും രക്തസാക്ഷികളും എന്ന കവിതയാണ് “
കവിത തുടരുന്നു –
‘മുല കിട്ടാത്തതുകൊണ്ട്
കുട്ടികൾ
അങ്ങാടിപ്പാലിൻ്റെ വിഷംരുചിച്ചു.
പരിചയില്ലാതെ പരാജയപ്പെട്ടവർ
തോക്കിൻ കുഴലിൽ തുളകളുണ്ടാക്കി ഓടക്കുഴലുകൾ വിറ്റു.’
കവിതയിലെ അവസാന വരികൾ കാലിക പ്രസക്‌തവും ലോകത്തിൻ്റെ പല ഭാഗത്തും ഇന്നും ആവർത്തിക്കുന്നതുമാണ്. പ്രവചനസ്വഭാവമുള്ള വരികളെന്ന് നിസംശയം പറയാം
“കൈപ്പത്തികളില്ലാത്ത കുട്ടികൾ
റ്റാറ്റാ പറയുമ്പോൾ
മരിച്ച ദിവസങ്ങളുടെ
ഒരു കലണ്ടർ നിലത്തു വീഴുമ്പോൾ
ആത്മഗർത്തത്തിൻ്റെ ആഴത്തിൽ നിന്ന് ഗാർഗിയെത്തഴുകി കാറ്റൊരു താരാട്ടു പാടുന്നു.
കൂട്ടമരണമായിരുന്നിന്നലെ
മക്കളെ ചോര വഴുക്കും
സൂക്ഷിച്ചു പോകണം.”
യുദ്ധവും,വംശഹത്യയും കൈപ്പത്തികളില്ലാതാക്കിയ നൂറുകണക്കിന് കുട്ടികൾ ഇന്ന് ലോകത്തിൻ്റെ പലഭാഗത്തുമുണ്ട്. വഴുക്കുന്ന ചോരപ്പുറത്തും ചോരച്ചാലിലും നിന്നും അവർ തങ്ങളുടെ ഉറ്റവർക്ക് ടാറ്റ പറയുന്നുണ്ടാവും ! കൂട്ടമരണങ്ങളുടെ വാർത്തകളാണല്ലോ ദിനംപ്രതി.
കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്‍റെ മാതാവാണ് മന്ദാകിനി നാരായണൻ. കേരളത്തിൽ നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിലും വളര്‍ച്ചയിലും സവിശേഷ പങ്കുവഹിച്ച വ്യക്തി. “മാ” എന്ന് പൊതുസമൂഹം വിളിച്ച കമ്യൂണിസ്റ്റ് വിപ്ളവകാരി. നക്സലിസത്തിന്‍റെ ആദ്യ പാഠങ്ങള്‍ കേരളീയരെ പഠിപ്പിച്ച മന്ദാകിനിയുടെ ജീവചരിത്രം ആദ്യകാല നക്സലൈറ്റ് പ്രസ്ഥാനത്തിന്‍റെ കൂടി ചരിത്രമാണ്.
ഗുജറാത്തിലെ ഭവനഗറില്‍ ഒരു സമ്പന്ന ബ്രാഹ്മണകുടുംബാംഗവും,മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ നവീന്‍ ചന്ദ്രയുടെയും ഉര്‍വശിയുടെയും മകളായി1925 ല്‍ ജനിച്ച മന്ദാകിനി ചെറുപ്പത്തിലേ കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളില്‍ ആകൃഷ്ടയായി. രാജ്യം സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയിലായിരുന്ന കാലത്താണ് മന്ദാകിനിയുടെ കുട്ടിക്കാലം. അമ്മ ഉര്‍വശി നവീന്‍ചന്ദ്ര കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ സജീവമായിരുന്നു.
ചെറുപ്പത്തിലേ വിപ്ളവപ്രസ്ഥാനങ്ങളില്‍ ആകൃഷ്ടയായ അവര്‍ 1941 ല്‍ മുംബൈയില്‍ മഹാകോണ്‍ഗ്രസ് സമ്മേളനത്തില്‍ ബാലിക വോളന്‍റിയര്‍ ആയിരുന്നു. നാല്‍പതുകളുടെ മധ്യത്തില്‍ ബോംബെയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്തെത്തിയിരുന്ന ബി ടി രണദിവെ,ഡാങ്കേ, എ കെ ജി,സുന്ദരയ്യ എന്നിവര്‍ മന്ദാകിനിയുടെ ലോകം വിപുലമാക്കി.
1942 മുതല്‍ സ്റ്റുഡന്‍റ്സ് ഫെഡറേഷനിലും പിന്നീട് കോളേജിലെത്തിയതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിച്ചു. അജയഘോഷും, പി സി ജോഷിയുമൊക്കെയായിരുന്നു അന്നത്തെ വലിയ നേതാക്കള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1947 ലെ മുംബൈ സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു മന്ദാകിനി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ അണിനിരന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു അന്ന് മന്ദാകിനി സമ്മേളനത്തിനെത്തിയത്. 1947 ആഗസ്ത് 14 ന് രാത്രി ടോര്‍ച്ച്ലൈറ്റുകളുമായി തെരുവിലിറങ്ങിയാണ് മന്ദാകിനിയും കൂട്ടരും സ്വാതന്ത്യം ആഘോഷിച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ്റെ മരണശേഷം ലഭിച്ച റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റിലെ ജോലി കമ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിക്കാതെ തുടരാനാവില്ലെന്ന് റവന്യൂമന്ത്രി മൊറാര്‍ജി ദേശായി മന്ദാകിനിയെ അറിയിച്ചു. വിജയലക്‌ഷ്മി പണ്ഡിറ്റായിരുന്നു അന്ന് ഫ്രൻ്റ്സ് ഓഫ് സോവിയറ്റ് യൂണിയൻ അധ്യക്ഷ. വിജയലക്ഷ്മിയ്ക്ക് അതാകാമെങ്കില്‍ തനിക്കുമായിക്കൂടെ എന്നായിരുന്നു മൊറാര്‍ജിക്കുള്ള മന്ദാകിനിയുടെ മറുപടി. കമ്യൂണിസ്റ്റ് ബന്ധം വിടില്ലെന്ന മന്ദാകിനിയുടെ ഉറച്ച തീരുമാനം ജോലിയില്‍ നിന്നുള്ള പിരിച്ചുവിടലിലേക്ക് നയിച്ചു.
ഉദ്യോഗാര്‍ഥം മുംബൈയിലെത്തിയ കുന്നിക്കല്‍ നാരായണനെ അവിടെവച്ചാണു മന്ദാകിനി പരിചയപ്പെടുന്നത്. ഫ്രന്‍ഡ്സ് ഓഫ് സോവിയറ്റ് യൂണിയന്‍റെ ഓഫീസില്‍വെച്ചുണ്ടായ സൗഹൃദമാണ് കുന്നിക്കല്‍ നാരായണനെ ജീവിതസഖാവായി തിരഞ്ഞെടുക്കുന്നതിലേക്കു നയിച്ചത്. പാര്‍ട്ടി മുന്‍കൈയെടുത്തായിയിരുന്നു വിവാഹം. 1949 ല്‍ ചടങ്ങുകളൊന്നുമില്ലാത്ത കല്യാണം. 1950 ല്‍ അജിത ജനിച്ചു. 1951ല്‍ കുന്നിക്കലിനോടൊപ്പം മന്ദാകിനി കോഴിക്കോട്ടെത്തി.
പിന്നീടുള്ള അവരുടെ ജീവിതം സ്വതന്ത്രകേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രംകൂടിയാണ്. ആ ചരിത്രത്തിന്‍റെ വിഗ്രഹസ്ഥാനങ്ങളിലൊന്നായിരിക്കാന്‍ വിസമ്മതിച്ച വിപ്ളവകാരിയാണ് മന്ദാകിനി. 1956 വരെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. 1964 ല്‍ മാവോ സേ തൂങ്ങിന്‍റെ ആശയങ്ങളില്‍ ആകൃഷ്ടയായി നക്സലൈറ്റ് രാഷ്ട്രീയത്തിൻ്റെ സഹയാത്രികയായി.
കോഴിക്കോട്ട് ഗുജറാത്തി സ്കൂളില്‍ അധ്യാപികയായി ചേര്‍ന്ന മന്ദാകിനി പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും സജീവമായി നിലകൊണ്ടു. പിന്നീട് നാരായണന്‍റെയും മന്ദാകിനിയുടെയും നേതൃത്വത്തില്‍ ഒരു കൂട്ടമാളുകള്‍ പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചു. 1968 ല്‍ ജോലി രാജിവച്ച് ഭര്‍ത്താവിനൊപ്പം സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങി. പുല്‍പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം തുടങ്ങി ഒട്ടേറെ രാഷ്ട്രീയ കേസുകളില്‍ പ്രതിയായി. ജയില്‍വാസവും ഒളിവുജീവിതവും അനുഭവിച്ചു.
ഭര്‍ത്താവും മകളും ജയിലിലായ ഘട്ടത്തിലും മന്ദാകിനി പുറത്ത് നക്സല്‍ പ്രസ്ഥാനത്തിന് കരുത്തു പകർന്നു. അടിയന്തരാവസ്ഥക്കാലത്തും ജയില്‍ വാസമനുഭവിച്ചു. നക്സല്‍ പ്രസ്ഥാനം ശിഥിലമായപ്പോള്‍ മന്ദാകിനി പൊതുപ്രവര്‍ത്തനത്തില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നു. 1979 ല്‍ കുന്നിക്കല്‍ നാരായണന്‍ മരിക്കുമ്പോഴേക്കും മന്ദാകിനി പൊതു പ്രവര്‍ത്തനം അവസാനിപ്പിച്ചു കഴിഞ്ഞിരുന്നു.
തലശ്ശേരി-പുല്‍പള്ളി കലാപങ്ങളുടെ അണിയറ ശില്‍പികളില്‍ പ്രമുഖയായിരുന്നു മന്ദാകിനി. 1968 നവംബര്‍ 22നാണ് തലശ്ശേരി സ്റ്റേഷന്‍ ആക്രമണം ഉണ്ടായത്. രണ്ടുദിവസം കഴിഞ്ഞ് പുല്‍പള്ളിയും. പുല്‍പള്ളി സ്റ്റേഷന്‍ ആക്രമിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മന്ദാകിനി പോലീസിന്‍റെ പിടിയിലായി.
ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടിയ മന്ദാകിനി നാരായണനെ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ ജനം കാണുമ്പോള്‍ അവരുടെ മുഖത്ത് പോലീസിന്‍റെ പരുക്കന്‍ കൈ ആഞ്ഞുപതിച്ച വിരല്‍പ്പാടുകളുണ്ടായിരുന്നു.
1971 ഒക്ടോബര്‍ 30ന് കോഴിക്കോട് സെഷന്‍സ് കോടതി പുല്‍പള്ളി-തലശ്ശേരി കേസ്സില്‍ അജിത അടക്കമുള്ള എട്ടു പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കുന്നിക്കലും മന്ദാകിനിയും വിട്ടയയ്ക്കപ്പെട്ടു. അജിതയ്ക്കും മറ്റ് കൂട്ടാളികൾക്കും അഞ്ചുവര്‍ഷം തടവ്.
ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപനം – ആഭ്യന്തര സുരക്ഷിതത്വനിയമം നാടൊട്ടുക്കും പ്രാബല്യത്തില്‍ വന്നു. ഡിസംബര്‍ എട്ടിന് കുന്നിക്കലും മന്ദാകിനിയും ‘മിസ” പ്രകാരം അറസ്റ്റിലായി. ഇതേ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ബാക്കിയുള്ളവര്‍ അധികം വൈകാതെ മോചിതരായപ്പോള്‍ ഈ ദമ്പതിമാര്‍ മാത്രം കല്‍ത്തുറുങ്കില്‍ അവശേഷിച്ചു.
പുല്‍പള്ളിയിലെ കര്‍ഷകരുടെയും കണ്ണൂരിലെ ബീഡിത്തൊഴിലാളികളുടേയും പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ കുന്നിക്കലും ഭാര്യ മന്ദാകിനിയും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. മരണം വരെ മന്ദാകിനി മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് ആശയങ്ങളില്‍ ഉറച്ചു വിശ്വസിച്ചു. ജീവിതസായാഹ്നത്തിൽ സംഗീതപഠനം, ചിത്രരചന, കാവ്യരചന എന്നിവയിലും സജീവമായിരുന്നു.


