സ്റ്റോക്കോം: ഈ വർഷത്തെ സാഹിത്യ നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്. മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും ചെയ്തതിനുള്ള അംഗീകാരം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നൊബേൽ സമിതി ഹാന്‍ കാങിന് പുരസ്കാരം പ്രഖ്യാപിച്ചത്.
11 ലക്ഷം ഡോളറാണ് പുരസ്കാര തുക. 1970ൽ ദക്ഷിണ കൊറിയയിലെ ഗ്വാൻഞ്ജുവിലാണ് ഹാൻ കാങ് ജനിച്ചത്. സാഹിത്യ ബന്ധമുള്ള കുടുംബമായിരുന്നു അവരുടേത്. കാങ്ങിന്റെ പിതാവ് ഹാന്‍ സെങ് വോൺ അറിയപ്പെടുന്ന നോവലിസ്റ്റായിരുന്നു. ഹാന്‍ കാങിന്റെ കാവ്യാത്മകവും പരീക്ഷണാത്മകവുമായ ശൈലി സമകാലിക സാഹിത്യ ലോകത്ത് ഒരു പുതുമ കൊണ്ടുവന്നതായും സമിതി ചൂണ്ടികാട്ടി. നേരത്തെ കാങിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവലിന് 2016 ലെ മാന്‍ ബുക്കര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
1993ൽ അഞ്ച് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഹാൻ സാഹിത്യലോകത്തേക്ക് കാലെടുത്തു വെച്ചത്. സോളിലെ വിന്റർ എന്നത് അതിലെ പ്രശസ്തമായ കവിതയായിരുന്നു. 1995ൽ ആദ്യ കഥാസമാഹാരവും പുറത്തിറക്കി. ഫ്രൂട്സ് ഓഫ് മൈ വുമൺ, ഫയർ സലമാണ്ടർ എന്നീ കഥാസമാഹാരങ്ങളും ബ്ലാക് ഡീർ, യുവർ കോൾഡ് ഹാൻഡ്സ്, ദ വെജിറ്റേറിയൻ, ബ്രെത്ത് ഫൈറ്റിങ്, ഗ്രീക്ക് ലെസൺസ്, ഹ്യൂമൻ ആക്ട്സ്, ദ വൈറ്റ് ബുക്ക്, ഐ ഡു നോട്ട് ബിഡ് ഫെയർവെൽ എന്നീ നോവലുകളും ഐ പുട് ദ ഈവനിങ് ഇൻ ദി ഡ്രോവർ എന്ന കവിത സമാഹാരവും പുറത്തിറക്കി. 2016ൽ ദ വെജിറ്റേറിയൻ എന്ന ഗ്രന്ഥത്തിന് ഇന്റർനാഷനൽ ബുക്കൽ പ്രൈസ് പുരസ്കാരവും കാങ് സ്വന്തമാക്കി.


