✍️ ചന്ദ്രപ്രകാശ്. എസ് എസ്
റേഡിയോ വാര്‍ത്താ അവതരണത്തില്‍ ഒരു പുത്തന്‍ മാതൃക സൃഷ്ടിച്ച അവതാരകനാണ് അന്തരിച്ച എം രാമചന്ദ്രൻ. അദ്ദേഹം തൻ്റെ ഓർമ്മക്കുറിപ്പുകൾ പുസ്തകമാക്കിയപ്പോൾ നൽകിയ പേരുപോലും ‘വാർത്തകൾ വായിക്കുന്നത് ‘എന്നാണ്. ഈ വാക്കുകളിലൂടെയാണ് കുറെ വർഷങ്ങൾ മലയാളികൾ ആകാശവാണിയിലൂടെ ആ മാസ്മരിക വാർത്തകൾ ശ്രവിച്ചത്. ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥനായിരിക്കെ ആകാശവാണിയിലെത്തിയ രാമചന്ദ്രൻ ദീർഘകാലം അവിടെ തുടർന്നു. ഡൽഹിയിൽ നിന്ന് മലയാളം വാർത്തകൾ വായിച്ച് തുടങ്ങിയ രാമചന്ദ്രൻ പതിവ് വാർത്താ അവതരണ ശൈലിയിൽ നിന്ന് മാറി പുതിയൊരു ശൈലിക്ക് തുടക്കം കുറിക്കുകയും ചെയ്തു.ഇതോടെയാണ് രാമചന്ദ്രന്റെ ശബ്ദം ജനകീയമായത്.
പല മാതൃകയിലുള്ള പരിപാടികളും ആകാശവാണിയിൽ രാമചന്ദ്രൻ അവതരിപ്പിച്ചിരുന്നു.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു കൗതുക വാർത്തകൾ. പുതിയ ശൈലിയിലൂടെ കൗതുകപരമായ വാർത്തകളും,പ്രാദേശിക വാർത്തകളും മലയാളികളിലേക്കെത്തിച്ച രാമചന്ദ്രൻ റേഡിയോ അനൗൺസ്മെന്റിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.
വാർത്താവായന വെറുമൊരു തൊഴിൽമേഖല മാത്രമായി അധ:പതിച്ചതിൽ രാമചന്ദ്രൻ ഏറെ ദുഃഖിച്ചിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾ-
‘ഏറ്റെടുത്തിരിക്കുന്നത് സുപ്രധാന ചുമതലയാണെന്ന തോന്നൽ പുതുതലമുറയിലെ വാർത്താ അവതാരകർക്കില്ല.ഗൗരവമില്ലാതെയും അശ്രദ്ധവുമായാണ് ഇപ്പോൾ പലരുടെയും വാർത്താവായന. വാക്കുകൾ കൃത്യമായി ഉച്ചരിക്കില്ല. വാർത്താവായന വെറുമൊരു തൊഴിൽമേഖല മാത്രമായിരിക്കുന്നു.
പത്തു മിനിട്ട് റേഡിയോ വാർത്ത തയ്യാറാക്കാൻ അന്ന് മൂന്നു മണിക്കൂർ നേരത്തെ അദ്ധ്വാനമായിരുന്നു.’
യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ തന്നെ ആകാശവാണിയാണ് തന്റെ തട്ടകമെന്ന് രാമചന്ദ്രൻ വിശ്വസിച്ചു. പഠനശേഷം വൈദ്യുതി ബോർഡിൽ പാതിമനസ്സുമായി ജോലിയിൽ തുടരുന്നതിനിടെയാണ് ഡൽഹി ആകാശവാണിയിൽ കാഷ്വൽ വാർത്താ വായനക്കാരനായത്.
ജോലിയിൽ പ്രവേശിച്ച് പത്താം ദിവസം വാർത്ത വായിക്കാനുള്ള അസുലഭാവസരം ലഭിച്ചു. മൂന്നുവർഷം ഡൽഹിയിൽ തുടർന്നു.ഇന്ദിരാഗാന്ധി വാർത്താ വിതരണ വകുപ്പു മന്ത്രിയായിരിക്കെ രാമചന്ദ്രൻ അടക്കമുള്ളവരെ സ്ഥിരപ്പെടുത്തി.പിന്നീട് കോഴിക്കോട്ട് എത്തിയ രാമചന്ദ്രൻ അവിടെ മലയാള വാർത്താവിഭാഗം രൂപീകരിച്ചു.രണ്ടു വർഷത്തിനുശേഷം തിരുവനന്തപുരത്തെത്തി.
ഇന്ദിരാഗാന്ധിയുടെ മരണമാണ് രാമചന്ദ്രന്റെ റേഡിയോ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത വാർത്ത. രാമചന്ദ്രനിലൂടെയാണ് മലയാളികൾ ആകാശവാണിയിലൂടെ ഇന്ദിരയുടെ മരണവാർത്തയറിഞ്ഞത്.
രാമചന്ദ്രൻ ജോലിയിൽ പ്രവേശിച്ച് രണ്ടു മാസത്തിനു ശേഷമാണ് മറ്റൊരു രാമചന്ദ്രൻ അവിടെയെത്തുന്നത്. ഒരേ പേരായതോടെ രണ്ടാമന്റെ പേരിനൊപ്പം മാവേലിക്കര എന്ന സ്ഥലപ്പേരു ചേർത്തു. വിരമിച്ച് ഏതാനും വർഷങ്ങൾക്ക് ശേഷം മാവേലിക്കര രാമചന്ദ്രൻ്റെ തിരോധാനമുണ്ടായപ്പോൾ അത് എം രാമചന്ദ്രനാണെന്ന് നിരവധിപേർ കരുതി. ഒടുവിൽ സാക്ഷാൽ എം രാമചന്ദ്രൻ തന്നെ വിഷയത്തിൽ ഇടപെട്ട് അത് താനല്ല മറ്റേ രാമചന്ദ്രനാണ് എന്ന് പറയേണ്ട സാഹചര്യം പോലും ഉണ്ടായി.
റേഡിയോ മാറി ടെലിവിഷൻ നമ്മുടെ സ്വീകരണമുറികളിൽ അലങ്കാരമായപ്പോൾ അവിടേയും രാമചന്ദ്രൻ തൻ്റെ മികവുകാട്ടി. കൈരളിയുടെ ആദ്യകാലത്ത് സംപ്രേക്ഷണം ചെയ്ത ‘സാക്ഷി’യെന്ന പരിപാടി ജനകീയമാക്കിയതിന് പിന്നിലും രാമചന്ദ്രൻ്റെ മാസ്മരിക ശബ്ദം ഒരു പ്രധാന ഘടകമായി.
‘സാക്ഷിക്കെന്താ കൊമ്പുണ്ടോ?’ എന്ന വാക്കുകൾ അക്കാലത്ത് മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടി. ഇക്കാലത്തായിരുന്നെങ്കിൽ ഏറെ വൈറലാകേണ്ട ഒരു ഡയലോഗ്!
24 ചാനലിൻ്റെ ആദ്യകാലത്ത് അവിടേയും രാമചന്ദ്രൻ്റെ ശബ്ദസാന്നിദ്ധ്യമുണ്ടായിരുന്നു. റേഡിയോ നാടകങ്ങൾക്കും അദ്ദേഹം ശബ്ദം നൽകി. റേഡിയോ നാടക നടൻ, പ്രക്ഷേപകൻ, കൗതുകവാർത്തകളുടെ വേറിട്ട സ്രഷ്ടാവ് തുടങ്ങി ഔദ്യോഗികജീവിതത്തിലും വ്യക്തിജീവിതത്തിലും അദ്ദേഹം മികവ് പുലർത്തി. സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും പര്യായമായിരുന്നു വാർത്തകൾ വായിക്കുന്ന രാമചന്ദ്രൻ.
റേഡിയോ പ്രക്ഷേപണത്തിൻ്റെ സുവർണ്ണകാലത്ത് കേരളത്തിലെ ഓണം കേറാമൂലയിൽപ്പോലും കേട്ട ആകാശവാണിയിലെ ഏറ്റവും ജനപ്രീയ ശബ്ദങ്ങളിലൊന്ന് വിടവാങ്ങിയപ്പോൾ നഷ്ടമായത് ഒരു അതുല്യ ശബ്ദസാന്നിദ്ധ്യവും, പ്രിയ കലാകാരനുമാണ്. ശബ്ദസാന്നിദ്ധ്യം കൊണ്ട് മലയാളി തിരിച്ചറിഞ്ഞ വേറിട്ട ശബ്ദം.


