ആലപ്പുഴ: ആലപ്പുഴയിലെ തത്തംപള്ളിയിലെ സ്വകര്യശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗി മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബന്ധുക്കൾ. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. ആലപ്പുഴ നഗരസഭ കുതിരപ്പന്തി വാർഡിൽ വെളിയിൽ വീട്ടിൽ ടി. എസ്. ശിവദാസനാണ് (55) മരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 19 ന് കാലിൽ മുറിവുണ്ടായതിനെ തുടർന്ന് ശിവദാസൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രമേഹ രോഗിയായതിനാൽ വിരൽ മുറിച്ചു മാറ്റേണ്ടി വന്നു. തുടർന്ന് ഒരാഴ്ചമുമ്പ് വീട്ടിൽ വിട്ടു.എന്നാൽ 30 ന് രാവിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ബന്ധുക്കൾ ശിവദാസിനെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. വാർഡിലേക്ക് മാറ്റിയ ശിവദാസിൻറെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് യാതൊരു വിവരവും ഡോക്ടർമാർ അറിയിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ വൈകിട്ടോടെ ശിവദാസിൻറെ നിലവഷളായി. ഇക്കാര്യം അധികൃതർ അറിയിച്ചെങ്കിലും ഐസിയു വിലേക്ക് മാറ്റാനോ പ്രാഥമീക ചികിത്സ നൽകാനോ ഡോക്റ്റർമാർ സ്ഥലത്തില്ലെയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
യഥാസമയം ചികിത്സ ലഭിച്ചില്ലെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. പോലീസ് സ്ഥലത്ത് എത്തി കേസ് എടുത്തു. മരണം സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു,
ഭാര്യ: ഷീജ, മക്കൾ: നന്ദു, അനന്ദു. മരുമകൾ: ഐശ്വര്യ.


