Mon. Nov 23rd, 2026

✍️ സുരേഷ്. സി.ആർ

മാസ്മരിക ശബ്ദത്താൽ സംഗീതപ്രേമികളുടെ മനസ്സു കവർന്ന ഗായകനാണ് എസ്.പി.ബാലസുബ്രഹ്മണ്യം (1946 – 2020). എസ്.പി.ബി. എന്നറിയപ്പെടുന്നു. ഗായകൻ, സംഗീത സംവിധായകൻ നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, സീരിയൽ അഭിനേതാവ്, ടെലിവിഷൻ അവതാരകൻ, റിയാലിറ്റി ഷോ ജഡ്ജ് എന്നീ നിലകളിൽ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭയാണ്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000-ത്തിലധികം പാട്ടുകൾ പാടി. അമ്പതോളം ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത അദ്ദേഹമാണ് ഏറ്റവും കൂടുതൽ പാട്ട് പാടിയതിന്റെ ഗിന്നസ് റെക്കോഡ്. ഒരു ദിവസം 17 പാട്ടുകൾ വരെ പാടി റെക്കാർഡ് ചെയ്ത് ചരിത്രവും സൃഷ്ടിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ജനനം. പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്നാണ് ശരിയായ പേര്. ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേശം തോന്നിയതിനാൽ പാട്ടിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1966-ൽ തെലുങ്ക് സംഗീതസംവിധായകൻ എസ്.പി.കോദണ്ഡപാണിയുടെ ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണയിലാണ് ആദ്യമായി പാടിയത്.

കെ.ബാലചന്ദർ സംവിധാനം നിർവഹിച്ച മനതിൽ ഉറുതി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്നു വന്ന കേളടി കൺമണി ഏറെ ശ്രദ്ധേയമായി. മണ്ണിൽ ഇന്ത കാതൽ (കേളടി കൺമണി), ഇളയനിലാ പൊഴികിറതേ… (പയനങ്കൾ മുടിവതില്ലൈ), അരച്ച സന്ദനം (ചിന്നതമ്പി), കാട്ടുക്കുയില് മനസ്സുക്കുള്ളൈ (യേശുദാസിനൊപ്പം ദളപതി), ശങ്കരാ നാദശരീരാ പരാ (ശങ്കരാഭരണം), ചന്ദിരനൈ തൊട്ടതു യാർ, നെഞ്ചേ നെഞ്ചേ (രക്ഷകൻ), മലരേ മൗനമാ (കർണാ), കാതൽ റോജാവേ (റോജാ), സുന്ദരി കണ്ണാൽ ഒരു സെയ്തി (ദളപതി) തുടങ്ങിയവയാണ് പ്രശസ്ത ഗാനങ്ങൾ.

നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ നേടി. 1979-ൽ പുറത്തിറങ്ങിയ കെ. വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനത്തിനാണ് ആദ്യത്തെ ദേശീയ അവാർഡ്. തുടർന്ന്, ഏക് ദുജേ കേലിയേ (ഹിന്ദി 1981), സാഗര സംഗമം (തെലുങ്ക് 1983), രുദ്രവീണ (തെലുങ്ക് 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ 1995), മിൻസാര കനവ് (തമിഴ് 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കാണ് ദേശീയ അവാർഡ് ലഭിച്ചത്.

മുദിനമാവ എന്ന കന്നഡ ചിത്രത്തിലെ പ്രധാന വേഷത്തിന് സംസ്‌ഥാന അവാർഡ് നേടി. 2001ൽ പത്മശ്രീ, 2011ൽ പദ്‌മഭൂഷൺ ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, കേരള സർക്കാരിന്റെ ഹരിവരാസനം പുരസ്കാരം, കർണാടക സർക്കാരിന്റെ കർണാടക രാജ്യോൽസവ അവാർഡ്, പല തവണ തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്കാരങ്ങൾ, ബോളിവുഡ്, ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്കാരങ്ങൾ ലഭിച്ചു. 2012ൽ ഇന്ത്യൻ സിനിമയ്ക്കായി നൽകിയ സംഭാവനകൾ പരിഗണിച്ച് എൻ ടി ആർ ദേശീയ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു. പല സർവകലാശാലകളും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.