Sat. Nov 21st, 2026

മലപ്പുറം: ധാർമ്മികത എന്ന് പറയുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഞാനും നിങ്ങളും അടങ്ങുന്ന ഒരു സമൂഹത്തിൽ ഞാൻ നിങ്ങളോട് എങ്ങിനെ പെരുമാറണം നിങ്ങൾ എന്നോട് എങ്ങിനെ പെരുമാറണം എന്ന് നമുക്ക് മനസ്സിലാക്കാൻ നമ്മുടെ ബുദ്ധിയും യുക്തിയും അനുഭവ പാഠങ്ങളും അതിൽ നിന്നും നമ്മൾ വികസിപ്പിച്ചെടുത്തിട്ടുള്ള ആധുനിക മാനവിക മൂല്യങ്ങളും ധാരാളം മതി എന്ന് പ്രമുഖ യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ ഇ എ ജബ്ബാർ. അതിൻറെ പതിനാറ് അയൽവക്കത്ത് കൊണ്ടുവെക്കാൻ പറ്റുന്ന ഒരു വാചകം പോലും നിങ്ങളുടെ ഈ പടച്ചോൻറെ പുസ്തകത്തിൽ കാണാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം ടൗൺഹാളിൽ പി എ അയൂബ് മൗലവിയും ഇ എ ജബ്ബാർ മാഷും തമ്മിൽ നടന്ന ഖുർ ആൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാരിസ് അറബിയായിരുന്നു മോഡറേറ്റർ. ഇസ്ലാം മതം മതം ഉപേക്ഷിച്ചശേഷം കുറേക്കാലം നവനാസ്തിക വേദികളിൽ ഖുർആൻ വിമർശന പ്രഭാഷണങ്ങൾ നടത്തിയിരുന്ന അയൂബ് മൗലവി ഈയിടെ ഇസ്ലാം മതത്തിലേക്ക് തിരിച്ചുപോയശേഷം താൻ രണ്ട് മിനിറ്റുകൊണ്ട് ജബ്ബാർ മാഷിൻറെ ഖുർ ആൻ വിമർശനങ്ങൾ പൊളിച്ചു കയ്യിൽകൊടുക്കാമെന്നു വെല്ലുവിളിച്ചിരുന്നു. തുടർന്ന് അദ്ദേഹം ഈ വെല്ലുവിളി ഏറ്റെടുക്കുകയും അങ്ങിനെ ചെയ്താൽ മൂന്നാമത്തെ മിനിറ്റിൽ താൻ കലിമ ചൊല്ലി വീണ്ടും ഇസ്ലാം മതം സ്വീകരിക്കുമെന്ന് ജബ്ബാർ മാഷും തിരിച്ചടിച്ചിരുന്നു. ഇതേത്തുടർന്നാണ് സംവാദത്തിന് വേദിയൊരുങ്ങിയത്. രണ്ട് മിനിറ്റിന് പകരം മൂന്ന് മണിക്കൂറോളം സംവദിച്ചിട്ടും ജബ്ബാർ മാഷ് കലിമ ചൊല്ലി വീണ്ടും മുസ്ലീമാകുന്നത് കാണാനുള്ള ഭാഗ്യം കേരളീയർക്ക് ഉണ്ടായില്ല.

“സയൻസ് അധിഷ്ടിതമായ, മായികതാ വിമുക്തമായ, ഒരു ലോകവീക്ഷണം സ്വയം രൂപപ്പെടുത്തുക എന്നത് പരമപ്രധാനമാണ്. അങ്ങിനെയൊരു ലോകവീക്ഷണം രൂപപ്പെടുത്താനും ഉൾക്കൊള്ളാനും കഴിഞ്ഞ ഒരാൾക്ക്, യുക്തിവാദ നിലപാടിൽ നിന്ന് ഭക്തിവാദ നിലപാടിലേക്ക് ചാടാൻ ഒരിക്കലും കഴിയില്ല എന്നും നിലപാടുകൾ നാട്യങ്ങൾ മാത്രമായവർക്ക് ഇത് ബാധകമല്ല” എന്നും ഡോ. സി, വിശ്വനാഥൻ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു.

അയൂബ് മൗലവി മനഃപൂർവം ഇസ്ലാമിനെ നാണംകെടുത്താനും നാറ്റിക്കാനും തകർക്കാനും സംഘികളിൽ നിന്നും ക്വട്ടേഷൻ എടുത്തിട്ടാണോ മതത്തിൽ വീണ്ടും ചേക്കേറിയതെന്നും ജബ്ബാർ മാഷിനെ വെല്ലുവിളിച്ചതെന്നും ഉള്ള സംശയങ്ങളും സംവാദം കണ്ടവർ ഉന്നയിക്കുന്നുണ്ട്.