ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെ എം എം നേതാവുമായിരുന്ന ചംപൈ സോറന്‍ ബി ജെ പിയില്‍ ചേര്‍ന്നു. റാഞ്ചിയില്‍ വച്ചാണ് അദ്ദേഹം ബി ജെ പി അംഗത്വം സ്വീകരിച്ചത്. ജെ എം എം പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയില്‍ കടുത്ത വേദനയുണ്ടെന്ന് പാര്‍ട്ടി നേതാവ് ഷിബു സോറന് അയച്ച രാജിക്കത്തില്‍ ചംപൈ സോറന്‍ വ്യക്തമാക്കിയിരുന്നു. ഷിബു സോറന്റെ നേതൃത്വത്തിനു കീഴില്‍ താനും മറ്റ് പ്രവര്‍ത്തകരും ഏത് ആശയാദര്‍ശങ്ങള്‍ക്ക് വേണ്ടിയാണോ പോരാടിയിരുന്നത് അവയില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചതായി ചംപൈ ആരോപിച്ചു.
‘വിപുലമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ബി ജെ പിയില്‍ ചേരാനുള്ള തീരുമാനമെടുത്തത്. ബി ജെ പിയുടെ ഭാഗമായി ഗോത്രവര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കും. ഗോത്രവര്‍ഗ ജനസംഖ്യ ക്ഷയിച്ചു വരികയാണ്. ഈ വിഷയത്തില്‍ ശബ്ദമുയര്‍ത്തും. ബി ജെ പിയില്‍ തനിക്ക് ലഭിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളും നന്നായി നിര്‍വഹിക്കും.’- ബി ജെ പി അംഗത്വം ഔദ്യോഗികമായി സ്വീകരിച്ച ശേഷം വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവേ ചംപൈ സോറന്‍ പറഞ്ഞു.
‘കോല്‍ഹന്‍ കടുവ’ എന്ന് അറിയപ്പെടുന്ന ചംപൈ സോറന്‍ കഴിഞ്ഞാഴ്ചയാണ് ജെ എം എമ്മില്‍ നിന്ന് രാജിവച്ചത്. പാര്‍ട്ടി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ നയങ്ങളിലും പ്രവര്‍ത്തന രീതിയിലും മനംമടുത്താണ് രാജിയെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. സറൈക്കെല്ല മണ്ഡലത്തിലെ എം എല്‍ എയായ ചംപൈ, ഹേമന്ത് സോറന്റെ രാജിയെ തുടര്‍ന്നാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അവരോധിതനായിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഹേമന്ത് സോറന്‍ രാജിവച്ചിരുന്നത്. ജൂലൈ മൂന്നിന് ചംപൈ രാജി നല്‍കുകയും ജാമ്യത്തില്‍ പുറത്തിറങ്ങിയ ഹേമന്ത് സോറന്‍ ജൂലൈ നാലിന് വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു.


