Sun. Nov 22nd, 2026

✍️ ലിബി. സി.എസ്

നവോത്ഥാന കാലഘട്ടത്തെ കീഴ്‌മേല്‍ മറിച്ച കീഴാള നവോത്ഥാന സമരങ്ങളില്‍ അസാധാരണവും സമാനതകളില്ലാത്തതുമായിരുന്നു അയ്യങ്കാളിയുടെ വില്ലുവണ്ടിയിലുള്ള യാത്ര. സഞ്ചാര സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ രേഖപ്പെടുത്തിയ വില്ലുവണ്ടിയാത്ര തിരുവിതാംകൂറിലെ അടിമവര്‍ഗ്ഗം അയിത്തത്തിനും അടിമത്തത്തിനുമെതിരെ നടത്തിയ ആദ്യത്തെ പ്രത്യക്ഷ പ്രതിരോധമായിരുന്നു. ജാതി മേധാവിത്വത്തിന്റെയും മേല്‍ക്കോയ്മകളുടെയും ഉരുക്കു കവചങ്ങളില്‍ സുരക്ഷിതമാക്കപ്പെട്ടിരുന്ന സവര്‍ണ്ണാധിപത്യത്തെയാണ് തന്റെ മുപ്പതാമത്തെ വയസില്‍ അയ്യങ്കാളി വെല്ലുവിളിച്ചത്.

എങ്കിലും നാരയണഗുരുവും അയ്യങ്കാളിയും എല്ലാം നേതൃത്വംകൊടുത്ത നവോത്ഥാന മുന്നേറ്റം വാസ്തവത്തിൽ പരാജയമടയുകയല്ലേ ഉണ്ടയിട്ടുള്ളത്? അത് വിജയം വരിച്ച സാമൂഹ്യവിപ്ലവങ്ങൾ ആയിരുന്നെങ്കിൽ ഇന്ന് നമ്മൾ ജാതിയെക്കുറിച്ച് പറയേണ്ടിവരില്ലായിരുന്നല്ലോ? എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?

യഥാർത്ഥത്തിൽ നാരയണഗുരുവിൻറെയും അയ്യൻ കാളിയുടെയും എല്ലാം ഇടപെടലുകളെ ഹിന്ദുത്വം ഹൈജാക്ക് ചെയ്യുകയാണ് ഉണ്ടയത്. അത് അവർ രണ്ടുപേരുടെയും മരണശേഷമല്ല അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ തുടങ്ങിയിരുന്നു.

ഗുരു സന്യാസിയാകുന്ന സമയത്തെ ചരിത്ര പശ്ചാത്തലം:

എന്തുകൊണ്ടാണ് ഗുരു നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാർ ആണെന്ന് പറഞ്ഞത്? പലകാരണങ്ങളുണ്ട്, അതിൽ ഒരു കാരണം ഇതാണ്. പാലക്കാട് രാജാവിൻറെ ബ്രാഹ്മണർക്കുള്ള ഊട്ടുപുരയിലേക്ക് ബ്രാഹ്മണർ ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോൾ വിശന്നു വലഞ്ഞ ഒരു ആദിവാസി വൃദ്ധൻ കടന്നുചെന്നു. അതുകണ്ട് കണ്ട് കോപാകുലനായ രാജാവ് ശ്രീരാമൻ ശംബൂകനെ കൊന്നതുപോലെ ഒറ്റവെട്ടിന് അയാളുടെ കഥ കഴിച്ചു. എന്നാൽ ബ്രിട്ടീഷ് ഗവൺമെൻറ് രാജാവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. അറസ്റ്റിലായ രാജാവ് ജയിലിൽ കിടന്നു മരിച്ചു. ഈ ഓർമ്മ കേരളത്തിലെ എല്ലാ നാടുവാഴികൾക്കും നല്ലതുപോലെ ഉണ്ടായിരുന്നതുകൊണ്ടാണ് അവർണ്ണ സന്യാസിയായ നാരായണ ഗുരുവിനെ അവർ കയ്യേറ്റം ചെയ്യാതിരുന്നത്. എന്ന് ഡോ. എം.എസ്, ജയപ്രകാശ് സാർ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് 1918 ൽ ചെന്നിത്തലയിൽ വച്ച് പറയ സമുദായത്തിൽ പെട്ട ശുഭാനന്ദസ്വാമിക്കും സ്വയം കഷായമുടുത്ത് സന്യാസിയാകാൻ പറ്റിയത്.

അതുപോലെതന്നെ ക്രിസ്ത്യാനികളെയും അവർക്ക് ഭയമായിരുന്നു. മതപരിവർത്തനം ചെയ്ത ഒരു ദലിത്‌ ബാലികയെ ആ കുട്ടി അറിയാതെ വൈക്കം ക്ഷേത്രത്തിൻറെ പരിസരത്തുള്ള ക്രിസ്ത്യാനിക്കും മുസ്ലിങ്ങൾക്കും നടക്കാവുന്ന വഴിയിലൂടെയല്ലാതെ പ്രധാന വഴിയിലൂടെ നടന്നതിന് ഒരു നായർ പ്രമാണി ക്രൂരമായി മർദ്ദിച്ചു. ഇതിനെതിരെ സിഎസ്‌ഐ സഭ നൽകിയ പരാതിയിൽ അയാളെ വൈക്കം പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയും തലകീഴായി തൂക്കിയിട്ട് 101 അടി കൊടുക്കാനും ശിക്ഷിക്കുകയും അങ്ങനെ ചെയ്തതായും ദളിത് ബന്ധുവും എഴുതിയിട്ടുണ്ട്. അതുകൊണ്ട് ക്രിസ്ത്യാനികളെ നേരിട്ട് ഉപദ്രവിച്ചാൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഇതൊക്കെയായിരുന്നു അന്നത്തെ സാമൂഹ്യപശ്ചാത്തലം.

ദളിതരുടെ ക്രിസ്തുമത പരിവർത്തനം

തീരദേശ മേഖലയിലെ മൽസ്യത്തൊഴിലാളികളൊക്കെ ഡച്ചുകാരുടെയും പോർട്ടുഗീസുകാരുടെയും കാലത്ത് ക്രിസ് തുമതം സ്വീകരിച്ചിരുന്നെങ്കിലും ദളിതർ ക്രിസ്തുമതം സ്വീകരിക്കുന്നത് ബ്രിട്ടീഷ് മിഷനറിമാരുടെ വരവോടെയാണ്. എൽഎംഎസ്. സിഎംഎസ്, ബാസൽ മിഷൻ എന്നിവയുടെ പ്രവർത്തന ഫലമായാണ് ദളിതർ ക്രിസ്തുമതത്തിലേക്ക് അടുക്കുന്നത്. അതവർക്ക് അക്ഷരം പഠിക്കാനും വസ്ത്രം ധരിക്കാനുമൊക്കെ ഇടയാക്കിത്തീർത്തു.

ആദ്യമായി അക്ഷരം പഠിച്ച ദളിത് പെൺകുട്ടി പഞ്ചമിയൊന്നുമല്ല. നാരയണഗുരുവൊക്കെ ജനിക്കുന്നതിന് മുൻപേ, ഇവിടെ സവർണ്ണ സ്ത്രീകൾ പോലും അക്ഷരം പഠിക്കുന്നതിന് മുൻപേ ദളിതർ മതം മാറ്റത്തിലൂടെ വിദ്യനേടുകയും അക്ഷര വെളിച്ചം കാണുകയും ചെയ്തിരുന്നു.അവരിൽ ദളിത് സ്ത്രീകളും ഉണ്ടായിരുന്നു. 1817 ൽ തന്നെ കോട്ടയത്ത് സിഎംഎസ് സ്‌കൂളിൽ ജാതിയും മതവുമൊക്കെ നോക്കാതെ അഡ്‌മിഷൻ കൊടുത്തിരുന്നു. പിന്നെയും ഏതാണ്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് ട്രാവൻകൂർ എഡ്യൂക്കേഷൻ കോഡ് നിലവിൽ വരുന്നതും പഞ്ചമിയുടെ അഡ്‌മിഷൻ പ്രശ്‌നമൊക്കെ ഉണ്ടാകുന്നത്. മതം മാറാത്ത ഹിന്ദു ദളിതർക്ക് അക്ഷര വെളിച്ചം കാണാൻ ഇടയായത് അന്നാണെന്നു വേണമെങ്കിൽ പറയാം. അതും മിഷനറിമാരുടെ പിൻ ബലത്തിലായിരുന്നു.

അയ്യൻ കാളി പഞ്ചമിയുമായി ഊരൂട്ടമ്പലത്തെ പള്ളിക്കൂടത്തിൽ പോകുമ്പോൾ കേരളത്തിൽ അനേക ദളിതർ ഉന്നത ഉദ്യോഗത്തിൽ തന്നെ ഉണ്ടായിരുന്നു എന്നതാണ് ചരിത്രം. ഇന്നത്തെ ചീഫ് സെക്രട്ടറി പോസ്റ്റിൽ ഉൾപ്പെടെ ദളിതരായിരുന്നു. അന്ന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയിൽ ഇരുന്ന ജ്ഞാന ജോഷ്വ ഇംഗ്ലണ്ടിൽ പോയി പഠിച്ച ആദ്യത്തെ ഇന്ത്യക്കാരനുമായിരുന്നു. ദളിതനുമായിരുന്നു.

അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന അലക്‌സാണ്ടർ ക്രിക്‌ടൺ മിച്ചൽ സക്കാർ സ്‌കൂളുകളിലും സർക്കാർ ധനസഹായമുള്ള ഇതര സ്‌കൂളുകളിലും ആർക്കും പഠിക്കണമെന്ന ഉത്തരവിറക്കി. പക്ഷേ ഉത്തരവിറങ്ങിയതല്ലാതെ ആരും എത്തിയില്ല. അപ്പോഴാണ് സാധുജനപരിപാലന സംഘവുമായി ബന്ധമുണ്ടായിരുന്ന എൽ എം എസ് പൂരോഹിതൻ ജെ.സാമുവേലിന്റെ ഇടപെടൽ മൂലമാണ് അയ്യൻകാളി പഞ്ചമിയുമായി സ്‌കൂളിൽ പോകുന്നതും. സനാതനികൾ സ്‌കൂളിന് തീവെക്കുന്നതും ഊരൂട്ടമ്പലം ലഹളയുമെല്ലാം ഉണ്ടാകുന്നത്.

ഇതേസമയത്തുതന്നെ ഈഴവർക്കിടയിലും മതപരിവർത്തനത്തിലൂടെ ജാതി അടിമത്വത്തിൽ നിന്നും പുറത്തുകടക്കാനുള്ള ചർച്ചകളും ശ്രമങ്ങളുമൊക്കെ നടക്കുന്നുണ്ട്. ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും സിക്ക് മതത്തിലേക്കും ബുദ്ധമതത്തിലേക്കുമൊക്കെ കൺവെർട്ട് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചിലരെല്ലാം ഒറ്റയ്ക്കും കൂട്ടമായും എല്ലാം കൺവെർട്ട് ചെയ്യുന്നുണ്ട്. തിരുവിതാംകൂറിലെ ക്രൈസ്ത ജനസംഖ്യ ഉയരുന്നതിൽ തിരുവിതാംകൂറിലെ ഹൈന്ദവ സർക്കാർ ആശങ്കപ്പെടാൻ തുടങ്ങി.

സദാനന്ദ സ്വാമിയുടെ ഇടപെടൽ

തിരുവിതാംകൂർ ദിവാന്റെ ക്ഷണപ്രകാരമാണ് പാലക്കാട് കാരനായ രാമനാഥ മേനോൻ എന്ന സദാനന്ദ സ്വാമി തിരുവനന്തപുരം സന്ദർശിക്കുന്നത്. മതപരിവർത്തനത്തിലൂടെ അയിത്ത ജാതിക്കാർ ക്രിസ്തുമതത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയാണ് അദ്ദേഹത്തെ ആനയിച്ചു കൊണ്ടുവന്നവർ ഉദ്ദേശിച്ചത്. അയ്യങ്കാളിയും അദ്ദേഹത്തിൻറെ പിതാവും അടക്കമുള്ള പുലയർ സദാനന്ദ സ്വാമിയുടെ ചിത്സഭയിൽ അംഗങ്ങളായി. സദാനന്ദ സാധുജന പരിപാലന സംഘത്തിൽ ചേർന്നു.

ആദ്യം ഹിന്ദുത്വ പരിഷ്കരണത്തിനിറങ്ങിയ നാരയണഗുരു പിന്നീട് സ്വയം തിരിച്ചറിയുന്നതുപോലെ മഹാത്മാ അയ്യൻകാളിയും തൻറെ ഉദ്ദേശലക്ഷ്യങ്ങൾ അവിടെ നിന്നുകൊണ്ട് പൂർത്തീകരിക്കാൻ കഴിയില്ലെന്നു മനസിലാക്കി സദാനന്ദ സാധുജന പരിപാലന സംഘത്തിൽ നിന്നും പുറത്തുവന്ന്, കൺവെർട്ട് ചെയ്‌ത ദളിതരെയും വിവിദ ജാതികളെയും ഉപജാതികളെയും എല്ലാം ഉൾപ്പെടുത്തി സ്വന്തമായി സാധുജന പരിപാലന സംഘം രൂപീകരിച്ചെങ്കിലും, എല്ലാ ജാതികളും ഒത്തുചേർന്ന് ഒരു സംഘമായി അത് ഏറെക്കാലം നിലനിന്നില്ല. ജാതിക്കും ഉപജാതികൾക്കും എല്ലാം അതീതമായി ദളിതർ സംഘടിക്കുന്നത് കണ്ടപ്പോൾ ജാതി ഹിന്ദുവിന് കുരുപൊട്ടി, അവരുടെ കുരുട്ട് ബുദ്ധിയാണ് അയ്യൻകാളിയെ പുലയരുടെ മാത്രം പ്രതിനിധിയായി പ്രജാസഭയിൽ എടുത്തു കൊണ്ട് ചെയ്തത്‌. പ്രജാസഭയിലേക്ക് അദ്ദേഹത്തെ നോമിനേറ്റ് ചെയ്യുന്നത് സാധുജന പരിപാലന സംഘത്തിന്റെ പ്രതിനിധി എന്ന നിലയിൽ ആയിരുന്നില്ല. പിന്നീട് ഓരോ സമുദായത്തിൻറെയും പ്രതിനിധികളെ പ്രജാസഭയിലെത്തിച്ചു, ജാതിക്കും ഉപജാതിക്കും അപ്പുറം ഒരു സമുദായമായി ദളിതർ സംഘടിക്കുന്നത് തടയാനാണ് ഓരോ ജാതിയുടെയും പ്രതിനിധികളെ പരാജസഭയിലെത്തിച്ചത്, നമ്മൾ അത് പുരോഗമനമായിട്ടാണ് വായിക്കുന്നത്. ഇന്നും ദലിതർക്കിടയിൽ സമുദായവൽക്കരണം സാധിക്കാതായത് അങ്ങിനെയാണ്,

നാരയണഗുരു മതത്തിനതീതമായി മനുഷ്യൻ എന്ന ചിന്തയിലേക്ക് അവസാനഘട്ടത്തിൽ എത്തിയെങ്കിലും അനുയായികൾ എത്താത്തതുപോലെ അയ്യങ്കാളിയും സദാനന്ദ സ്വാമിയുടെ പ്രസ്ഥാനത്തിൽ നിന്ന് പുറത്തുവന്നെങ്കിലും അനുയായികൾ ഹിന്ദുത്വം വിടാൻ തയാറായിരുന്നില്ല എന്ന് കാണാവുന്നതാണ്. കോഴഞ്ചേരി ചെറുകോൽപ്പുഴയിൽ ഹിന്ദുമഹാ സമ്മേളനം തുടങ്ങിയത് സദാനന്ദ സ്വാമികളും വാഴൂർ തീർത്ഥപാദ സ്വാമികളും ചേർന്നായിരുന്നു

പത്രാധിപരായ അയ്യൻ‌കാളി

അക്ഷരജ്ഞാനം അറിവല്ല. അയ്യൻ‌കാളി അറിവില്ലാത്ത ഒരു മനുഷ്യൻ ഒന്നുമായിരുന്നില്ല, അത്തരത്തിൽ ചിത്രീകരിക്കുന്നതിനു പിന്നിലും ചില ദുരുദ്ദേശങ്ങളൊക്കെയുണ്ട്. “സാധുജന പരിപാലിനി” എന്ന ഒരു പ്രസിദ്ധീകരണം മഹാത്മ അയ്യങ്കാളി നേരിട്ട് നടത്തിയിരുന്നു. കൂടാതെ അയ്യങ്കാളിയുടെ ഒരു സഹോദരൻ വേലിക്കുട്ടി അക്കാലത്ത് വേലക്കാരൻ എന്ന ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. (കൊച്ചിയിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന വേലക്കാരൻ അല്ല) വേലുക്കുട്ടി ഹോട്ടൽ നടത്തി അതിൽനിന്നും കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ആ പത്രം നടത്തിക്കൊണ്ടുപോയിരുന്നത്.

അതിൽ ഒരു ലക്കത്തിൽ വന്നലേഖനത്തിൻറെ തലക്കെട്ട് ‘അമേരിക്ക ഡെമോക്രസിയിൽ’ എന്നായിരുന്നു. അമേരിക്കയിലെ ജനാധിപത്യ നീക്കങ്ങളെക്കുറിച്ചും അവിടുത്തെ കറുത്തവരുടെ പ്രശനങ്ങളെക്കുറിച്ചുമൊക്കെ എഴുതണമെങ്കിൽ കറുത്തവരുടെ ചരിത്രത്തെ കുറിച്ചും അടിമത്വത്തിന്റെ ചരിത്രത്തെ കുറിച്ചും ഒക്കെ അവർ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് വേണം മനസിലാക്കാൻ.

ഇതെങ്ങനെ സാധിച്ചു സിഎംഎസ് കോട്ടയത്ത് പ്രസ് തുടങ്ങുകയും രാജ്യസമാചാരം പത്രം തുടങ്ങുകയുമൊക്കെ ചെയ്തശേഷം അറബിക്കടലിനപ്പുറം മനുഷ്യരുണ്ടെന്നും അവർക്കും ദൈവങ്ങളുണ്ടെന്നും ഇവിടുത്തെ ദൈവങ്ങളെപ്പോലെ തൊട്ടുക്കൂടായ്മയും തീണ്ടിക്കൂടായ്മയും ആദൈവങ്ങൾക്കില്ലെന്ന് മനസിലാക്കിയതോടൊപ്പം ലോകത്തെക്കുറിച്ച് മറ്റുപലതും അവർ പഠിച്ചു. അമേരിക്കയിൽ കറുത്ത വർഗ്ഗക്കാർ നടത്തുന്ന സമരത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും എല്ലാം കഥകൾ മനസിലാക്കിയ അവർ അത് വേലക്കാരനിലും പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാസമ്പന്നരായിരുന്ന ജോൺ ജോസഫ്, തോമസ് വാദ്യർ, ജെ സാമുവൽ തുടങ്ങിയ പ്രഗൽഭർ അയ്യങ്കാളിയോടൊപ്പം ഉണ്ടായിരുന്നു. അവരുമായുള്ള ആശയവിനിമയത്തിലൂടെ പ്രാദേശികമായ അറിവ് മാത്രമല്ല അദ്ദേഹം ആർജ്ജിച്ചിരുന്നത് അസാധാരണ ലോക പരിജ്ഞാനം നേടിയിരുന്നു എന്ന് സാരം. ജോൺ ജോസഫ് ‘ചേരമർദ്ദൂതൻ’ എന്ന ഒരു പ്രസിദ്ധീകരണവും നടത്തിയിരുന്നു.

ശ്രീമൂലം പ്രജാസഭയിൽ എത്ര കൃത്യമായിട്ടാണ് അദ്ദേഹം വിഷയങ്ങൾ അവതരിപ്പിക്കുന്നത് എന്ന് രേഖകൾ ഉണ്ടല്ലോ? വളരെ ആഴത്തിൽ, വിഷയങ്ങൾ പഠിച്ച് അളന്നു തൂക്കിയുള്ള അവതരണമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. അതിന് ശേഷം ഇന്ന് വരെ പോലും ഒരുപാട് വിദ്യാഭ്യാസ യോഗ്യതകളൊക്കെയുള്ള ഏതെങ്കിലുമൊരു ഒരു പട്ടികജാതി എംഎൽഎമാർ ഇത്തരത്തിൽ ഇടപെട്ടിട്ടുണ്ടോ? അത് വായിക്കുന്ന ആർക്കെങ്കിലും അത് അറിവില്ലാത്ത ഒരു മനുഷ്യൻറെ പ്രസംഗമായി തോന്നുമോ? അതുകൊണ്ട് അദ്ദേഹത്തെ അറിവില്ലാത്ത മനുഷ്യൻ, വിദ്യാഭ്യസമില്ലാത്ത നവോത്ഥാന നായകൻ, അറിവില്ലാത്ത വിപ്ലവകാരി എന്ന നിലയിൽ ഒക്കെ അവതരിപ്പിക്കുന്നത് കൃത്യമായ ദുരുദ്ദേശത്തോടെ തന്നെയാണ്.

നാരായണഗുരുവും അയ്യൻ കാളിയുമൊക്കെ സനാതനികളാൽ അവർ അറിഞ്ഞും അറിയാതെയും ഹൈജാക്ക് ചെയ്യപ്പെട്ടവരാണ്, സഹോദരൻ അയ്യപ്പൻ ഒഴികെയുള്ള എല്ലാ നവോത്ഥാന നായകരും സനാതനികളാൽ വളച്ചൊടിക്കപ്പെട്ടവരാണ്. ഡോ. അംബേദ്കറും സഹോദരനും മുന്നോട്ടുവെച്ച രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരുകയാണ് സ്മൃതിമൂല്യങ്ങൾ അയവിറക്കുന്നതിനപ്പുറം വർത്തമാനകാലത്ത് നാം ഏറ്റടുക്കേണ്ട ചരിത്രപരമായ കടമ.

നാരയണഗുരുവും അയ്യൻ കാളിയുമൊക്കെ അവസാനിപ്പിച്ചിടത്തുനിന്നും തുടർച്ചയാണ് ഉണ്ടാകേണ്ടത്. ഇന്ന് നവ ഫ്യൂഡൽ കാലത്തെ പുത്തൻ തമ്പുരാക്കന്മാർ നാരായണ ഗുരുവിൻറെയും അയ്യങ്കാളിയുടെയും എല്ലാം നവോത്ഥാന പാരമ്പര്യത്തിന് മേൽ കാർക്കിച്ചു തുപ്പിക്കൊണ്ട് അവർ എന്തിനെയെല്ലാം പടിയടച്ചു പിണ്ഡം വെക്കാൻ ശ്രമിച്ചോ അതിനെയെല്ലാം പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാല ഘട്ടത്തിൽ ഇവിടുത്തെ കീഴാളരെ മുൻ നിർത്തി വീണ്ടും ഒരു വില്ലുവണ്ടികെട്ടേണ്ട സാഹചര്യത്തിലൂടെയാണ് ഇന്ന് പനരുത്ഥാന കേരളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.