തിരുവനന്തപുരം: ചപ്പാത്തി പ്ലാന്റുവഴി പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ജയിൽ ചാടിയ കൊലക്കേസ് പ്രതിയെ എട്ടുദിവസത്തിന് ശേഷം മധുരയിൽനിന്ന് പിടികൂടി. ഇടുക്കിയിലെ വണ്ടൻമേട് സ്വദേശി മണികണ്ഠനാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു ഇയാൾ രക്ഷപ്പെട്ടത്.
സി.സി.ടി.വി. ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മധുര ബസ് സ്റ്റാൻഡിൽനിന്നാണ് ഇയാളെ പിടികൂടിയത്. എന്നാൽ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിച്ചുവരികയായിരുന്ന മണികണ്ഠൻ ചപ്പാത്തി പ്ലാന്റിൽനിന്നാണ് ഒളിച്ചുകടന്നത്. ചപ്പാത്തി പ്ലാന്റിലെ ജനറേറ്ററിന് ഡീസലടിക്കാൻ പ്ലാന്റിനു പുറത്തെത്തിച്ച തക്കത്തിലായിരുന്നു പ്രതി മതിൽ ചാടി രക്ഷപ്പെട്ടത്.


