Tue. Nov 24th, 2026

കൊച്ചി: സിനിമാസെറ്റിൽ തനിക്ക് ദുരനുഭവമുണ്ടായെന്ന് തുറന്നു പറഞ്ഞ് നടി സോണിയ മൽഹാർ. തൊടുപുഴയിലെ സിനിമാസെറ്റിൽവെച്ച് 2013-ൽ ആണ് നടിക്ക് നേരെ സൂപ്പർസ്റ്റാറിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലലറ്റിൽ പോയി തിരികെവരുന്ന വഴി സൂപ്പർസ്റ്റാർ കയറിപിടിച്ചുവെന്ന് അവർ പറയുന്നു.

വളരെയേറെ ആരാധിച്ച ആളായിരുന്നുവെന്നും അങ്ങനെ ഒരാളിൽ നിന്നും ഇതുണ്ടായപ്പോൾ പേടിച്ചുപോയി എന്നും അവർ പറഞ്ഞു. അായാളെ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാൾ മറുപടി പറഞ്ഞതെന്നും നടി വ്യക്തമാക്കി. സിനിമയിലൊരുപാട് അവസരം തരാം എന്ന് പറഞ്ഞുവെന്നും സോണിയ പറഞ്ഞു.

2013 -ല്‍ തൊടുപുഴ ഷൂട്ടിന് പോയതാണ്. വലിയൊരു നടന്റെ സിനിമയായിരുന്നു. എന്റെ ഭര്‍ത്താവാണ് ട്രെയിന്‍ കയറ്റിവിട്ടത്. ഓഫീസ് സ്റ്റാഫിന്റെ വേഷമായിരുന്നു. മേക്കപ്പ് ചെയ്ത ശേഷം ടോയ്‌ലറ്റില്‍ പോയി തിരികെവരുന്ന വഴി ഈ സൂപ്പര്‍സ്റ്റാര്‍ കയറിപിടിച്ചു. ആദ്യമായാണ് അയാളെ കാണുന്നത്. വളരെയേറെ ആരാധിച്ച ആളായിരുന്നു.

ഞാന്‍ ആളുടെ പേര് പറയുന്നില്ല. അയാളിപ്പോള്‍ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്. ഇതറിഞ്ഞ് അവര്‍ക്ക് പ്രശ്‌നമൊന്നും ഉണ്ടാവരുത്. എന്റെ കുടുംബത്തിനും ഞാനേയുള്ളൂ. ഇതിനുപിറകേ എനിക്ക് നടക്കാന്‍ സമയമില്ലെങ്കിലും പുറത്തുപറയാതിരിക്കാന്‍ പറ്റില്ലെന്നുതോന്നി. ഒരാളെ പെര്‍മിഷന്‍ ഇല്ലാതെ കയറിപ്പിടിക്കാനുള്ള അനുമതിയാണോ താരങ്ങള്‍ക്കുളളത്. താല്‍പര്യത്തിന്റെയും ആഗ്രഹത്തിന്റെയും പുറത്താണ് അഭിനയിക്കാന്‍ പോകുന്നത്. ഇപ്പോഴും സെറ്റിലേക്ക് പോകാന്‍ ഭയമാണ്. ഒപ്പം ആരെങ്കിലും ഇല്ലാതെ പോകാറില്ല. ഞാന്‍ സംഘടനകളിലൊന്നുമില്ല. പല സിനിമകളില്‍ നിന്നും മാറ്റപ്പെട്ടിട്ടുണ്ട്. എനിക്കിപ്പോള്‍ കേസിനുപോകാനുള്ള സാമ്പത്തിക സ്ഥിതിയോ മാനസികാവസ്ഥയോ ഇല്ല.