Tue. Nov 24th, 2026

ആലപ്പുഴ: വളവനാട് പ്രീതികുളങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് കയറിയുണ്ടായ അപകടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമുള്‍പ്പെടെ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാര്‍ യാത്രികരായ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ഡി വൈ എഫ് ഐ മാരാരിക്കുളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായ മാരാരിക്കുളം എം രാജേഷ്, അനന്തു എന്നിവരാണ് മരിച്ചത്.

രാത്രി ഒമ്പതോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ കലുങ്കിലിടിച്ച് കയറി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം മുതലുണ്ടായ കനത്ത മഴയില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കാറില്‍ നാല് പേരാണുണ്ടായിരുന്നത്. പരുക്കേറ്റ രണ്ട് പേരെയും വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.