Sun. Nov 22nd, 2026

തിരുവനന്തപുരം: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. എം എസ് വല്യത്താന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ലോകമെങ്ങും ആദരിക്കുന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധനാണ്.

മാവേലിക്കര രാജകുടുംബാംഗമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് എം ബി ബി എസ് നേടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ചുകാരനാണ്. തുടര്‍ന്ന് ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തി. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തു. മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ നിര്‍ദേശ പ്രകാരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഇതിന്റെ സ്ഥാപക ഡയറക്ടറായി. ഡോ. എം എസ് വല്യത്താന്റെ നേതൃത്വത്തിലാണ് ശ്രീചിത്രയിലെ ബയോമെഡിക്കല്‍ വിഭാഗത്തില്‍ ആദ്യമായി ഹൃദയവാല്‍വ് നിര്‍മ്മിച്ചത്.

അലോപ്പതിക്കൊപ്പം ആയുര്‍വേദവും വല്യത്താന്‍ പഠിച്ചിരുന്നു. ആയുര്‍വേദ ബയോളജി എന്ന ചിന്തയ്ക്കും ഡോ. വല്യത്താന്‍ തുടക്കമിട്ടു. മണിപ്പാല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറാണ്. ദേശീയ ശാസ്ത്ര സാങ്കേതിക അക്കാദമി അധ്യക്ഷനായിരുന്നു. രാജ്യം പത്മവിഭൂഷനും പത്മശ്രീയും നല്‍കി ആദരിച്ചു.