ആലപ്പുഴ: ശ്രീകൃഷ്ണജയന്തി, ഗണേശോത്സവം പിന്നാലെ രാമായാണമാസാചരണവും ശബരിമലതീർത്ഥാടകർക്ക് ചുക്കുകാപ്പിവിതരണവും വിരിവെക്കാൻ സൗകര്യമൊരുക്കൽ എന്നിങ്ങനെ വിവിധ കലാപരിപാടികളിലൂടെ വിപ്ലവ യുവജന സംഘടനകൾ വരെ വൈരുദ്ധ്യാത്മക ആത്മീയവാദം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ക്ഷേത്രങ്ങളിലേക്ക് പോകാൻ ആഹ്വാനം ചെയ്യുകയും ചെയ്യുമ്പോൾ അതിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമായി രാമായണമാസത്തിന് പകരം മൂന്ന് പതിറ്റാണ്ടിലധികമായി ആലപ്പുഴയിൽ വർഷം തോറും ‘രാവണമാസം’ ആചരിച്ചുകൊണ്ട് ഒരു നാസ്തിക പോരാളി.
ആലപ്പുഴയിലെ ആദ്യകാല യുക്തിവാദിയും ചിത്രകരാനും കാർട്ടൂണിസ്റ്റുമായ പിപി സുമനനാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി മുടങ്ങാതെ കളർകോട് രാവണ മാസാചരണം നടത്തുന്നത്. ആലപ്പുഴ പറവൂർ ഗവൺമെൻറ് ഹൈസ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകനാണ് അദ്ദേഹം. സഹോദരൻ അയ്യപ്പൻ കോട്ടയത്ത് വെച്ച് ‘രാമനെ ഞങ്ങൾക്ക് വേണ്ടെന്ന്’ പ്രഖ്യാപിച്ചുകൊണ്ട് രാവണന് ജയ് വിളിച്ചത് അനുസ്മരിച്ചുകൊണ്ടാണ് താൻ ഇങ്ങനെ ഒരു മാസം രാവണമാസമായി ആചരിച്ച് തുടങ്ങിയതെന്ന് പി പി സുമനൻ പറഞ്ഞു.
“ഞാൻ,സംഘികളുടെ രാമായണ മാസം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആചരിക്കുന്നതു്, ഇങ്ങനെയാണ് അതു് രാവണന്റെ പേരിലാണെന്നു മാത്രം. കളർകോടു മഹാക്ഷേത്രത്തിന് സമീപം സലീമിന്റെ ചായക്കടയിൽ, വൃദ്ധജനങ്ങൾക്ക്, കർക്കടകം ഒന്നു മുതൽ, കർക്കടകം 31-വരെ സൗജന്യ മതേതര ചായ സൽക്കാരവും ചിത്രാലയത്തിൽ വെച്ച് വിശുദ്ധ ബാലമംഗള പാരായണവും നടത്തുന്നത്.
“എല്ലാ വിമർശനങ്ങളുടെയും മൂന്നുപാധി മതവിമർശനമാണ്” എന്നുപറഞ്ഞ മാർക്സിനെയും കഴിഞ്ഞനൂറ്റാണ്ടിൽ തന്നെ “ഒരമ്പലം കത്തിയാൽ അത്രയും അന്ധവിശ്വാസം പോയിക്കിട്ടും” എന്നുപറഞ്ഞ കോൺഗ്രസുകാരനായ മുഖ്യമന്ത്രി സി. കേശവനേയും “ഇനി അമ്പലങ്ങൾക്ക് തീകൊളുത്തുക” എന്നുപറഞ്ഞ നവോത്ഥാന നായകൻ വിടി ഭട്ടതിരിപ്പാടിനെയും തിരുത്തിക്കൊണ്ട് 21 ആം നൂറ്റാണ്ടിൽ ” ഇനി നിങ്ങൾ ക്ഷേത്രങ്ങളിലേക്ക് പോകുക” എന്ന ആഹ്വാനം നടത്തിയ വിപ്ലവകാരി ഗോവിന്ദൻ ആശാൻറെ കാലത്താണ് ഈ രാവണമാസം ആചരിക്കപ്പെടുന്നത് എന്നതാണ് അതിൻറെ പ്രസക്തി എന്ന് പിപി സുമനൻ പറഞ്ഞു.

താൻ വൃദ്ധജനങ്ങളെ ആദരിക്കുക! സഹായിക്കുക! സ്നേഹിക്കുക ! എന്ന സന്ദേശം പരത്തുന്നതിനുവേണ്ടിയാണ് രാവണ മാസാചരണം നടത്തുന്നത്, മോക്ഷം കിട്ടാൻ വേണ്ടിയോ വോട്ടു കിട്ടാൻ വേണ്ടിയോ അല്ല! എന്നദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളായ, ക്ഷേത്രങ്ങളിലെല്ലാം കർക്കടകമാസാചരണം, മരിച്ചവർക്കു വേണ്ടി നടത്തുമ്പോൾ, ഞാൻ ജീവിച്ചിരിക്കുന്നവർക്കു വേണ്ടി യാണ് രാവണ മാസാചരണം നടത്തുന്നത്. അതുകൊണ്ടാണ് വൃദ്ധജനങ്ങൾക്ക് ഒരുമാസം മുടങ്ങാതെ ചായ സൽക്കാരം നടത്തുന്നത്.” – പിപി സുമനൻ പറയുന്നു.
ഇത് നേരത്തെ പത്രമാധ്യമ ങ്ങളിലെല്ലാം വന്നിട്ടുള്ളതാണ്, കൂടാതെ കൈരളി ചാനലിൽ ശ്രീരാമൻ അവതരിപ്പിക്കുന്ന വേറിട്ട കാഴ്ചകളിലും വന്നിട്ടുണ്ട്. ഈ വർഷവും പതിവുപോലെ സലീമിൻറെ ചായക്കടയിൽ കർക്കിടകം ഒന്നുമുതൽ മുപ്പത്തൊന്നുവരെ രാവണമാസാചരണം നടക്കും. സമാപന ദിവസം ചിത്രാലയത്തിൽ പൊതുസമ്മേളനവും നടക്കും,
ആദ്യകാലങ്ങളിൽ ധാരാളം വൃദ്ധർ ഒരുമാസം കൃത്യമായി വന്ന് ചായ സൽക്കാരത്തിൽ പങ്കെടുത്തിരുന്നെങ്കിലും പിന്നീട് സംഘപരിവാർ ഇടപെടലിനെത്തുടർന്ന് വളരെകുറച്ചാളുകളാണ് ചായകുടിക്കാൻ എത്തുന്നതെന്നും എങ്കിലും താൻ അത് മുടക്കംകൂടാതെ ഒരാചാരമായി നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കർക്കിടകം ഒന്നുമുതൽ അൻപതുവയസിന് മുകളിലുള്ളവർക്ക് സ്ത്രീപുരുഷ ഭേദമന്യേ ഏതുസമയത്തും ആചാരപരമായ ‘രാവണമാസാചരണ’ത്തിൽ പങ്കെടുക്കാമെന്നും പങ്കെടുക്കുന്നവർക്കായി ഒരുമാസം സൗജന്യമായി ഭക്ഷണം നൽകാനുള്ള ഏർപ്പാടും സലീമിൻറെ ചായക്കടയിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നുമുതൽ ഒരുമാസക്കാലം ആചാരപരമായി വിവിധ രാമയങ്ങളുടെ പാരായണവും വിപ്ളവാനവോത്ഥാന കവിതകളും വിശുദ്ധ ബാലമംഗള പാരായണവും വ്യാഖ്യാനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

