✍️ ചന്ദ്രപ്രകാശ് എസ് എസ്
ശ്രീനാരായണ ഗുരുവിൻ്റെ ശിഷ്യനും, നിരൂപകൻ, സാഹിത്യകാരൻ, ചെറുകഥാകൃത്ത്, മിതവാദി മാസികയുടെ സ്ഥാപകൻ, അദ്ധ്യാപകൻ എന്നീ നിലകളിലെല്ലാം അറിയപ്പെട്ട മൂർക്കോത്തു കൂമാരൻ്റെ മകനാണ് മൂർക്കോത്ത് രാമുണ്ണി. പത്രാധിപരും സാഹിത്യകാരനും ആയിരുന്ന മൂർക്കോത്ത് കുഞ്ഞപ്പയുടെ അനുജൻ ആണ്.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഒരു വേള അദ്ദേഹം ലക്ഷദ്വീപിൻ്റെ ചുമതലയേൽപ്പിച്ചത് മൂർക്കോത്ത് രാമുണ്ണിയുടെ കൈകളിലാണ്. നെഹ്റുവിൻ്റെ സങ്കൽപ്പത്തിനും ഭാവനയ്ക്കും അന്ന് അതിന് യോജിച്ച വ്യക്തി മൂർക്കോത്ത് രാമുണ്ണിയായിരുന്നു.
ലക്ഷദ്വീപിലെ നാലാമത്തെ അഡ്മിനിസ്ട്രേറ്ററായി സ്തുത്യർഹമായ സേവനം നടത്തിയ രാമുണ്ണി 1961 ലാണ് ഈ സ്ഥാനത്തെത്തുന്നത്. ദ്വീപിൽ ഇന്നുകാണുന്ന വികസനത്തിൻ്റെ സിംഹഭാഗവും നടപ്പാക്കിയ മൂർക്കോത്ത് രാമുണ്ണിയെ ദ്വീപ് ജനത ഇന്നും ആദരവോടെയാണു ഓർക്കുന്നത്. ദ്വീപുനിവാസികളുടെ പ്രിയങ്കരനായ അഡ്മിനിസ്ട്രേറ്ററായിരുന്നു മൂർക്കോത്ത് രാമുണ്ണി.
ചില വിശേഷ അവസരങ്ങളിൽ അദ്ദേഹം മൽസ്യത്തൊഴിലാളികൾക്കൊപ്പം മൽസ്യബന്ധനത്തിന് കൂടുമായിരുന്നു. ദ്വീപിലെ പരമ്പരാഗത കലകൾ അവതരിപ്പിക്കുമ്പോൾ അവർക്കൊപ്പം പാടുകയും ആടുകയുമൊക്കെ ചെയ്യുമായിരുന്നു. ദ്വീപ് വാസികളുടെ വീടുകളിൽ നിന്നും ഭക്ഷണം കഴിക്കുമായിരുന്നു. ദന്തഗോപുരവാസിയല്ലാത്ത പ്രകൃതക്കാരൻ ആയിരുന്നു മൂർക്കോത്ത് രാമുണ്ണി. വല്ലപ്പോഴും തലശ്ശേരിയിൽ വന്നുപോകുന്നതൊഴിച്ചാൽ മുഴുവൻ സമയവും അദ്ദേഹം പാവപ്പെട്ട ദ്വീപ് ജനതയ്ക്കൊപ്പം തന്നെ നിലകൊണ്ടു.
തലശ്ശേരിയിലെ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് പ്രസിഡൻസി കോളേജിൽ രാമുണ്ണി ഉചരിപഠനത്തിനു ചേർന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മദ്രാസ് ഫ്ലൈയിംഗ് ക്ലബ്ബിൽ ചേർന്ന് പൈലറ്റ് ലൈസൻസ് കരസ്ഥമാക്കി. അങ്ങനെ കേരളത്തിലെ ആദ്യ എയർഫോഴ്സ് പൈലറ്റായി രാമുണ്ണി മാറുകയായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെതിരെ ഇന്ത്യയുടെ എയർ ഫോഴ്സ് വിമാനം പറത്തിയ ഏക മലയാളിയും രാമുണ്ണിതന്നെ. ഇന്ത്യയുടെ ആദ്യ മലയാളി ഫൈറ്റർ പൈലറ്റ് മൂർക്കോത്ത് രാമുണ്ണിയായിരുന്നു. ചരിത്രത്തിൽ ഇടം നേടിയവയാണ് രാമുണ്ണിയുടെ ആകാശപ്പോരാട്ടങ്ങൾ. മരണത്തിൽ നിന്നും അത്ഭുതകരമായാണ് രാമുണ്ണി പലപ്പോഴും രക്ഷപെട്ടിട്ടുള്ളത്. സ്വന്തം എയർ ഫോഴ്സ് കാലത്തെ അദ്ദേഹം വിശേഷിപ്പിച്ചത് “എനിക്ക് കൊല്ലപ്പെടാതിരിക്കാനുള്ള ഭാഗ്യമുണ്ടായിരുന്നു” എന്നാണ്.
ക്രിക്കറ്റ്, ഹോക്കി എന്നീ കളികളിലും കമ്പക്കാരനായിരുന്നു മൂർക്കോത്ത് രാമുണ്ണി. ബ്രിട്ടീഷ് റോയൽ എയർഫോഴ്സിലും പിന്നീട് ഇന്ത്യൻ എയർഫോഴ്സിലും സേവനം ചെയ്ത കേരളീയനായ ആദ്യത്തെ വ്യോമസേന വിംങ് കമാൻഡർക്ക് പിന്നീട് ഐഎഎസ് നൽകി നെഹ്റു സ്വന്തം ഓഫീസിൽ നിയമിക്കുകയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വ്യോമസേന പൈലറ്റ് ഐഎഎസ് നേടുന്നത്. അവിടെ നിന്നാണ് അദ്ദേഹം നെഹ്റുവിൻ്റെ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വിവിധ കാലയളവിൽ ത്രിപുര, നാഗാലാൻ്റ്, അസാം എന്നിവിടങ്ങളിലെ ഗവർണർമാരുടെ അഡ്വൈസറെന്ന പദവി വഹിച്ചശേഷമാണ് ലക്ഷദ്വീപിലെത്തുന്നത്.

അക്കാലത്ത് രാജ്യത്തെ പ്രധാന ആദിവാസി മേഖലകളിൽ വികസനം സാദ്ധ്യമാക്കാൻ നെഹ്റു ചുമതലപ്പെടുത്തിയ വിരലിലെണ്ണാവുന്നവരിൽ ഏറ്റവും പ്രധാനിയായിരുന്നു രാമുണ്ണി. ജവഹർലാൽ നെഹ്റുവിൻ്റെ വളർത്തുപുത്രനെന്നും, മാനസപുത്രനെന്നുമൊക്കെയായിരുന്നു രാമുണ്ണിയുടെ വിശേഷണങ്ങൾ. അഡ്മിനിസ്ട്രേറ്റർ ഓർഡർ കയ്യിൽ വാങ്ങി ചാർജെടുക്കും മുൻപ് നെഹ്റുവിനെ കണ്ട രാമുണ്ണിയോട് അദ്ദേഹം പറഞ്ഞതിങ്ങനെ- ” താങ്കൾ ദ്വീപുവാസികളുടെ സംരക്ഷണം പൂർണ്ണമായും ഏറ്റെടുക്കണം. മുന്നൂറ് വർഷത്തെ വികസനം കാലാവധിക്കുള്ളിൽ ചെയ്തു തീർക്കണം”
എന്നാൽ മുന്നൂറ് വർഷത്തെ വികസനം കേവലം മൂന്ന് വർഷം കൊണ്ട് ലക്ഷദ്വീപിൽ നടപ്പാക്കിയ അഡ്മിനിസ്ട്രേറ്റർ എന്നാണ് നെഹ്റു പിന്നീട് രാമുണ്ണിയെ വിശേഷിപ്പിച്ചത്. ലക്ഷദ്വീപിലെ ആദ്യ വനിതാ ഡോക്ടറായ പത്മശ്രീ ഡോ റഹ്മത്ത് ബീഗത്തിന് ഡോക്ടറാകാൻ പ്രേരണയും, പ്രോത്സാഹനവും,
സഹായവും നൽകിയത് മൂർക്കോത്ത് രാമുണ്ണിയാണ്.
എസ് എസ് എൽ സിയ്ക്ക് മികച്ച മാർക്ക് നേടി വിജയിച്ച ഒരു പെൺകുട്ടി പഠനം നിർത്തി ദ്വീപ് അഡ്മിനിസ്ട്രേറ്റർ രാമുണ്ണിയെ കണ്ട് ഒരു ജോലി അഭ്യർത്ഥിക്കുന്നു. ജോലിക്കൊന്നും തല്ക്കാലം പോകേണ്ടെന്നും പ്രീ ഡിഗ്രി പാസ്സായി എംബിബിഎസ് ചെയ്യണം, എന്ന നിർദ്ദേശമാണ് അന്ന് അദ്ദേഹം നൽകിയത്. അതിന് വേണ്ടുന്നതെല്ലാം അദ്ദേഹം ചെയ്തു. ആ നിർദ്ദേശമാണ് ദ്വീപിൽ ആദ്യമായി ഒരു വനിതാ ഡോക്ടറെ സമ്മാനിച്ചത്. 1971 ൽ റഹ്മത്ത്, ഡോ റഹ്മത്തായി.
അതുപോലെ ദ്വീപിലെ നിരവധി വിദ്യാർത്ഥികൾക്ക് കേരളത്തിൽ വന്ന് ഉപരിപഠനത്തിന് സൗകര്യമൊരുക്കിയതും സഹായം ചെയ്തതുമെല്ലാം രാമുണ്ണിയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ്. അന്നും ഇന്നും തലശ്ശേരി ബ്രണ്ണൻ കോളേജ് ഉൾപ്പടെ കേരളത്തിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലക്ഷദ്വീപിൽ നിന്നും പഠിതാക്കളായി ധാരാളം പേർ എത്തുന്നുണ്ട്. ഇതിന് ആദ്യമായി ചാലകശക്തിയും രാസത്വരകവുമായത് മൂർക്കോത്ത് രാമുണ്ണിയാണ്.
ദ്വീപിലെ കേരകർഷകർ വലിയതോതിൽ ചൂഷണം അനുഭവിക്കുന്ന ഘട്ടത്തിലാണ് രാമുണ്ണി ചാർജെടുക്കുന്നത്. ലക്ഷദ്വീപിലെ ജനവാസമുള്ള എല്ലാ ദ്വീപിലും അദ്ദേഹം കൊപ്ര സഹകരണ സംഘങ്ങൾക്ക് രൂപം നൽകി. കേരകർഷകർ അനുഭവിച്ച ചൂഷണത്തിന് ഒരു പരിധിവരെ അറുതി വരുത്താൻ ഇതിലൂടെ കഴിഞ്ഞു. ആകാശവാണിയിലൂടെ കൊപ്രയുടെ യഥാർത്ഥ വില അന്നന്ന് അറിയിക്കുന്ന സംവിധാനം ലക്ഷദ്വീപിലെത്തിച്ചതും രാമുണ്ണിയാണ്.
യന്ത്രവൽകൃത ബോട്ടുകൾ അന്യമായിരുന്ന ലക്ഷദ്വീപ് ആദ്യമായി യന്ത്രവൽകൃത ബോട്ട് കാണുന്നത് രാമുണ്ണിയിലൂടെയാണ്. ആന്ധ്രയിൽ നിന്നും ഇരുപത്തിയഞ്ച് പുതിയ യന്ത്രവൽകൃത ബോട്ടുകളാണ് അന്ന് ഒറ്റയടിയ്ക്ക് ദ്വീപിലെത്തിച്ചത്.
ദ്വീപിലെ സാംക്രമിക രോഗങ്ങൾ തുടച്ചുമാറ്റാൻ ആദ്യമായി നടപടികൾ സ്വീകരിച്ചതും രാമുണ്ണിതന്നെ.
കുഷ്ടം, മന്ത് തുടങ്ങിയ രോഗങ്ങൾ ചികിൽസിക്കാൻ വേണ്ടിമാത്രം ജർമ്മനിയിൽ നിന്നും രണ്ട് ഡോക്ടർമാരെ ദ്വീപിൽ നിയമിച്ചു. മികച്ച അദ്ധ്യാപകരെ കേരളത്തിൽ നിന്നും ലക്ഷദ്വീപിലെത്തിച്ച് അവിടത്തെ പ്രാഥമിക വിദ്യാഭ്യാസം നിലവാരമുള്ളതാക്കിയതിൻ്റെ ക്രെഡിറ്റും രാമുണ്ണിയ്ക്കാണ്. ഭൂപരിഷ്ക്കരണ നയവും നിയമവും ദ്വീപിൽ നടപ്പായതും രാമുണ്ണിയുടെ കാലത്താണ്.
നെഹ്റുവിൻ്റെ നിർദ്ദേശങ്ങളും നിരീക്ഷണവും വളരെ ദീർഘവീക്ഷണത്തോടെയാണ് അഡ്മിനിസ്ട്രേറ്റർ രാമുണ്ണി നടപ്പാക്കിയത്. മൂർക്കോത്ത് രാമുണ്ണിയെന്ന ഈ തലശ്ശേരിക്കാരൻ്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ ലക്ഷദ്വീപ്. മീൻപിടുത്തം വശമില്ലാത്ത ആളുകളുള്ള ജനവാസമുള്ള മറ്റ് ദ്വീപുമേഖലകളിൽ തൊഴിലാളികൾക്ക് മീൻപിടുത്ത പരിശീലനം നൽകിയതും രാമുണ്ണിയുടെ ഭരണകാലത്താണ്.
മൂർക്കോത്ത് രാമുണ്ണി അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ച അഞ്ച് വർഷക്കാലം അദ്ദേഹം ദ്വീപിനേയും ദ്വീപുനിവാസികൾ അദ്ദേഹത്തേയും നെഞ്ചേറ്റുകയായിരുന്നു. രാമുണ്ണിയുടെ ലക്ഷദ്വീപ് പദ്ധതികളെല്ലാം തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ളതായിരുന്നു.
ലക്ഷദ്വീപിലെ ഒരു പ്രധാന ദ്വീപാണ് ബിത്ര. സ്വന്തം വീടിന് രാമുണ്ണി പേരിട്ടതും “ബിത്ര” യെന്നാണ്. ലക്ഷദ്വീപുമായുള്ള അദ്ദേഹത്തിൻ്റെ ആത്മബന്ധം ഇനി പ്രത്യേകിച്ച് പറയേണ്ടല്ലോ ? തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നും റയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലെ ആ വീട് ഇന്നില്ല.
കണ്ണൂർ സർവകലാശാലയുടേയും ഏഴിമല നാവിക അക്കാദമിയുടെയും മുഖ്യശില്പി രാമുണ്ണിയാണ്. ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്ഥാപക നേതാവും രാമുണ്ണിതന്നെ. ദി ഹിന്ദു പത്രത്തിലെ സ്ഥിരം കോളമിസ്റ്റായിരുന്നു അദ്ദേഹം. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ അന്ത്യാഭിലാഷം നടപ്പാക്കി പിന്നെയും ഏറെ നാളുകൾക്ക് ശേഷമാണ് രാമുണ്ണി ലക്ഷദ്വീപിനോട് വിട പറഞ്ഞത്.
” എൻ്റെ ചിതാഭസ്മം ഭാരതത്തിലെ പർവതങ്ങൾക്കും, ഗിരിശൃംഗങ്ങൾക്കും മുകളിലും, സമുദ്രങ്ങളിലും വിതറണം” എന്നായിരുന്നു പണ്ഡിറ്റ് നെഹ്റുവിൻ്റെ ആഗ്രഹം. മൂർക്കോത്ത് രാമുണ്ണിയുടെ നേതൃത്വത്തിൽ അദ്ദേഹമാണ് കവരത്തിയിൽ നെഹ്റുവിൻ്റെ ചിതാഭസ്മം നിമജ്ജനം ചെയ്തത്. ദ്വീപ് സംരക്ഷകനായി അഞ്ച് വർഷം സേവനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം തിരികെ നാട്ടിലെത്തിയത്.
1915 സെപ്റ്റംബർ 15ന് ജനിച്ച മൂർക്കോത്ത് രാമുണ്ണിയുടെ സംഭവബഹുലമായ ജീവിതം അവസാനിച്ചത്
2009 ജൂലൈ 9 നാണ്. നയതന്ത്ര വിദഗ്ദ്ധൻ വ്യോമസേനയിലെ ആദ്യ മലയാളി പൈലറ്റ്, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ എന്നെല്ലാം അറിയപ്പെട്ട മൂർക്കോത്ത് രാമുണ്ണി അറിയപ്പെടുന്ന എഴുത്തുകാരനുമാണ്. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അറ്റ്ലസ് ഓഫ് ലക്ഷദ്വീപ്, യൂണിയൻ ടെറിട്ടറി ഓഫ് ലക്ഷദ്വീപ്, ദ വേൾഡ് ഓഫ് നാഗാസ്,ഏഴിമല, ദ സ്കൈ വാസ് ദി ലിമിറ്റ്, ഇന്ത്യാസ് കോറൽ ഐലൻഡ്സ് ഇൻ ദ അറേബ്യൻ സീ (ലക്ഷദ്വീപ്) എന്നിവ അദ്ദേഹത്തിൻ്റെ ഇംഗ്ലീഷ് കൃതികളാണ്.
രണ്ട് മലയാളം കൃതികളും രചിച്ചിട്ടുണ്ട്. പൈലറ്റിന്റെ ദിനങ്ങൾ, എന്റെ ഗോത്രലോകം എന്നീ പേരുകളിൽ. ഇന്ത്യൻ എയർഫോഴ്സിൻ്റെയും ലക്ഷദ്വീപിൻ്റെയും ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട നാമമാണ് മൂർക്കോത്ത് രാമുണ്ണി.

