Tue. Nov 24th, 2026

‘മഹാരാജ’യുട പ്രദര്‍ശനം വിജയകരമായി തുടരുകയാണ്. ചെന്നൈയില്‍ വെച്ച് നടന്ന സിനിമയുടെ വിജയാഘോഷങ്ങള്‍ക്കിടെ തന്റെ സിനിമാ കരിയറിലുണ്ടായ ഒരു അനുഭവവത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് താരം. ഞാന്‍ അഭിനയിച്ച ഒരു സിനിമ റിലീസ് ചെയ്ത സമയത്ത് എന്റെ പടമുള്ള പോസ്റ്റര്‍ വെച്ചാല്‍ തിയേറ്ററില്‍ ആളുകള്‍ കേറില്ല എന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ മഹാരാജ എന്ന സിനിമ ആ സീന്‍ മാറ്റിയെഴുതുകയാണ്, അന്നത്തെ ആളുകളുടെ സംശയത്തിനുള്ള മറുപടികൂടിയാവുകയാണ്, വിജയ് സേതുപതി പറഞ്ഞു. ഏത് ചിത്രത്തിന്റെ റിലീസ് സമയത്താണ് ഈ ദുരനുഭവം ഉണ്ടായത് എന്നോ ആരാണ് അത് പറഞ്ഞത് എന്നോ താരം വെളിപ്പെടുത്തിയില്ല.

തന്റെ സമീപകാല ചിത്രങ്ങളുടെ പ്രമോഷനുകള്‍ നടക്കാതിരുന്നതിന്റെ നിരാശയും അദ്ദേഹം ഈയടുത്ത് നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍ പങ്കുവെച്ചിരുന്നു. ഒപ്പം മഹാരാജ റിലീസിന് മുന്‍പ് തന്നെ ചിത്രം ശരാശരിയോ അതിന് മുകളിലോ പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് നടന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. നിഥിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത മഹാരാജ, ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടിയിലേക്ക് അടുക്കുകയാണ്. സാക്‌നില്‍ക്കിന്റെ കണക്ക് പ്രകാരം ചിത്രം ഇതുവരെ 46 കോടി പിന്നിട്ട് കഴിഞ്ഞു. ഇതില്‍ 30 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ലഭിച്ച കളക്ഷനാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 40 കോടിയും ചിത്രം സ്വന്തമാക്കി. ഇന്നത്തെ കണക്ക് കൂടി പുറത്തു വരുമ്പോള്‍ ചിത്രം 50കോടി പിന്നിടുമെന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് മഹാരാജയിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകപക്ഷം. കൂടാതെ വാണിജ്യപരമായ നേട്ടം കൊയ്യുന്ന ആദ്യ വിജയ് സേതുപതി ചിത്രം എന്ന ഖ്യാതിയും മഹാരാജ വൈകാതെ നേടും എന്ന് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.