Sat. Nov 21st, 2026

തൃശൂർ: മുൻ ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന കെ. ആർ. സദാശിവൻ മാഷ് ഹൃദയഘാതം മൂലം അന്തരിച്ചു. ഇന്ന് രാവിലെ 9.00 ന് എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഏറെവിവാദമായ സുൽത്താൻബത്തേരി സെൻറ് മേരീസ് കോളേജിലെ ഒരു വെള്ള നൈറ്റിക്കാരന്റെ മകനൊപ്പം ക്രിക്കറ്റ് കളിച്ചിട്ട് ഭക്ഷണമെടുത്ത് കഴിച്ചതിന് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ കള്ളക്കേസിൽ കുടുക്കി ഒരാളെ ജയിലിലടയ്ക്കുകയും ഒരാൾ നാടുവിടുകയും ചെയ്ത സംഭവത്തിൽ ഇടപെട്ടത്തിന്റെ പേരിൽ അന്ന് മീങ്ങാടി പോളിടെക്‌നിക്കിലെ അദ്ധ്യാപകനായിരുന്ന അദ്ദേഹത്തെ മാവോയിസ്റ്റ് മുദ്രകുത്തി അന്നത്തെ വിഎസ് സർക്കാർ ജയിലിലടയ്ക്കുകയും സസ്‌പെൻഡ് ചെയ്യാതെ കുറേക്കാലം ജോലിയിൽനിന്നും പുറത്താക്കി ശൂന്യതയിൽ നിർത്തി പീഡിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. സൂക്ഷ്മമായ രാഷ്ട്രീയ ജാഗ്രത ഉണ്ടായിരുന്ന അദ്ദേഹത്തെ ഇതുകൊണ്ടൊന്നും തളർത്താനായിരുന്നില്ല.

മരണത്തിലും മാനവികതയെ ചേർത്ത് പിടിച്ച മാഷിൻറെ താൽപര്യ പ്രകാരം മൃത ശരീരം, നാളെ രാവിലെ (13/06/2024) തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ദാനം ചെയ്യും. ഇന്ന് വൈകിട്ട് മുതൽ നാളെ രാവിലേ 8.00 മണി വരെ കോഴിക്കടയിൽ ഉള്ള വസതിയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കാണുവാൻ അവസരമുണ്ടാകും.