Sat. Apr 20th, 2024

ഡോ. ആര്‍ എല്‍ വി രാമക്രൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ സംവിധായകന്‍ വിനയന്‍. സത്യഭാമ പറഞ്ഞത് കൂടി പോയെന്നും തെറ്റു മനസിലാക്കി അദ്ദേഹത്തോട് മാപ്പ് പറയണമെന്നും വിനയന്‍ പറഞ്ഞു. വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റ കലാജീവിതത്തില്‍ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവന്‍ മണി തന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോള്‍ ഓര്‍ത്തു പോവുകയാണെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.