Mon. Nov 23rd, 2026

✍️ ലിബി.സി. എസ്

“തെറിപറയാൻ എൻറെ സംസ്കാരം അനുവദിക്കുന്നില്ല” നമ്മൾ സ്ഥിരമായി കേൾക്കുന്ന ഒരു സദാചാര ഡയലോഗുകളിൽ ഒന്നാണ് ഇത്. നിങ്ങൾ തെറിവിളിക്കാറില്ലെന്നും നിങ്ങൾക്ക് തെറി അറിയില്ലെന്നും നിങ്ങൾക്ക് അതിഷ്ടമല്ലെന്നും നിങ്ങളൊക്കെ ഭയങ്കര സനാതന ആർഷഭാരത സംസ്‌കാരത്തിന്റെ ആളുകളാണെന്നുമൊക്കെ എനിക്ക് അറിയാം! എങ്കിലും തെറിയും തെറിച്ച വാക്കുകളെയും കുറിച്ച് സംവദിക്കാൻ ഞാൻ കുറച്ച് തെറി പറയാനാണ് ഉദ്ദേശിക്കുന്നത്.

സ്വന്തമായി അഭിപ്രായമുള്ള സോഷ്യൽമീഡിയയിൽ ഉള്ള സ്ത്രീകൾ എല്ലാവരും തന്നെ തെറി വിളിച്ചിട്ടുള്ളവർ അല്ലെങ്കിലും തെറി കേട്ടിട്ടുള്ളവരാണ്. സ്വന്തമായി അഭിപ്രായവും നിലപാടുകളുമുള്ള സ്ത്രീകളിൽ തെറി കേൾക്കാത്തവർ കുറവാണ്, അതും ഒരാചാരമായി മാറിക്കഴിഞ്ഞല്ലോ? ഞാൻ തെറികേൾക്കുകയും തിരിച്ചു തെറി പറയാറുമുള്ള ആളാണ്. എൻറെ തെറി കേരളാ ഹൈക്കോടതിയിൽ വരെ എത്തുകയും. അത് തെറിയല്ലെന്ന് കോടതി വിധിക്കുകയും ഉണ്ടായിട്ടുണ്ട്. എല്ലാവരും തിരിച്ചു തെറിപറയണമെന്ന ആഹ്വാനമോന്നുമല്ല ഞാൻ നടത്തുന്നത്.

ഈ തെറികളിൽ തന്നെ ആചാരപരമായ തെറികളും ആചാരപരമല്ലാത്ത തെറികളും ഉണ്ട്.കൊടുങ്ങല്ലൂരിൽ നടക്കുന്ന കുലസ്ത്രീകളുടെ ആചാരപരമായ തെറികൾ സോഷ്യൽമീഡിയയിൽ വൈറൽ ആണല്ലോ? ആർത്തവലഹള കാലത്തെ തെറിനാമ ജപവും തുണിപൊക്കികാണിക്കലുമൊക്കെ കേരളം ലൈവ് ആയി കണ്ടതാണല്ലോ? അതുപോലെതന്നെ ഞങ്ങളുടെ ചേർത്തല കാർത്യായനി ക്ഷേത്രത്തിലും മമ്മൂട്ടിയുടെ നാട് ആയ ചെമ്പിലും, അവിടെ ചെമ്പിൽ പനങ്ങാവ് എന്നൊരു ക്ഷേത്രമുണ്ട്, അവിടെയും ഇപ്പോഴും തെറിപ്പാട്ടും പൂരവും ഉണ്ട്. വിശ്വാസത്തിൻറെ പേരിൽ യാതൊരാവശ്യവുമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ സ്ത്രീകൾ കേട്ടാലറയ്ക്കുന്ന ഭാഷയിൽ പദ്യരൂപത്തിലും ഗദ്യരൂപത്തിലും എല്ലാം തെറിവിളിക്കുകയാണ്. ഇങ്ങനെ ആചാരപരമായി തെറിവിളിക്കുന്നതിൽ യാതൊരു കുഴപ്പവും കാണാത്തവരാണ് സ്ത്രീകൾ അവരെ അനാവശ്യം പറയുമ്പോൾ തെറിവിളിക്കുന്നത് പൊക്കിപ്പിടിച്ച് നടക്കുന്നത്. എന്നതിനാൽ ആചാരപരമല്ലാത്ത ചിലതെറികളെകുറിച്ചാണ് ഞാൻ സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

പരസ്യമായിതന്നെ ഇന്ന് ഉപയോഗിച്ചു വരുന്ന തെറി വാക്കുകളെല്ലാം സ്ത്രീ വിരുദ്ധവും ദളിത് വിരുദ്ധവുമാണ്. അതിനെ വിശകലനം ചെയ്യുകയും വിമര്‍ശന വിധേയമാക്കുകയും ചെയ്യുന്ന ധാരാളം പഠനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കുറച്ചുകൂടി ചരിത്രം പരിശോധിച്ചാൽ ഈ തെറിവാക്കുകൾ അത്തരത്തിൽ ദളിത് വിരുദ്ധമായി പരിവർത്തിക്കപ്പെട്ടതാണ് എന്ന് കാണാം. ഇന്നത്തെ തെറിവാക്കുകൾ നാളെ തെറിവാക്കുകൾ അല്ലാതായിമാറാം. കോടതിപോലും മൈര്, തന്തയ്ക്ക് വിളി തള്ളയ്ക്ക് വിളി തുടങ്ങിയവ തെറിയല്ലെന്ന് അത്തരം കേസുകളിലെ പല ഉത്തരവുകളിലും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണെന്ന് തോന്നുന്നു മലയാള സിനിമയിലെ സംഭാഷണങ്ങളിൽ അടുത്ത കാലത്ത് വളരെ വ്യക്തതയോടെതന്നെ തെറി വാക്ക് ഉപയോഗിച്ച് വരുന്നുണ്ട്.

ഫഹദ് ഫാസിലിൻ്റെ ചില ചിത്രങ്ങളിൽ “മൈര് ” എന്ന വാക്ക് വ്യക്തമായി പ്രയോഗിക്കാറുണ്ട് .”പോടാ മൈരേ… നീയാണല്ലോ കോടതി” എന്ന ജോജിയിലെ ഫഹദിൻ്റെ ഡയലോഗുകളും വിവാദമായ ചുരുളി എന്ന സിനിമയിലും പച്ചയായ തെറി പ്രയോഗങ്ങളുണ്ട്. ഹൈവേ എന്ന സിനിമയിൽ സുരേഷ് ഗോപി”പറയെടി കൂത്തിച്ചി മോളേ ” എന്ന് വിളിക്കുന്നുണ്ട്.

ഇന്ത്യന്‍ ജുഡീഷ്യറിയും ഗവണ്‍മെന്റും നിരോധിച്ചിട്ടും തോട്ടിപ്പണിയെ നരേന്ദ്ര മോദി വരെ ന്യായീകരിച്ചിട്ടുണ്ട്. എൻറെ 4 തെറികളാണ് അവ തെറികളാണെന്ന് കാണിച്ച് കോടതിയിലെത്തിയത്, ഒന്ന് ക്രിസ്ത്യാനികളെ വാഴപ്പിണ്ടികൾ എന്നുവിളിച്ചു എന്നതാണ്, മറ്റൊന്ന് ഒരു പ്രത്യേക ജീവിവിഭാഗത്തിന് മാത്രമാണ് ഒന്നിലധികം അച്ചന്മാരുള്ളത്. എന്നുപറഞ്ഞതാണ്. ഈശോയ്ക്ക് പൂശാൻ പെണ്ണുങ്ങളെ വേണമെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല എന്നുപറഞ്ഞതാണ് മറ്റൊന്ന്. ഇത് മൂന്നും തെറിയല്ലെന്ന് ഹൈകോടതിതന്നെ തീർപ്പുകല്പിക്കുകയും കേസ് തള്ളിക്കളയുകയും ചെയ്താണ്. ഇനിയും തീർപ്പുകല്പിക്കാത്ത ഒരു തെറി ” അയ്യപ്പന് സ്ത്രീകളെ കാണുമ്പോൾ കൺട്രോൾ പോകുന്നുണ്ടെങ്കിൽ കടുക്കാ കഷായം അത്യുത്തമമം” എന്നുപറഞ്ഞതാണ്. വാസ്തവത്തിൽ അത് സുമനൻ സാറിൻറെ പോസ്റ്റ് ഷെയർ ചെയ്തതാണ് എങ്കിലും കേസ് എന്റെപേരിലാണ്. അത് ചിലപ്പോൾ ഭാവിയിൽ തെറിവാക്കാകുകയോ തെറിവാക്കല്ലാതാവുകയോ ചെയ്യാം. കാരണം നവോത്ഥാനമെന്നത് പോലും ഒരു തെറിവാക്കായി മാറിയ കാലമാണ്. അതുകൊണ്ടാണവർ ഞങ്ങളുടെ ഫോട്ടോ മുഖ്യമന്ത്രിയുടെ ഫോട്ടോയോടൊപ്പം ചേർത്ത് നവോത്ഥാന നായകൻ നവോത്ഥാന നായികമാർ എന്നൊക്കെ അധിക്ഷേപിക്കുന്ന പോസ്റ്ററുകളും ട്രോളുകളുമൊക്കെ ഉണ്ടാക്കുന്നത്. നവോത്ഥാനം എന്നത് അവർക്ക് തെറിവാക്കായാണ് തോന്നുന്നത്.

അവർക്ക് ജനാധിപത്യം തെറിവാക്കാണ്, മതേതരത്വം തെറിവാക്കാണ്, നവോത്ഥാനം തെറിവാക്കാണ്. അവർ നമ്മളെ വിളിക്കുക ‘മതേതറകൾ’ എന്നാണ്. പണ്ട് മതേതരത്വം നല്ലവാക്കായിരുന്നു. ഇപ്പോൾ ‘മതേതറകൾ’ ആണ്. ചില സംഘികളും ചില കോൺഗ്രസ്സുകാരും ഫെമിനിസം ‘ഫെമിനിസ്റ്റ്’, ‘ആക്ടിവിസ്റ്റ്’ എന്നിവ പോലും തെറി വാക്കാണെന്നാണ് ധരിച്ചിട്ടുള്ളത് എന്ന് ഇവരുടെയൊക്കെ പോസ്റ്റിലൂടെയും കമന്റുകളിലൂടെയും ഒക്കെ ഒന്നുകണ്ണോടിച്ചാൽ നമുക്ക് മനസിലാകും.

‘ഞാൻ, നീ, അവൻ’- എന്നുപറയുന്ന മൂന്ന് സർവ്വനാമ ശബ്ദങ്ങൾ എല്ലാവർക്കും ഉപയോഗിക്കാൻ പറ്റാതിരുന്ന ഒരു കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുത്ത പ്രക്രിയയയാണ് നവോത്ഥാനമെന്ന് പറയുന്നത്. ഈ നവോത്ഥാനത്തിലൂടെയാണ് ദേശീയതയിലൂടെയാണ് ഇവിടെ ജനാധിപത്യം ഉണ്ടായത്.

കേരളവർമ്മ കോളേജിലെ പ്രിൻസിപ്പാൾ ആയിരുന്ന പി.ശങ്കരൻ നമ്പ്യാർ എഴുതിയ പുസ്തകത്തിൽ ഇങ്ങനെ പറയുന്നുണ്ട് – “ഒരിക്കൽപോലും കേരളത്തിലെ ശൂദ്രൻ ‘ഞാൻ എന്ന് പറഞ്ഞിട്ടില്ല. അടിയൻ എന്നേ പറഞ്ഞിട്ടുള്ളൂ എന്ന്, ശൂദ്രൻ കഴിക്കുന്ന ചോറിൻറെ അരിയുടെ പേര് ‘കല്ലരി’ എന്നായിരുന്നു എന്ന്. ശൂദ്രന്റെ പോക്കറ്റിലെ കാശിന് ഉറുപ്പിക എന്ന് പറയാൻ പാടില്ല, ‘ചെമ്പ് തുട്ട്’ എന്നേ പറയാൻ പാടുള്ളൂ എന്ന്. കേരളത്തിലെ നായർ ഒരിക്കൽപോലും കുളിച്ചിട്ടില്ല ‘നനഞ്ഞിട്ടേ’യുള്ളൂ എന്ന്. കേരളത്തിലെ നായർ വിശ്രമിച്ചിട്ടില്ല ‘നടു നീർത്തി’ട്ടേയുള്ളൂ എന്ന്. ആ വാക്കുകൾ ഉപയോഗിക്കാൻ കഴിയാതിരുന്ന ഒരു കേരളം ഇവിടെ ഉണ്ടായിരുന്നു. നമുക്കിങ്ങനെ ഒരുമിച്ചിരിക്കാൻ പോലുമായത് ദേശീയപ്രസ്ഥാനത്തോടൊപ്പം ഉയർന്നുവന്ന നവോത്ഥാന സമരങ്ങളുടെ ഭാഗമായാണ്. അത് ഒരു തെറിവാക്കായി മാറിയ കാലത്താണ് നമ്മളുടെ തെറിയെക്കുറിച്ചുള്ള ചർച്ച കൂടുതൽ പ്രസക്തമാകുന്നത്.

മലയാളത്തിൽ മാത്രമല്ല സാക്ഷാൽ മാർപ്പാപ്പ ഇരിക്കുന്ന വത്തിക്കാനിൽ വരെ തെറി വിളിയുണ്ട്. ഇമോഷണൽ ഡിസ്ചാർജിനായി പാർശ്വവത്കരിക്കപ്പെട്ട വാക്കുകളാണ് തെറികൾ. അതും സംസ്കാരത്തിന്റെ ഭാഗമാണ്. സന്ദർഭവും സാഹചര്യവും അനുസരിച്ച് വിളിക്കണമെന്ന് മാത്രം. ഇവന്മാരെയൊക്കെ വിളിക്കാൻ ഇതിലും നല്ല വാക്കുകളില്ല. നിങ്ങളുടെ ഇമോഷണൽ ബാലൻസിനായി എതിർകക്ഷി കേൾക്കാതെ അമർഷത്തിൽ വിളിക്കപ്പെട്ടിട്ടുള്ള തെറികൾ അന്തരീക്ഷത്തിൽ മോക്ഷം കിട്ടാതെ അലയുന്നുണ്ടാവണം.!

ഇന്ത്യയിലെ തെറിവാക്കുകൾക്ക് രാഷ്ട്രീയവുമുണ്ട് ഒപ്പം ഒരു മതമുണ്ട്. നിങ്ങൾക്ക് ഇന്ത്യയിൽ ഒരു ക്രിസ്ത്യൻ തെറിയോ മുസ്ലിം തെറിയോ കണ്ടെത്താനാവില്ല. ഉദാഹരണത്തിന് ‘കഴുവേറിമക്കളേ’എന്നുള്ള അധിക്ഷേപപദത്തിന്റെ ഉദ്ഭവവും ഈ ജാതിഹിന്ദുഹിംസയിൽ നിന്നാണ്. ചില കത്തോലിക്കാ പുരോഹിതന്മാർ കഴുവേറിമകനെ എന്ന് വിളിക്കരുത്.അത് യേശുവിനെയാണ് ഉദ്ദേശിക്കുന്നത് എന്ന് പറയാറുണ്ട്. വാസ്തവത്തിൽ അത് തെറ്റാണ് ജൈന-ബുദ്ധ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച് ബ്രാഹ്മണ്യത്തിനു കീഴടങ്ങാതെ ജാതിക്കെതിരെ രക്തസാക്ഷികളായ ബൗദ്ധരായ അവർണരെയാണ് ജാതിഹിന്ദുക്കളായ സവർണർ തങ്ങൾ വിജയകരമായി നടത്തിയ വംശഹത്യാപരമായ മതഹിംസയെ സൂചിപ്പിക്കുന്ന ഈ ഓമനപ്പേരിട്ടുവിളിച്ചത്. പിന്നീട് ജാതി വ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ഹിന്ദു അധീശത്വത്തിൻകീഴിൽ സ്വന്തം ചരിത്രം പോലും മറക്കാനും ദമനം ചെയ്യാനും വിധിക്കപ്പെട്ട ബഹുജനങ്ങൾ ഈ തെറിവാക്കിന്റെ സൂചനയറിയാതെ തങ്ങൾക്കിടയിലും അതാവർത്തിച്ചു പോരുകയായിരുന്നു.

‘ആർത്തവലഹള’ക്കാലത്ത് സനാതനികളുടെ ‘കൂത്തച്ചി, പുലയാടിച്ചി’ വിളികൾക്ക് മറുപടി പറഞ്ഞു തന്നത് യൂണിവേസിറ്റികോളേജ് പ്രിൻസിപ്പാൾ ആയിരുന്ന കോവിഡ് കാലത്ത് നമ്മെ വിട്ടുപിരിഞ്ഞ സുന്ദരം സാർ ആയിരുന്നു. എൻറെ തിരുവന്തോരം ജീവിതത്തിനിടയിലും 21 വർഷത്തെ നാസ്തിക ജീവിതത്തിനിടയിലും പരിചയപ്പെട്ട മറക്കാനാവാത്ത രണ്ടാമത്തെ ധനുവച്ചപുരം കാരൻ… (ഒന്നാമത്തെയാളും പുലിയാണ്. ശബരിമലയിൽ ഒന്നിലധികം ജ്യോതി തെളിയിച്ചതിന് സനാതനികളും പോലീസും ചേർന്ന് തല്ലിചതച്ച ധനുവച്ചപുരം സുകുമാരൻ)

കേരളത്തിലെ കുലസ്ത്രീകൾ തെരുവിലിറങ്ങി മുഖ്യമന്ത്രിയെവരെ ‘ചോ കൂ… മോനെ’ എന്ന് വിളിച്ച ആർത്തവ ലഹളക്കാലത്ത്, കേരളത്തിലെ അവർണ (ഈഴവ / വിശ്വകർമ്മ / അരയർ) സമൂഹത്തിലെ സമ്പന്നരായവരെ വശീകരിച്ച് കൂത്തുപാള എടുപ്പിക്കാനും അവർണ പ്രമുഖരെ കുറുപ്പ്, പണിക്കർ, പിള്ള, മേനോൻ, നമ്പ്യാർ, ശാഖ്യാർ തുടങ്ങിയ സ്ഥാനപ്പേരുകളും പ്രത്യേക പദവികളും നൽകി അവരെ ശൂദ്ര ജാതിയിലേക്ക് ഉൾചേർക്കാനും സഹായിച്ചത് വൈശിക തന്ത്ര നിപുണകളായിരുന്ന കുട്ടത്തി, അച്ചി, തേവി, കൂത്തച്ചി, തേവിടിശ്ശി, പൊലിയാടിച്ചി {അതാണ് പരിവർത്തിച്ച് ദളിത് വിരുദ്ധമാവാക്കായത്.) ആത്തച്ചി, തങ്കച്ചി, അമ്മ… തുടങ്ങിയ ബഹുമാന്യ നാമങ്ങളിൽ പണ്ട് അറിയപ്പെട്ടിരുന്ന ഇത്തരം വേശ്യ വൃത്തിയുടെ പ്രഫഷണലുകളുടെ നൈപുണ്യം ബ്രാഹ്മണ മന്ത്രവാദികളും പുരോഹിതരും ഉപയോഗിച്ചിരുന്നു എന്ന ചരിത്ര വസ്തുത വ്യക്തമാക്കി തന്നത് സുന്ദരംപിള്ള സാർ ആണ്.

പുരാതന ഇന്ത്യയിൽ സവർണ ഹിന്ദു മതത്തിന്റെ വ്യാപനത്തിനായും, ബുദ്ധമത നിർമ്മൂലനത്തിനായും ശൂദ്ര സ്ത്രീകളെ വേശ്യവൃത്തി അഭ്യസിപ്പിക്കുന്നതിനായി ‘കുട്ടനീ മതം’ എന്ന അഭിസാരികകളുടെ സംസ്കൃത ഭാഷയിലുള്ള ശാസ്ത്ര ഗ്രന്ഥം എട്ടാം നൂറ്റാണ്ടിലാണ് എഴുതപ്പെടുന്നത്. കാശ്മീർ രാജാവിന്റെ പ്രധാനമന്ത്രിയായ ഒരു ബ്രാഹ്മണനാണ് ഈ കൃതിയുടെ കർത്താവ്.

മുതിർന്ന വേശ്യ തന്റെ ഇളം തലമുറക്കാരിയായ യുവതിയെ/ കൗമാരക്കാരിയെ തങ്ങളുടെ കുലധർമ്മമായ വേശ്യാവൃത്തിയുടെ വിവിധ വശങ്ങളെക്കുറിച്ച് പഠിപ്പിച്ചു കൊടുക്കുന്ന വിധം തയ്യാറാക്കിയിട്ടുള്ള ഈ കാവ്യങ്ങൾ ബ്രാഹ്മണരെ വേശ്യകളുടെ പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കാനായുള്ള തിരിച്ചറിവിനായി ബ്രാഹ്മണരാൽ രചിക്കപ്പെട്ടതാണെന്ന അവകാശവാദം നടത്തി, വേശ്യാവൃത്തി പ്രചരിപ്പിക്കുന്നതിന്റെ കുറ്റബോധത്തിൽ നിന്നും, ബ്രാഹ്മണ്യ പൗരോഹിത്യത്തെ രക്ഷപ്പെടുത്തുന്ന തന്ത്രവും ഈ ഗ്രന്ഥങ്ങളിൽ കാണാം.

വാത്സ്യായനന്റെ കാമസൂത്രത്തിനു ശേഷം എട്ടാം നൂറ്റാണ്ടിൽ കാശ്മീർ രാജാവിന്റെ ബ്രാഹ്മണനായ പ്രധാനമന്ത്രിയായിരുന്ന ദാമോദര ഗുപ്തനാണ് ആദ്യത്തെ വൈശികതന്ത്ര കർത്താവായി അറിയപ്പെടുന്നത്. ‘കുട്ടനീ മതം’ എന്നാണ് ആ സംസ്കൃത വൈശിക ഗ്രന്ഥത്തിന്റെ പേര്. അതുപോലെ കല്യാണമല്ലന്റെ ‘അനംഗ രാഗവും’, ക്ഷേമേന്ദ്രന്റെ ‘സമയ മാതൃകയും ‘ അക്കാലത്ത് സമ്പന്നരായ വേശ്യകൾക്ക് ഇഷ്ടപ്പെട്ട സംസ്കൃത ഭാഷയിലുള്ള വൈശിക തന്ത്രഗ്രന്ഥങ്ങളായിരുന്നത്രേ!

മന്ത്രവാദികളായ ബ്രാഹ്മണ പൗരോഹിത്യ കൂട്ടായ്മ എങ്ങനെയാണ് ഇന്ത്യയിൽ ശക്തമായ ധാർമ്മികതയായി നിറഞ്ഞു നിന്ന ബുദ്ധ ധർമ്മത്തെപ്പോലും ജീർണ്ണിപ്പിച്ച് ജാതീയ അടിമത്വ സാമൂഹ്യ വ്യവസ്ഥിതി സ്ഥാപിച്ചത് എന്ന് അറിയണമെങ്കിൽ അതിനായി ബ്രഹ്മണ പൗരോഹിത്യം അപനിർമ്മിച്ച പുരാണേതിഹാസങ്ങളും തന്ത്രവിദ്യകളും വിമർശനാത്മകമായി പഠിക്കുക തന്നെ വേണം. വൈശിക തന്ത്രം പഠനവും വ്യാഖ്യാനവും സഹിതം പ്രൊഫ. സുന്ദരം ധനുവച്ചപുരം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസി ബുക്സ് ആണ് പ്രസാധകർ.

‘അതുപോലെ തെറിപറയാൻ എൻറെ സംസ്കാരം അനുവദിക്കുന്നില്ലെന്ന’ പ്രയോഗവും നമ്മൾ കേൾക്കാറുണ്ട്. ഭാഷയും സംസ്കാരവുമൊക്കെ എന്താണ് എന്നാണ് ഇവർ ധരിച്ചിട്ടുള്ളത് എന്നറിയില്ല? മനുഷ്യൻറെ ഏറ്റവുംവലിയ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ഭാഷ. സസ്കൃതവല്കരണത്തോടെ ഭ്രഷ്ട് കൽപ്പിക്കപ്പെട്ട പച്ച മലയാളം വാക്കുകളെയാണ് സംസ്കാരസമ്പന്നർ എന്നുപറയുന്നവർ തെറിവാക്കുകളായി വിവക്ഷിക്കുന്നത്. ഭാഷ ഒരു യുദ്ധോപകരണം കൂടിയാണ്, തെറിവാക്കുകളുടെ കാര്യത്തിൽ മാത്രമല്ല എല്ലാ അർത്ഥത്തിലും. അതുകൊണ്ടുകൂടിയാണ് ഇതൊന്നും അറിഞ്ഞിട്ടല്ലെങ്കിലും അവർ തെറിവിളിക്കാൻ വരുന്നത്. അവരെ അതേ നാണയത്തിൽ തിരിച്ചടിക്കുന്നതും ഒരു ആചാരലംഘനമാണ്.

സ്ത്രീകളുടെ വാളുകളിൽ വന്നു തെറിവിളിക്കുന്നവർ ലഗൂൺകുരങ്ങുകളുടെ മാനസീകാവസ്ഥയായുള്ളവരാണ്. നാലോ അഞ്ചോ പേരടങ്ങുന്ന ചെറുകൂട്ടങ്ങളായി കഴിയുന്ന ലഗൂൺ കുരങ്ങുകൾ ആ കൂട്ടത്തിനിടയിൽ തങ്ങളുടെ ഐഡന്റിറ്റിപ്രൂവ് ചെയ്യാനുള്ള പലപല തത്രപ്പാടുകളും കോമാളിത്തരങ്ങളും ഒക്കെ കാണിക്കും, ഇത് മിക്കവാറും എല്ലാ മനുഷ്യനിലും ഉണ്ട്. അത് പലരീതിയിലാണെന്നുമാത്രം. അവർ അവരുടെ ചെറുകൂട്ടക്കാർക്കിടയിൽ കേമനാകാനായി സ്ത്രീകളുടെ വാളിൽ തെറിവിളിച്ച് ആളുകളിക്കാനാണ് വരുന്നത്, ആ മനോഭാവമുള്ളവരോട് ഫെമിനിസമോ പൊളിറ്റിക്കൽ കറക്റ്റ്‌നസോ പറഞ്ഞിട്ടൊകര്യമില്ല, അതേ നാണയത്തിൽ തിരിച്ചടിക്കുകയും അവനെയും അവൻറെ വീട്ടിലുള്ളവരെയും തിരിച്ചും അപമാനിക്കുക എന്നതാണ് ഏകമാർഗം.

അതുപോലെ സംസ്കരിച്ചെടുത്തതിനാണ് ‘സാംസ്കാരികം’ എന്നു പറയുന്നത് മനുഷ്യന്റെ ജനനം മുതൽ അവസാനത്തെ സംസ്കാരമായ ശവസംസ്‌കാരം വരെ അവൻ അവൻറെ ജീവിതസാഹചര്യങ്ങളിൽനിന്നും ചുറ്റുപാടുകളിൽനിന്നും വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യബന്ധങ്ങളിലൂടെയും എല്ലാം ആർജ്ജിച്ചെടുത്താതാണ് സംസ്കാരം. അല്ലാതെ സിന്ധുവിന്റെ തീരത്തുണ്ടായിരുന്ന സനാതന ആർഷഭാരത സാധനമോ നൈലിന്റെ തീരത്തുണ്ടായിരുന്നതോ മാത്രമല്ല, സംസ്കൃത വൽക്കരണത്തിലൂടെയും ഭക്തിപ്രസ്ഥാനത്തിലൂടെയുമൊക്കെ വരേണ്യസംസ്കാരമാണ് സംസ്കാരം എന്ന് നമുക്കിടയിൽ രൂഢമൂലമായ കാഴ്ചപ്പാടുകളുടെയും കുഴപ്പമാണ്.

നവോത്ഥാന കാലഘട്ടത്തിലെ സാഹിത്യകൃതികളും ഭാഷയും ഒന്നുകൂടി പഠിക്കാൻ ശ്രമിച്ചാൽ ആശയതലത്തിൽ മാത്രമല്ല ഭാഷയുടെ വരേണ്യവത്കരണത്തിന് എതിരെയും അവർ ഇടപെടൽ നടത്തിയിരുന്നതായി കാണാം, ഭാഷയിലും സവർണ്ണ അവർണ്ണ ഭേദമുണ്ട്, അത് വൈക്കം മുഹമ്മദ് ബഷീർ ഭാഷയുടെ വരേണ്യവത്കരണത്തെക്കുറിച്ചെഴുതിയ ഒരുലേഖനത്തിൽ പറയുന്നുണ്ട്. ആശാൻ നയനവും അക്ഷിയുമൊക്കെ മാറ്റിവെച്ച് കണ്ണിനെ കണ്ണായി അവതരിപ്പിച്ചതും “കണ്ണേ, മടങ്ങുക കരഞ്ഞും അലിഞ്ഞും ….” എന്ന് പ്രയോഗിച്ചതും ബഷീർ നിതംബത്തെ കുണ്ടിയെന്നു തന്നെ എഴുതിയതും (ക എഴുതി കുനിപ്പിട്ട് ണ്ട എഴുതി വള്ളിയിടുന്നതാണ് കുണ്ടി എന്നദ്ദേഹം ഭാഷയിലെ സദാചാരവാദികൾക്ക് വലിയൊരു ലേഖനമെഴുതിതന്നെ വിശദീകരണവും നൽകിയിട്ടുണ്ട്, അശ്ലീലം അക്ഷരങ്ങളിലോ ആ അവയവത്തിലോ അല്ല ഈ കപടസദാചാര വാദികളുടെ മനസിലാണ് എന്ന്.

ബഷീർ സ്തനത്തെ മുല എന്ന് എഴുതിയതും ‘ഭിർ’ എന്നൊരു കഥയെഴുതിയതും ശകുന്തളയുടെ പാകമാകാത്ത മോതിരം ഊരിപ്പോകുന്നതിനേക്കാൾ തീക്ഷണമായ അനുഭവമാണ് വിശപ്പ് എന്ന് ബോധ്യപ്പെടുത്താനായി ‘വിശപ്പ്’ എന്ന കഥയെഴുതിയതും ബോധപൂർവമാണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. പിന്നീട്, ഒ വിവിജയൻറെ ധർമ്മപുരാണം തുടങ്ങുന്നത് തന്നെ ‘പ്രജാപതിക്ക് തൂറാൻ മുട്ടി’ എന്നുപറഞ്ഞുകൊണ്ടാണ്. കൂടാതെ ” തീട്ടം” എന്നപേരിൽത്തന്നെ അദ്ദേഹം ഒരു കഥയെഴുതി നമ്മളെപ്പോലുള്ള തീറ്റിക്കാർക്ക് നേരെ വലിച്ചെറിഞ്ഞിട്ടുണ്ട്.

അതുകൊണ്ട് സംസ്കാരം എന്നവാക്ക് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുമ്പോൾ മനസിൽ വരേണ്യസംസ്കാരമാണ് സംസ്കാരമെന്ന് ധരിക്കാതിരിക്കുക! മുൻപ് സൂചിപ്പിച്ചതുപോലെ ഭാഷ ഒരു യുദ്ധോപകരണമാണ്‌, ഭാഷാപരമായ ഈ അതിക്രമം സോഷ്യൽമീഡിയ വന്നപ്പോൾ തുടങ്ങിയതല്ല. ഇന്ന് ജാതീയവും വംശീയവും ലിംഗപരവുമായ അധിക്ഷേപമാണ്. ഇത്തരം പദാവലികളെങ്കിലും പുതിയ സാമൂഹിക രാഷ്ട്രീയ പരിസരത്ത് നിന്നുകൊണ്ട് വിശകലനം ചെയ്യാൻ മാധ്യമങ്ങളോ എഴുത്തുകാരോ തയ്യാറാകാത്തിരിക്കുന്നിടത്തോളം ഒന്നുകിൽ മൃദുലയും ഞാനുമൊക്കെ ചെയ്യുമ്പോലെ അതേ നാണയത്തിൽ തരിച്ചടിക്കുക. അതല്ലെങ്കിൽ മൈൻഡ്‌ ചെയ്യാതിരുന്നെക്കുക! എല്ലാവരുടെയും സംസ്കാര സർട്ടിഫിക്കറ്റ് വാങ്ങി പഞ്ചായത്തിലേക്കോ പാര്ലമെന്റിലേക്കോ മത്സരിക്കാനൊന്നും ഞാനൊന്നും തീരുമാനിച്ചിട്ടുമില്ല.

ഇത്തരം വാക്കുകളെ ഹീനം എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നതെന്തെന്ന് (ഉദാഹരണത്തിന് ഹീനജാതിക്കാർ ഹീനമായ പദങ്ങൾ… ഇതിലെ ഹീനം എന്തെന്ന്) അംബേദ്കർ ‘തൊട്ടുകൂടാത്തവർ’ (untouchables) എന്ന തൻറെ രചനയിൽ വിശദീകരിച്ചിട്ടുണ്ട്. ബുദ്ധ പാരമ്പര്യം തുടർന്നുകൊണ്ട് ജാതിക്കും ബ്രാഹ്മണ പൗരോഹിത്യ ആൺകോയ്മക്കും വഴങ്ങാതിരുന്നതിന്റെ ശിക്ഷയായാണ് ഈ തൊട്ടുകൂടായ്മ ബ്രാഹ്മണ്യം അവർണരുടെ മേൽ അടിച്ചേൽപിച്ചത്. ഹീനരെന്നും ശൂന്യരെന്നും അവർണരെ അധിക്ഷേപിച്ചത് അവർ ഹീനയാനക്കാരും (തേരാവാദം) ദൈവഹീനർ, വേദഹീനർ എന്നയർഥത്തിൽ ബ്രാഹ്മണിസം തേരാവാദത്തെ അധിക്ഷേപിച്ച പദമാണ് ‘ഹീനയാനം’. നിരീശ്വര വാദികളായ വേദങ്ങളെ അംഗീകരിക്കാത്ത ബൗദ്ധരായതിനാലാണ്. ഇന്നും മലയാളത്തിലെ കൂടിയ അധിക്ഷേപ വാക്കുകളെയെല്ലാം കോമണായി ഹീനമയത് എന്ന് പ്രയോഗിക്കുന്നത്. ചരിത്രമറിയാത്തതുകൊണ്ട് നമ്മളിൽ പലരും അത് ഏറ്റുചൊല്ലുന്നതും.

തെണ്ടി, ചെറ്റ, തോട്ടി, പുലയാടി, കഴുവേറി തുടങ്ങിയവ തിരസ്‌കരിക്കപ്പെട്ടുപോയ കീഴാള ജീവിതങ്ങളെയും അവരുടെ തൊഴിലുകളെയും ജീവിത പരിസരങ്ങളെയും കേവലം തെറി പ്രയോഗങ്ങളാക്കി മാറ്റിയ സവര്‍ണ തിരസ്‌കാരത്തിന്റെ വേരുകളെ അടിയോടെ പിഴുതെറിയാന്‍ ശ്രമിക്കേണ്ടതുണ്ട്. സ്വന്തം സംസ്കാരം ശ്രേഷ്ഠമെന്ന് പ്രഖ്യാപിക്കാനുള്ള എളുപ്പവഴി മറ്റുള്ളവരുടെ സംസ്കാരം മോശമെന്ന് സ്ഥാപിക്കലാണ്.

‘ചന്തപ്പിള്ളേരുടെ സംസ്കാരം’,’മുക്കു വരടെ സംസ്‌കാരം’,’വേശ്യയുടെ സംസ്കാരം’, ‘തോട്ടിപ്പണിക്കാരന്റെ സംസ്കാരം’എന്നൊക്കെ വിളിച്ച് മറ്റുള്ളവരെ അങ്ങു ഇകഴ്ത്തും. എന്നാലോ ആവശ്യം വന്നാൽ അപ്പോ അവരുടെ സഹായം തേടും. സ്വന്തം കാര്യം നടത്തും. കേരളത്തിൻറെ സൈന്യം വരെ ആക്കും. പിന്നെയും വന്ന് അവരുടെ സംസ്കാരത്തെ പുശ്ചിക്കും. അവർ സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തിൽ അവർ ചെയ്യുന്ന ജോലികളോ ജാതിയോ നിങ്ങളെക്കാളും മോശമെന്ന് കരുതുവാൻ നിങ്ങൾക്കെന്താണ് അവകാശം’? അവരു വളരുന്നതും ജീവിക്കുന്നതുമായ സാഹചര്യങ്ങളിലൂടെ രൂപപ്പെട്ടു വരുന്നതാണത് അവരുടെ സംസ്കാരം . നിങ്ങൾക്ക് മോശമായി തോന്നുന്നതെല്ലാം പൂർണ്ണമായും മോശമാണെന്ന് നിങ്ങൾ സ്ഥാപിക്കുന്നതെന്തിന്?

വേശ്യയുടെ സംസ്കാരം എന്ന് വിളിച്ചു കാണാറുണ്ട്. വേശ്യ ഇടപാടുകാരനോട്” മകനെ ഇത്രയും നേരം നീ ഗണികാ ഗൃഹം സന്ദർശിച്ചതിന്റെയും ഞാൻ നിന്നെ ആനന്ദലബ്ദിയിൽ ആറാടിച്ചതിന്റെയും പ്രതിഫലം നൽകി മടങ്ങിയാലും“ എന്ന് പറഞ്ഞാൽ കാശ് കിട്ടുമോ?
വെച്ചിട്ടു പോടാ ———– മോനെ കാശ് എന്നു തന്നെ പറയണം. കാരണം അവരെ സമീപിക്കുന്ന ഇടപാടുകാര് നിങ്ങളുടെ അത്ര സോഫ്റ്റ് ഹൃദയമുള്ളവരാവണമെന്നില്ല.

അശ്ലീല യൂട്യൂബർ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മിയും ദിയാസനയും ചേർന്ന് കൈകാര്യം ചെയ്തത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായപ്പോൾ സ്ത്രീകൾ തെറിപറഞ്ഞത് മോശമായിപ്പോയെന്ന് പറഞ്ഞവരോട് ദേഷ്യം വരുമ്പോൾ പിന്നെ ‘ വത്സ സൗമിത്രേ കുമാരാ മനോഹരാ.. ‘ ന്ന് പാടി ദേഷ്യം തീര്‍ക്കാനൊന്നും എല്ലാവര്‍ക്കും പറ്റില്ല. എന്നും കിളിപ്പാട്ടല്ല, തെറിപ്പാട്ടേ വരൂ”.എന്നും ദീപ ടീച്ചറും പറഞ്ഞത് ഇതേകുറിച്ചാണ്. തെറിച്ചു പോകുന്നതാണ് തെറി. അവരുടെ അമര്‍ഷം, സങ്കടം ഒക്കെ അതിലൂടെ പുറത്തുചാടും.

കള്ള് ഷാപ്പിലെ വിൽപ്പനക്കാരൻ “മകനെ, സോമലത നുകർന്നതിന്റെ പണം തന്നാലും” എന്ന് ആവശ്യപ്പെടുന്നതായി നോവലിൽ എഴുതി വെക്കാം. പക്ഷെ അവിടുള്ള സംസ്കാരം അതല്ല. അത് കള്ള് ഷാപ്പിലെ വിൽപ്പനക്കാരൻ ഉണ്ടാക്കിയതല്ല രൂപപ്പെട്ട് വന്നവയാണ്.

പോലീസിൽ വിദ്യാഭ്യാസമുള്ളവർ വന്നു. തെറി വിളിക്കുന്ന സ്വഭാവം കുറെ മാറി. പക്ഷെ മുഴു വൻ മാറിയോ? മാറിയില്ല. എന്നു വെച്ച് അത് മോശം സംസ്കാരമെന്ന് മാറ്റി നിർത്താനാവുമോ?

സദാചാരത്തിന്‍റെ കത്രികച്ചുണ്ടുകള്‍ക്കും അസഹിഷ്ണുതയുടെ അഗ്നിക്കും നശിപ്പിക്കാനാകാത്ത അക്ഷരങ്ങള്‍ കലാലയങ്ങളില്‍ ഇനിയും ഉടലെടുക്കുക തന്നെ ചെയ്യും എന്നതിൻറെ തെളിവാണ് ” തെറി” എന്ന പേരിൽ തന്നെ ഒരു കോളേജ് മാഗസീൻ ഇറങ്ങാനും കാരണം ….

വാക്കുകളുടെ ഇരുണ്ട കോണുകളിലേക്ക് വലിച്ചെറിയപ്പെട്ട കീഴാളനും സ്ത്രീയും വിമോചിതരാകുന്ന കാലം വിദൂരമല്ല.