Mon. Nov 23rd, 2026

കോട്ടയം: പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർത്ഥി ആക്കിയതിൽ നീരസം പ്രകടിപ്പിച്ച് പിസി ജോർജ്. താൻ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും, മണ്ഡലത്തിൽ ആര്‍ക്കും പരിചിതനല്ലാത്ത അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടി വരുമെന്നും പി സി ജോർജ് പറഞ്ഞു. അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്‌നം. എ.കെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെയെന്നും പി സി ജോർജ് പ്രതികരിച്ചു.

ബി ജെ പി തനിക്ക് വേണ്ട ബഹുമാനവും ആദരവും തരുന്നുണ്ട്. വരും കാലത്തും തന്നോട് മാന്യമായി പെരുമാറുമെന്നുറപ്പാണെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പി സി ജോർജ് പ്രതികരിച്ചു. പത്തനംതിട്ടയിൽ പി സി ജോർജ് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അപ്രതീക്ഷിതമായി ആയിരുന്നു അനില്‍ ആന്റണിയുടെ പേര് പ്രഖ്യാപിച്ചത്. അടുത്തിടെയാണ് പി സി ജോർജ് ബിജെപിയിൽ ചേർന്നത്.

‘പത്തനംതിട്ടയില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായി വരരുതെന്ന് ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനുമാണ്. തുഷാര്‍ വെള്ളാപ്പള്ളിയും ആഗ്രഹിച്ചിരുന്നു. എനിക്ക് സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ പി സി ജോര്‍ജിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് എന്‍ഡിഎ നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. അത് നേതൃത്വത്തെ അറിയിച്ചിരുന്നു. അവരൊക്കെ പറഞ്ഞപ്പോള്‍ സ്ഥാനാര്‍ത്ഥിയായാല്‍ എന്താ കുഴപ്പമെന്ന് ഞാനും ആഗ്രഹിച്ചു. സന്തോഷം മാത്രമാണ്.’ എന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.