Sat. Nov 7th, 2026

കോട്ടയം: ഇന്നലെ അന്തരിച്ച കോട്ടയം ജില്ലയിലെ പ്രമുഖ യുക്തിവാദികളായ കറുകച്ചാൽ ചമ്പക്കര സുരേഷ് കുമാറിന്റെയും സന്തോഷ് കുമാറിന്റെയും അമ്മയും മുതിർന്ന യുക്തിവാദി രവീന്ദ്രന്റെ സഹോദരിയുമായ അമ്മിണിയുടെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി കോട്ടയം മെഡിക്കൽ കോളേജിന് നൽകി.

വാർദ്ധക്യ സഹജമായ അസുഖങ്ങൾമൂലം ഇന്നലെ പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജിൽ അന്തരിച്ച അമ്മിണിയുടെ. കണ്ണുകൾ മെഡിക്കൽ കോളേജിന് നൽകിയശേഷം മൃതദേഹം ചമ്പക്കര കറുകച്ചാലിലുള്ള സുരേഷിന്റെ വീട്ടിൽ എത്തിച്ചു പൊതു ദർശനത്തിനു വെച്ചു. പിന്നീട് ഉച്ച കഴിഞ്ഞ് 3 മണിക്ക് ശരീരം കോട്ടയം മെഡിക്കൽ കോളേജിന് വിട്ടു നൽകുകയായിരുന്നു.

മക്കളായ സുരേഷ് കുമാർ കേരളയുക്തിവാദി സംഘത്തിൻറെ മുൻ കോട്ടയം ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായിരുന്നു. നിലവിൽ സെക്യുലർ കൾച്ചറൽ സൊസൈറ്റി പ്രവർത്തകൻ ആണ്. സന്തോഷ് കുമാറും കേരളയുക്തിവാദി സംഘത്തിൻറെ സജീവ പ്രവർത്തകനാണ്. കേരളത്തിലെ ആദ്യകാല യുക്തിവാദികളിൽ ഒരാളായ രവീന്ദ്രന്റെ സഹോദരിയാണ് പരേത. സുരേഷ് കുമാറിൻറെ ജീവിത പങ്കാളി ഷൈബിയുടെ മാതാപിതാക്കളായ ടി സി യോഹന്നാനും ടിജെ കുഞ്ഞമ്മയും മുതിർന്ന യുക്തിവാദികളാണ്. ടി സി യോഹന്നാൻ ജോസഫ് ഇടമറുകിനൊപ്പം പ്രവർത്തിച്ചിരുന്നയാളാണ്. ഇപ്പോൾ കേരളാ യുക്തിവാദി സംഘത്തിൻറെ സജീവ പ്രവർത്തകനാണ്. മതാതീത ജീവിതത്തിന്റെ മാതൃകയായ കുടുംബമാണ് ഇവരുടേത്. 

ഭർത്താവ്: അന്തരിച്ച പരമേശ്വരൻ. മക്കൾ: സന്തോഷ് കുമാർ, സുരേഷ് കുമാർ, സുധ.
മരുമക്കൾ: ഗീത, ആധുനി (ഷൈബി), മുരളി.