Sat. Apr 20th, 2024

ആലപ്പുഴ: ചേര്‍ത്തലയില്‍ ഭര്‍ത്താവ് നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. ചേര്‍ത്തല വെട്ടക്കല്‍ വലിയ വീട്ടില്‍ ആരതിയാണ്(32) മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഭര്‍ത്താവ് കടക്കരപ്പള്ളി വട്ടക്കര ശ്യാം ജി ചന്ദ്രന്‍ ഭാര്യയെ ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ആതിര മരിച്ചത്.

സംഭവത്തില്‍ അക്രമം നടത്തിയ ഭര്‍ത്താവ് ശ്യാം ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബവഴക്കാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്താണു സംഭവം നടന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയാണ് ആരതി.

പ്രതി ശ്യാം ജി ചന്ദ്രനെതിരെ ഗാർഹികപീഡനത്തിന് കേസുണ്ടായിരുന്നു. കോടതിയിൽ നിന്ന് യുവതിക്ക് സംരക്ഷണ ഉത്തരവുമുണ്ടായിരുന്നു. നിരന്തര ഭീഷണിയെത്തുടർന്ന് വീണ്ടും പൊലീസിൽ പരാതി നൽകിയിരുന്നു. അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി ഇന്ന് ആക്രമണം നടത്തിയത്.