Fri. Mar 1st, 2024

വയനാട്: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷ്(47)ന്റെ മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. രാത്രി ഒമ്പതരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നാളെ എടമല സെന്റ് അല്‍ഫോന്‍സ് പളളിയില്‍ ഉച്ചയക്ക് ശേഷം മൂന്നിനാണ് സംസ്‌കാരം.

അതേ സമയം, ആനയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ പ്രദേശത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകള്‍ മൃതദ്ദേഹം കാണാനായി എത്തുമ്പോള്‍ അതീവ ശ്രദ്ധവേണമെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ അജീഷ് കൊല്ലപ്പെട്ടത്. ആനയെ കണ്ട് അജീഷ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്.