Sun. Feb 25th, 2024

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ തകര്‍ക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് 150 കോടിരൂപ കൈക്കൂലി ലഭിച്ചതായി പി വി അന്‍വര്‍ എം എല്‍ എ നിയമസഭയില്‍ ആരോപിച്ചു. കര്‍ണാടകയിലെ ഐ ടി ലോബിക്ക് വേണ്ടിയാണു സതീശന്‍ കെ റെയിലിനെ എതിര്‍ത്തതെന്നും പി വി അന്‍വര്‍ ആരോപിച്ചു.

പ്രതിപക്ഷ നേതാവ് കൈക്കൂലിപ്പണം കര്‍ണാടകയില്‍ നിക്ഷേപിച്ചു. പണം ശീതീകരിച്ച മത്സ്യബന്ധന ലോറികളി ലും ആംബുലന്‍സുകളിലുമായാണു കൈമാറിയത്. മാപ്പര്‍ഹിക്കാത്ത കൊടും പാപമാണ് വി ഡി സതീശന്‍ ചെയ്തത്.



കെ സി വേണുഗോപാലുമായി ഇവര്‍ ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി സ്ഥാനമാണ് വി ഡി സതീശന് ഓഫര്‍ ചെയ്തതെന്നും അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചു. കെ റെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചന നടന്നു. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം കെ റെയിലിന് എതിരെ സമരത്തിന് ഇറങ്ങിയെന്നും പി വി അന്‍വര്‍ ആരോപണം ഉന്നയിച്ചു.

പ്രതിപക്ഷ നേതാവിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും സതീശന്‍ അഹങ്കാരിയും അഭിനേതാവുമാണെന്നും അന്‍വര്‍ പറഞ്ഞു. നാട് നശിക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ എസ് എസിനൊപ്പമാണ് പ്രതിപക്ഷം. പ്രതിപക്ഷം എല്ലാ വികസനത്തിനും പാര വയ്ക്കുകയാണെന്നും കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ടത് തരാതിരിക്കുന്നത് ശരിയാണെന്ന് പ്രതിപക്ഷം ആവര്‍ത്തിക്കുന്നതായും പി വി അന്‍വര്‍ വ്യക്തമാക്കി.