Wed. Feb 21st, 2024

നെതര്‍ലന്‍ഡ്‌: നെതര്‍ലന്‍ഡ്‌സില്‍ അടുത്തിടെ സമാപിച്ച ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്‌സ് ചെസ് ടൂര്‍ണമെന്റില്‍ കാണികളില്‍ നിന്ന് ലിംഗവിവേചനം നേരിട്ടതായി ഇന്ത്യന്‍ മാസ്റ്റര്‍ ദിവ്യ ദേശ്മുഖ്. തന്റെ മുടി, വസ്ത്രം, ഉച്ചാരണം തുടങ്ങിയ അപ്രസക്തമായ കാര്യങ്ങലാണ് അവര്‍ ശ്രദ്ധിക്കുന്നത്. ടൂര്‍ണമെന്റില്‍ താന്‍ പുലര്‍ത്തിയ മികവിനെ ആരും കാര്യമാക്കിയില്ല. കായിക രംഗത്ത് അര്‍ഹിക്കുന്ന അംഗീകാരം വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയ 18 കാരി ആരോപിച്ചു.

‘കാണികള്‍ എന്റെ ഗെയിം ഒഴികെ ബാക്കിയെല്ലാം ശ്രദ്ധിച്ചു. എന്റെ വസ്ത്രങ്ങള്‍, മുടി, ഉച്ചാരണം, തുടങ്ങി ലോകത്തിലെ അപ്രസക്തമായ മുഴുവന്‍ കാര്യങ്ങളാണ് അവര്‍ ശ്രദ്ധിച്ചത്. ഇത് കേട്ട് അസ്വസ്ഥത തോന്നി. സ്ത്രീകള്‍ ചെസ്സ് കളിക്കുമ്പോള്‍ അവരുടെ സൗന്ദര്യവും മറ്റും ആസ്വദിക്കുകയും അവരുടെ കഴിവും ശക്തിയും അവഗണിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഒരു സങ്കടകരമായ സത്യമാണ്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഗെയിം ശ്രദ്ധിക്കുന്നത്’- ദിവ്യ ദേശ്മുഖ് വ്യക്തമാക്കി. 13-ാം റൗണ്ടില്‍ 4.5 എന്ന സ്‌കോറോടെ ലിയോണ്‍ ലൂക്ക് മെന്‍ഡോങ്കയോട് പരാജയപ്പെട്ട് ചലഞ്ചേഴ്‌സ് വിഭാഗത്തില്‍ 12-ാം സ്ഥാനത്താണ് ദേശ്മുഖ് ഫിനിഷ് ചെയ്തത്.



ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദിവ്യ ദേശ്മുഖ് കാണികളുടെ ലിംഗവിവേചനത്തെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും തുറന്നടിച്ചത്. ‘പൊതുസമൂഹത്തിന് മുന്നില്‍ ഈ വിഷയം ഉന്നയിക്കണമെന്ന് ഉണ്ടായിരുന്നു. ടൂര്‍ണമെന്റ് അവസാനിക്കാന്‍ വേണ്ടിയാണ് കാത്തിരുന്നത്. വനിതാ താരങ്ങളോടുള്ള കാണികളുടെ മോശം പെരുമാറ്റം ഏറെയായി ശ്രദ്ധിക്കാറുണ്ട്, കൂടാതെ പലരും ഇതേപ്പറ്റി പറഞ്ഞിരുന്നു. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താനായതില്‍ അഭിമാനമുണ്ട്. പക്ഷേ തന്നെ വേദനിപ്പിച്ചത് കാണികളുടെ പെരുമാറ്റമാണ്’-ദിവ്യ ദേശ്മുഖ് കുറിച്ചു.