Sat. Mar 2nd, 2024

തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മൂന്ന് പ്രതികള്‍ക്കും 90 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രതികളായ സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവരെയാണ് ശിക്ഷിച്ചത്. തടവ് ശിക്ഷക്ക് പുറമെ പ്രതികള്‍ നാല്‍പ്പതിനായിരം രൂപ വീതം പിഴയൊടുക്കണം. പിഴ സംഖ്യ പീഡനത്തിന് ഇരയായ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ആകെ ആറുപ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയായ നാലുപേരുടെ വിചാരണയാണ് പൂര്‍ത്തിയായത്. തെളിവുകളുടെ അഭാവത്തില്‍ ഒരാളെ കോടതി വെറുതെ വിട്ടു.2022 മെയ് 29നാണ് പശ്ചിമബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. രാജകുമാരി ഖജനാപ്പാറയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മകളാണ് ക്രൂരപീഡനത്തിന് ഇരയായത്.സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരിക്കുമ്പോള്‍ ആറംഗ സംഘമെത്തി പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് മുന്‍പും കുട്ടി പീഡനത്തിന് ഇരയായതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.