Wed. Feb 21st, 2024

കൊച്ചി: പ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചു. 84 വയസായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. നമ്പൂതിരി സമുദായത്തിലെ സ്ത്രീ ജിവിതങ്ങളെപ്പറ്റിയും ഇന്ത്യന്‍ മിതോളജി കേന്ദ്രീകരിച്ച് കുട്ടികള്‍ക്കായി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. യജ്ഞം, അഗ്‌നിഹോത്രം, പറയി പെറ്റ പന്തിരുകുലം എന്നിവയാണ് പ്രധാന കൃതികള്‍. സമഗ്ര സംഭാവനകള്‍ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വാണിയമ്പലത്ത് വെള്ളക്കാട്ടുമനയില്‍ വി എം സി നാരായണന്‍ ഭട്ടത്തിപ്പാടിന്റെയും ഗൗരി അന്തര്‍ജനത്തിന്റെയും മകളായി 1940 മെയ് ഒന്നിനാണ് ശ്രീദേവി ജനിച്ചത്. മൂന്നാം തലമുറ, യജ്ഞം, ചാണക്കല്ല്, മുഖത്തോട് മുഖം, തിരിയുഴിച്ചില്‍, മൂന്നാം തലമുറ, ദാശരഥം, അഗ്‌നിഹോത്രം, ബോധിസത്വന്‍ തുടങ്ങിയവയാണ് ശ്രീദേവി രചിച്ച നോവലുകള്‍.കുട്ടിത്തിരുമേനി, കൃഷ്ണാവതാരം, പടുമുള തുടങ്ങിയ ചെറുകഥകളും കുറൂരമ്മ (നാടകം), പിന്നെയും പാടുന്ന കിളി (ബാലസാഹിത്യം), നിറമാല ( തിരക്കഥ) തുടങ്ങിയവ ശ്രീദേവിയുടെ കൃതികളാണ്.

നിറമാലയ്ക്ക് 1975 ല്‍ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1974-ല്‍ പുറത്തിറങ്ങിയ ‘യജ്ഞം’ നോവല്‍ 1975-ല്‍ കുങ്കുമം പുരസ്‌കാരം നേടിയിരുന്നു. കെ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടാണ് ഭര്‍ത്താവ്. മൂന്നു മക്കളുണ്ട്.