Wed. Feb 21st, 2024

നയന്‍താര ചിത്രം അന്നപൂരണിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ചിത്രം നെറ്റ്ഫ്‌ളിക്സില്‍ നിന്ന് നീക്കം ചെയ്തതിനു പിന്നാലെയാണ് പാര്‍വതിയുടെ പ്രതികരണം. അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണെന്നാണ് അന്നപൂരണി വിവാദത്തില്‍ പാര്‍വതി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. സിനിമ ഇത്തരത്തില്‍ സെന്‍സറിങ്ങിന് വിധേയമാകുമ്പോള്‍ ശ്വസിക്കാന്‍പോലും നമുക്ക് അനുവാദംകിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം എന്നും പാര്‍വതി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.



അന്നപൂരണി എന്ന ചിത്രം ശ്രീരാമദേവനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും തീവ്ര ഹിന്ദുത്വ സമഘടനകള്‍ പരാതി നല്‍കിയതോടെയാണ് ചിത്രം വിവാദക്കുരുക്കില്‍ പെട്ടത്. ഇതിന് പിന്നാലെ നെറ്റ്ഫ്‌ലിക്സില്‍ നിന്നു ചിത്രം നീക്കം ചെയ്തിരുന്നു. ക്ഷേത്രപൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട് എന്നതാണ് വിവാദത്തിന് ഇടയാക്കിയത്. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ നയന്‍താരക്കും സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ മധ്യപ്രദേശിലും മുംബൈയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് അന്നപൂരണി തിയറ്ററുകളിലെത്തിയത്. ഡിസംബര്‍ അവസാനം നെറ്റ്ഫ്‌ലിക്സില്‍ ചിത്രം പ്രദര്‍ശനം തുടങ്ങിയതോടെയാണ് വ്യാപക വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നത്.