Fri. Mar 1st, 2024

ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയ രണ്ടുയുവാക്കള്‍ പമ്പയാറ്റില്‍ മുങ്ങി മരിച്ചു. പമ്പയാറ്റിന്റെ ഭാഗമായ പാറക്കടവില്‍ കുളിക്കാനിറങ്ങിയ, തമിഴ്‌നാട്ടില്‍ നിന്നുള്ള ചെന്നൈ ടി നഗര്‍ 70ല്‍ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മരിച്ചത്.


ശബരിമല ദര്‍ശനത്തിനു ശേഷം ചെങ്ങന്നൂരിലെത്തിയ സംഘം രാത്രി 7.30നുള്ള ചെന്നൈ മെയിലില്‍ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിന് മുന്‍പു കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഫയര്‍ ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഒഴുക്കില്‍പെട്ട് സന്തോഷ് മുങ്ങി താണപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അവിനാഷും മുങ്ങിതാഴ്ന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഗുരുസ്വാമി രവിയുടെ നേതൃത്വത്തില്‍ 22 പേരടങ്ങിയ സംഘമാണ് ഞായറാഴ്ച ശബരിമല ദര്‍ശനത്തിനെത്തിയത്. സംഘത്തില്‍ മൂന്നു സ്ത്രീകളും ഉണ്ടായിരുന്നു.