Fri. Mar 1st, 2024

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ കേസ് എടുത്തു. മാസങ്ങള്‍ക്ക് മുമ്പ് കൃഷ്ണകുമാറിന്റെ ഭാര്യ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ തൊട്ടുകൂടായ്മയെയും അയിത്താചാരത്തെയും കുഴികുത്തി കഞ്ഞി കൊടുക്കുക എന്ന കുറ്റകൃത്യത്തെയും ന്യായീകരിക്കുന്ന തരത്തിലുള്ള നടന്റെ വിവാദ പരാമര്‍ശം ഉണ്ടായിരുന്നു.


കൃഷ്ണകുമാറിൻറെ ജാതീയവും മനുഷ്യത്വ വിരുദ്ധവുമായ പരാമർശങ്ങൾക്കെതിരെ ദിശ പ്രസിഡന്റും സമൂഹിക പ്രവര്‍ത്തകനുമായ ദിനു വെയിൽ നൽകിയ പരാതിയിൽ സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്യുകയും എറണാകുളം ജില്ലാ പോലീസ് മേധാവിയോട് ഏഴു ദിവസത്തിനകം റിപ്പോർട്ട്‌ നൽകാൻ ഉത്തരവിടുകയും ചെയ്തു.

‘പണ്ട് തന്റെ വീട്ടില്‍ പണിക്കു വരുന്ന ആളുകള്‍ക്ക് പറമ്പില്‍ കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിരുന്നെന്നും പ്ലാവില ഉപയോഗിച്ച് അവര്‍ ആ കഞ്ഞി കുടിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും എന്നുമായിരുന്നു കൃഷ്ണകുമാര്‍ വ്‌ലോഗില്‍ പറഞ്ഞിരുന്നത്.’ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചാ വിഷയമായി വലിയരീതിയില്‍ പ്രചരിക്കുകയാണ് വീഡിയോ.