Wed. Feb 21st, 2024

കൊച്ചി: പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്‌ക്കെതിരായ ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകാനുള്ളതേയുള്ളു പിണറായിയുടെ ഭരണമെന്നും ബംഗാളിലേതു പോലെ പിന്നീട് വിലപിച്ചിട്ടു കാര്യമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.


ഇരുപതോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ആരോപണം. മര്‍ദിച്ചതിനെ തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടുവെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും എംഎല്‍എ പറഞ്ഞു. പരിക്കേറ്റ കെഎസ്യു പ്രവര്‍ത്തകനെ ആശുപത്രിയില്‍ കൊണ്ടുപോയ സമയത്താണ് അക്രമണമുണ്ടായത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ എംഎല്‍എയെയും കൂട്ടരെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. പൊലീസ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തി. മര്‍ദ്ദനത്തില്‍ എംഎല്‍എയുടെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ കെഎസ്യു പ്രവര്‍ത്തകനായ നോയലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മടങ്ങുമ്പോഴാണ് എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ നോയലിനെ എംഎല്‍എയും സംഘവും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് നോക്കിനില്‍ക്കെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് നോയലിനെ ഉപദ്രവിച്ചതെന്ന് എല്‍ദോസ് എംഎല്‍എ ആരോപിച്ചിരുന്നു.