Sun. Feb 25th, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക -സാമ്പത്തിക ജാതി സെൻസസ് (എസ് ഇ. സി സി ) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എം.എസ് പ്രക്ഷോഭത്തിലേക്ക്. തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ചേർന്ന കെ.പി.എം.എസ് സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഈ ആവശ്യം ഉന്നയിച്ചു 2024 ജനുവരി 24നു ഒരു ലക്ഷത്തിലധികം അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തുവാൻ ജനറൽ കൗൺസിൽ തീരുമാനിച്ചു.


മുന്നോക്ക സംവരണത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യനീതി ഉറപ്പാക്കാൻ ജാതി സെൻസസിന്റെ അടിസ്ഥാനത്തിലുളള വിവര ശേഖരണം അനിവാര്യമാണ്.1951നു ശേഷം ജാതി സെൻസസ് അവസാനിപ്പിക്കുമ്പോൾ കാരണങ്ങളായി പറഞ്ഞിരുന്നത് ജാതി വ്യവസ്ഥയെ ശക്തി പ്പെടുത്തുമെന്നതും, ജാതികളുടെ എണ്ണം കൂടുതൽ ഉള്ള രാജ്യത്ത് ഇതിനെ നിർണ്ണയിക്കുവാനുള്ള സങ്കീർണ്ണതകളുമാണ്. യഥാർത്ഥ വസ്തുതകൾ പുറത്തു വരാൻ ആഗ്രഹിക്കാത്ത ശക്തികളാണ് ഇപ്പോൾ ജാതി സെൻസസിനെ ഏതിർത്ത് രംഗത്തു വന്നിട്ടുള്ളത്. സംസ്ഥാനത്ത് സാമൂഹിക -സാമ്പത്തിക ജാതി സെൻസസ് നടപ്പിലാക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ കൗൺസിൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.