Sat. Mar 2nd, 2024

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വൈകുന്നേരം 4 മണിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 348 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 62 ഡോക്യുമെന്റുകളും 12 മൊബൈല്‍ ഫോണും കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ 83 സാക്ഷികളാണുള്ളത്. കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഒന്നാം പ്രതി. സി കെ ജാനു രണ്ടാം പ്രതിയാണ്. ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലാണ് കേസിലെ മൂന്നാം പ്രതി. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാവും.


സുല്‍ത്താന്‍ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. 2021 മാര്‍ച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും സുല്‍ത്താന്‍ബത്തേരിയില്‍ വെച്ച് 40 ലക്ഷം രൂപയും നല്‍കിയെന്നുമായിരുന്നു പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നല്‍കിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി കല്‍പ്പറ്റയിലെ ക്രൈബ്രാഞ്ച് ഓഫീസില്‍ ഹാജരായിരുന്നു. സി കെ ജാനുവും ചോദ്യം ചെയ്യലിനായി ഹാജരായി. സുല്‍ത്താന്‍ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ് കള്ളക്കേസാണെന്നും ലീഗ് നേതാവിന്റെ പരാതിയില്‍ രാഷ്ട്രീയ പ്രേരിതമായി എടുത്തതാണ് കേസെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അന്വേഷണ ഏജന്‍സികളും ലോകായുക്തയും സര്‍ക്കാരിന്റെ വരുതിയിലാണ്. ഇപ്പോഴത്തെ ചോദ്യം ചെയ്യല്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായതിന് ശേഷം കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.