കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ചനിലയിൽ കൊച്ചിയിലെ ഫ്ളാറ്റിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് എറണാകുളം ഇടച്ചറയിലുള്ള ഫ്ളാറ്റിൽ അവശനിലയിൽ കണ്ടത്. പിന്നാലെ ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അലനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യാശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുപ്പതിൽ അധികം ഉറക്കഗുളികൾ കഴിച്ചുവെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയെക്കുറിച്ച് സൂചന നൽകി അലൻ സുഹൃത്തുക്കൾക്ക് കത്തയച്ചതായി വിവരമുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പന്തീരാങ്കാവ് കേസ് നിലവിൽ വിചാരണ ഘട്ടത്തിലാണ്. ഇക്കാരണത്താൽ പരീക്ഷ എഴുതുന്നതിന് അടക്കം അലൻ തടസങ്ങൾ നേരിട്ടിരുന്നു. ഇക്കാരണങ്ങളാകാം ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. തന്റെ പ്രശ്നങ്ങൾക്ക് കാരണം ഈ സിസ്റ്റമാണെന്ന് സുഹൃത്തുക്കൾക്കയച്ച കത്തിൽ അലൻ പറയുന്നുണ്ട്.
എൽ എൽ ബി വിദ്യാർത്ഥിയായ അലനെയും ജേർണലിസം വിദ്യാർത്ഥിയായ താഹയെയും 2019 നവംബർ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് മാവോയിസ്റ്റ് സംഘടനകളുടെ ലഘുലേഖകളും മറ്റും പിടിച്ചെടുത്തതിനെത്തുടർന്ന് യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തുകയായിരുന്നു. പിന്നീടാണ് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്തു.

