ഇവിടെ കാണുന്ന ചിത്രം കേരളത്തിലെ പല ക്രൈസ്തവ ദേവാലയങ്ങളിലെയും കുടുംബ കൂട്ടായ്മകൾ വഴി ഇടവക കുടുംബങ്ങളിൽ എത്തിച്ചിട്ടുള്ള ധനസമാഹരണ കവറുകളിൽ, {തൃശ്ശൂർ അതിരൂപത വിതരണത്തിനായി ഇറക്കിയ) ഒന്നിൻറേതാണു്. ഈ കവറിൻറെ പുറത്തു് (മുകളിൽ) പ്രിൻറു് ചെയ്തിരിക്കുന്നതു് : ‘മിഷൻ ഞായർ സുവിശേഷ പ്രഘോഷണത്തിനായുള്ള എൻറെ കാണിക്ക’
കവറിൻറെ താഴ്ഭാഗത്തു് ‘National Director, Pontifical Mission Organizations, #10, 3rd Cross, Ulsoor Road, Bangalore – 560 042, India’ എന്നാണു് പ്രിൻറ് ചെയ്തിരിക്കുന്നതു്.
ഈ കവറിൽ ഇട്ട് കൊടുക്കുന്ന പണത്തിന് ‘കാണിക്ക’ എന്ന ഓമനപ്പേരാണ് ഇതിന്റെ വിതരണക്കാർ കൊടുത്തിരിക്കുന്നത്.
‘കാണിക്ക’ എന്ന് പറഞ്ഞാൽ പിന്നെ ഇതിന് ഔദ്യാഗികമായി രശീതി കൊടുക്കേണ്ടതില്ല. രശീതി ഇല്ല എന്ന് പറഞ്ഞാൽ; വിശ്വാസി കവറിൽ ഇട്ടു കൊടുക്കുന്ന പണത്തിന് വിശ്വാസിക്ക് യാതൊരു വിധ രേഖകളും ലഭിക്കില്ലെന്നു് ചുരുക്കം പിരിച്ചെടുക്കുന്ന പണം പൂർണ്ണമായി ഈ കവറിൽ പറഞ്ഞിരിക്കുന്ന ബാംഗ്ളൂരുവിലെ സ്ഥാപനത്തിലേക്ക് എത്തുന്നുണ്ടോ? ഇല്ല എന്നു് വേണം മനസ്സിലാക്കാൻ. കാരണം:
17.10.2020-ന് 1789/2020 – C – 12 എന്ന നമ്പർ പ്രകാരം തൃശ്ശൂർ അതിരൂപത പുറത്തിറക്കിയ സർക്കുലറിൻറെ രണ്ടാം പേജിൽ താഴെ പറയുന്ന പ്രകാരം പറയുന്നു.
“…….മേരിമാതാ മേജർ സെമിനാരി, മെഡോണ മൈനർ സെമിനാരി, ഗുരുകുലം സെമിനാരി, മറ്റു സെമിനാരികളിലും ഡിഗ്രി കോഴ്സുകളിലുമുള്ള വൈദികാർത്ഥികളുടെ പഠനം തുടങ്ങിയവയ്ക്കുള്ള ചിലവിൻറെ പ്രധാനമായ സാമ്പത്തിക സ്രോതസ്സാണു് പെസഹ വ്യാഴം പിരിവു്.
മിഷൻ ഞായർ പിരിവിൽ നിന്നാണു് സാർവത്രിക സഭയുടെയും, സീറോ മലബാർ സഭയുടെയും നമ്മുടെ അതിരൂപതയുടെയും (മിഷൻ പ്രദേശങ്ങളിൽ ഉള്ള നമ്മുടെ അതിരൂപതാവൈദികർക്കു് വരുന്ന ചിലവുകൾ അടക്കം) വിഹിതങ്ങൾ നൽകുന്നതു്.
കാരുണ്യനിധി ഫണ്ടിൽ നിന്നാണു് അതിരൂപത നിശ്ചയിക്കുന്ന പ്രത്യേക നിയോഗങ്ങൾക്കും പാവപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടിയുള്ള സംഖ്യ ചിലവഴിക്കുന്നതു്………”
ചുരുക്കിപ്പറഞ്ഞാൽ ഈ കവറിന്മേൽ പറഞ്ഞിട്ടുള്ള ‘National Director, Pontifical Mission Organizations, #10, 3rd Cross, Ulsoor Road, Bangalore – 560 042, India എന്ന സ്ഥാപനത്തിലേക്കു്പിരിച്ചെടുക്കുന്ന പണം മുഴുവനായി എത്തിച്ചേരുന്നില്ല എന്നതാണു് സത്യം. മിഷൻ ഞായർ പിരിവിൽ നിന്നാണു് സാർവത്രിക സഭയുടെ (Universal Church) ചിലവുകൾക്കുള്ള പണവും കൊടുക്കുന്നതു് എന്നു് ഈ സർക്കുലറിൽ പറയുന്നു. സാർവത്രിക സഭ എന്നതുകൊണ്ടൂ് ഉദ്ദേശിക്കുന്നതു് ആഗോള ക്രൈസ്തവസഭയാണെങ്കിൽ……. ലോകത്തു് വിവിധ വിഭാങ്ങളിലായി 43000-ത്തിൽ പരം ക്രൈസ്തവ സഭാ വിഭാഗങ്ങളുണ്ട്. ഇവർക്കെല്ലാം ഉള്ള ചിലവുകൾക്കുള്ള സാമ്പത്തിക വിഹിതം കൊടുക്കാനുള്ള ഉത്തരവാദിത്തം സീറോ മലബാർ സഭ
യ്ക്കുണ്ടെന്നാണോ ഉദ്ദേശിക്കുന്നതു്. (22.06;2012: According to Gordon-Conwell Theological Seminary, there exist roughly 43,000 Christian denominations worldwide in 2012. That is up from 500 in 1800 and 39,000 in 2008 and this number is expected to grow to 55,000 by 2025.)
മേൽപ്പറഞ്ഞതനുസരിച്ചാണു് (സർക്കുലറിൽ പറഞ്ഞ പ്രകാരം) പിരിച്ചെടുക്കുന്ന പണത്തിൻറെ വിഹിത സംഖ്യകൾ പോകുന്നതെങ്കിൽ പിന്നെ എന്തിനാണു് ഈ കവറിന്മേൽ ‘National Director, Pontifical Mission, Bangalore” എന്ന അഡ്രസ് അച്ചടിച്ചിരിക്കുന്നതു്. പിരിച്ചെടുക്കുന്ന സം
ഖ്യയുടെ പ്രധാന ഭാഗം ഉപയോഗിക്കുന്നതു് തൃശ്ശൂർ അതിരൂപത തന്നെയാണു്. മാത്രമല്ല,ഈ പണപ്പിരിവിൽ ‘National Director, Pontifical Mission, Bangalore”-നു് നേരിട്ടു് യാതൊരു ബന്ധവും ഇല്ല, പിന്നെ എന്തുകൊണ്ടാണു് തൃശ്ശൂർ അതിരൂപതുയുടെ പേരും മേൽവിലാസവും ഈ പണപ്പിരിവിൽ നിന്നും മറച്ചു വെയ്ക്കുന്നതു്.
പിരിച്ചെടുക്കുന്ന പണത്തിൽ നിന്നും, നേരിട്ടു പിരിവു് നടത്തുന്ന ഇടവകപ്പള്ളികളും മാന്തിയെടുക്കുന്നുണ്ടു് എന്നു് വേണം കരുതാൻ. ഇവരും നന്നായി മിഷൻ പ്രവർത്തനം നടത്തുന്നുണ്ടു് എന്നു വേണം മനസ്സിലാക്കൻ. മേൽപ്പറഞ്ഞ പിരിവുകൾക്കു് പുറമെ ഇടവകപ്പള്ളികളിൽ മറ്റു പല പേരുകളിലും പിരിവുകൾ നടക്കുന്നുണ്ടു്.
സുവിശേഷ പ്രഘോഷണത്തിനു്/ പ്രവർത്തനത്തിനു് എന്നു് പറഞ്ഞ് വേറെയും പിരിവുകൾ തൃശ്ശൂർ അതിരൂപതയുടെ പരിധിയിലുള്ള ദേവാലയങ്ങളിൽ ധാരാളം നടക്കുന്നുണ്ടൂ്.
ഈ പണപ്പിരിവു് നടത്തുന്നതു് വിശ്വാസികൾക്കു് ആത്മീയ സൗഖ്യം ലഭിക്കുന്നതിനു് വേണ്ടിയാണോ, പുരോഹിതർക്കു് അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനു് വേണ്ടിയാണോ? (മിഷൻ പ്രദേശങ്ങളിൽ ഉള്ള നമ്മുടെ അതിരൂപതാവൈദികർക്കു് വരുന്ന ചിലവുകൾ അടക്കം മിഷൻ ഞായർ പിരിവിൽ നിന്നാണു്………….. മിഷൻ പ്രദേശങ്ങൾ എവിടെയൊക്കെയാണു്, എന്തെല്ലാം മിഷൻ പ്രവർത്തങ്ങളാണു് ഇവർ ചെയ്യുന്നതു്? ഇതിനൊക്കെ ആരാണു് ഉത്തരം തരിക.)
വിശ്വാസി സമൂഹത്തിൽ നിന്നും പല വഴികളിലൂടെയും പണവും സ്വത്തും സംഭരിച്ച ശേഷം വിശ്വാസി സമൂഹത്തിനു് ഏന്തു് പ്രത്യുപകാരമാണു് ഇവർ ചെയ്യുന്നതു്?
വിശ്വാസികളുടെ പോക്കറ്റു് വലിച്ചു കീറിയശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും, മറ്റു് തരത്തിലുള്ള വ്യവസായങ്ങളും ഇവർ നടത്തുന്നു. ഇവയിലൊന്നും പണവും സ്വത്തും കൊടുക്കുന്ന വിശ്വാസി സമൂഹത്തിനു് യാതൊരു വിധ റോളുകളും ഇല്ല.
കവറിന്മേൽ അച്ചടിച്ചിട്ടുള്ളതും, കലാകാലങ്ങളായി നടത്തി വരുന്നതുമായ ‘സുവിശേഷ പ്രഘോഷണ’ത്തിൻറെ പരിണിത ഫലം എന്തായിരുന്നു അല്ലെങ്കിൽ എന്താണു്?
മേരിമാതാ മേജർ സെമിനാരി, മെഡോണ മൈനർ സെമിനാരി, ഗുരുകുലം സെമിനാരി, മറ്റു സെമിനാരികളിലും ഡിഗ്രി കോഴ്സുകളിലുമുള്ള വൈദികാർത്ഥികളുടെ പഠനം തുടങ്ങിയവയ്ക്കുള്ള ചിലവിൻറെ പ്രധാനമായ സാമ്പത്തിക സ്രോതസ് പെസഹ വ്യാഴം പിരിവു് ആണെന്നു് പറയുന്നു.
സ്വന്തം പണം മുടക്കാതെ (മറ്റുള്ളവരുടെ പണം കൊണ്ടു് പഠിച്ചു്) ഇവിടെ നിന്നും പുരോഹിതരായി പുറത്തു് വരുന്നവരെക്കൊണ്ടു് എന്തു് പ്രയോജനമാണു് പൊതുസമൂഹത്തിനും ക്രൈസ്തവ വിശ്വാസി സമൂഹത്തിനും പ്രത്യേകിച്ചു് കത്തോലിക്കാസഭാ വിശ്വാസി സമൂഹത്തിനും ലഭിക്കുന്നതു്.
മൂന്നാമത്തെ പിരിവ് ‘കാരുണ്യ നിധി’ “അതിരൂപത നിശ്ചയിക്കുന്ന പ്രത്യേക നിയോഗങ്ങൾക്കും പാവപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടിയുള്ള സംഖ്യ ചിലവഴിക്കുന്നതു് ഈ പിരിവിൽ നിന്നാണു്.“
ഇന്ത്യയിൽ പതിനായിരക്കണക്കിനു് NGO-കൾ (Non-governmental organization) പ്രവർത്തിക്കുന്നുണ്ടു് Palliative care അടക്കം ഉള്ള സേവനങ്ങൾ ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ഇവർ ചെയ്തുകൊണ്ടിരിക്കുന്നു. ഇവർ ചെയ്യുന്നതിനപ്പുറമായി പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഈ പണപ്പിരിവുകളിലൂടെ തൃശ്ശൂർ അതിരൂപതയും, ഇതുപോലെ പണപ്പിരിവു് നടത്തുന്ന ക്രൈസ്തവ മത വിഭാഗങ്ങളും എന്താണു് ചെയ്യുന്നതു്?
‘പ്രത്യേക നിയോഗങ്ങൾ’ എന്നു് പറയുന്നതു് എന്താണു്? താഴെ പറയുന്നവരുടെ പ്രവർത്തികൾ പ്രത്യേക നിയോഗങ്ങളുടെ ഭാഗമാണൊ:
1. രാജു കൊക്കൻ
2. ഫ്രാങ്കോ മുളയ്ക്കൽ
3. റോബിൻ വടക്കുഞ്ചേരി
ഇവിടെ മറ്റൊരു സംശയം തലപൊക്കുന്നു. പുരോഹിതരുടെ, ഇന്ത്യൻ നിയമങ്ങൾക്കെതിരെയും ലോക ജനത എതിർത്തുകൊണ്ടിരിക്കുന്ന, ബലാത്സംഗങ്ങൾ അടക്കമുള്ള സ്ത്രീ – ബാലപീഡനങ്ങൾ, നിയമ വിരുദ്ധമായുള്ള ഭൂമി തട്ടിപ്പുകൾ (വില്പനകൾ അടക്കമുള്ളവ), പള്ളിധനക്കൊള്ളകൾ (ഉദാ:കൊരട്ടി മുത്തിയുടെ വാഴക്കുലപ്പള്ളിയിലെ കിലോക്കണക്കിനു് സ്വർണ്ണവും കോടിക്കണക്കിനു് രൂപയുമായി മുങ്ങിയ മാത്യു മണവാളൻ)……
തുടങ്ങിയ പുരോഹിത വേഷം കെട്ടിയ ഇത്തരം കാപാലികന്മാർക്കുള്ള നിയമ പരിരക്ഷ കൊടുക്കാനുള്ള പണം, ക്രൈസ്തവ സഭകൾ എവിടെ നിന്നാണു് കണ്ടെത്തുന്നതു്? വ്യക്തമായ ധാരണകളില്ലാതെ പുരോഹിതരിലേക്കു് പണം എറിഞ്ഞു് കൊടുക്കുന്നവർ സൂക്ഷിക്കുക.
പാൽ കൊടുക്കുന്ന കൈകളിൽ തന്നെ കൊത്തുന്ന/കടിക്കുന്ന……… സൂക്ഷിച്ചാൽ ദുഖിക്കേണ്ട.


