Sat. Nov 21st, 2026

ഷാർജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബർ 1-ന് തുടക്കമാകും. നവംബർ 12-വരെയാണ് മേള. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേളയുടെ ഇത്തവണത്തെ തീം ‘We Speak Books’ എന്നതാണ്. മേളയിലെ ഏഴാം നമ്പർ ഹാളിൽ ആണ് ഇന്ത്യയിൽ നിന്നുള്ള പുസ്തകങ്ങൾ ഒരുക്കിയിരിക്കുന്നത്.

112 രാജ്യങ്ങളിൽ നിന്നുള്ള 2213 പ്രസാധകരും 1.3 മില്യൺ ടൈറ്റിലുകളും 2.17 മില്യണിലേറെ സന്ദർശകരും 1500-ലേറെ ഇവന്റുകളും നൊബേൽ സമ്മാന ജേതാക്കളുൾപ്പെടെയുള്ള എഴുത്തുകാരും ചിന്തകരും ലോകമെമ്പാടും അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകരും കലാകാരരുമെല്ലാമായി അക്ഷരാർഥത്തിൽ അക്ഷരങ്ങളുടെ ഉത്സവമേളമാണ് ഷാർജ ബുക്ക് ഫെയർ.

ഷാർജ എക്സ്പോ സെന്ററിലെ ഏഴാം നമ്പർ ഹോളിലെ ZD 02 സ്റ്റോളിലാണ് ഗൂസ്ബെറിയുള്ളത്. ഗൂസ്ബെറിയുടെ മുഴുവൻ പുസ്തകങ്ങളും ഇവിടെ ലഭിക്കും. വിവിധ ദിവസങ്ങളിലായി 7 പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നുണ്ട്. നവംബർ 5 ന് ആണ് ജോളി ചിറയത്തിൻറെ ആത്മ കഥയായ ‘നിന്നുകത്തുന്ന കടലുകൾ’ എന്ന പുസ്തകത്തിൻറെ പ്രകാശനം.


അമ്പതുവർഷത്തെ ജീവിതാനുഭവങ്ങളാണ് ജോളി ചിറയത്ത് പകർത്തിവെയ്ക്കുന്നത്. ആയിത്തീരലാണ് ജീവിതമെന്ന് അവർ പറയുന്നു. ജീവിതം തന്നെ മാറ്റിത്തീർത്തതുപോലെ ചുറ്റുമുള്ളവരേയും മാറ്റിത്തീർത്തിരിക്കാമെന്നും വീര്യമേറിയതുപോലും നേർപ്പിച്ച ഭാഷയിലാണ് അവതരിപ്പിക്കുന്നതെന്നും ഒരിക്കൽ എഴുത്തിനിടയിൽ അവർ പറഞ്ഞു. നിന്നുകത്തുന്ന കടലുകളിലെ ‘ഞാൻ’ ഒരാളല്ല. ‘ഞാൻ’ എന്ന് പറയുമ്പോഴെല്ലാം ഒരു കടലിരമ്പം പോലെ ‘ഞങ്ങൾ’ എന്ന ആരവം കേൾക്കാം. ഒരർഥത്തിൽ, ഓരോ ആത്മകഥയും അനേകരുടെ ജീവചരിത്രങ്ങളും ഉൾക്കൊള്ളുന്നുണ്ട്.വായനക്കാർ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഗൂസ്ബെറി.

കൂടാതെ ‘നേരെഴുത്ത്'(ഫെയ്സ്ബുക്ക് കുറിപ്പുകൾ, ദീപ പി. വാസുദേവൻ), ‘മൂന്നാമത്തെ ഗുരു'(നോവൽ, അബൂ ആന്ത്രോത്ത്), ‘തടങ്കൽ പാളയത്തിലേക്കുള്ള വഴി(കവിതകൾ, മസ്ഹർ). ‘100 ഗുളികവിതകൾ’ 100 Tablet Kavithakal (കവിതകൾ, കമറുദ്ദീൻ ആമയം), ‘പ്രവാസവർണ്ണങ്ങൾ-പരദേശാനുഭവങ്ങൾ അടയാളങ്ങൾ ‘(അഭിമുഖങ്ങൾ, എഡിറ്റർ: സിറുജ ദിൽഷാദ്), ‘മീനുകളുടെ സെമിത്തേരി’ (കവിതകൾ, സിന്ധുല രഘു) ഗൂസ്ബെറി പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ പുസ്തകമായ അനൂപ് ചന്ദ്രന്റെ 69 ഇറോട്ടികവിതകളും മേളയിലുണ്ട്.