Sat. Nov 21st, 2026

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചതും കണ്‍വെന്‍ഷന്‍ ഹാളില്‍ സ്ഥാപിച്ചതും റിമോര്‍ട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതുമെല്ലാം ഫോണില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചു.

എല്ലാം മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് ചെയ്തതെന്ന വെളിപ്പെടുത്തല്‍ വിശദമായി പരിശോധനക്കുന്നതിന് വേണ്ടിയാണ് മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക്കിനു കൈമാറിയത്. പ്രതിയുടെ തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ വൈകിട്ടോടെ കോടതിയില്‍ സമര്‍പ്പിക്കും. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ പൂര്‍ത്തി യാകുകയാണു ലക്ഷ്യം. സാക്ഷികളെ ജയിലില്‍ എത്തിച്ചാകും തിരിച്ചറിയല്‍ പരേഡ് നടത്തുക. ഇതിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും.


15 വര്‍ഷത്തിലേറേ വിദേശത്ത് താമസിച്ച മാര്‍ട്ടിന്‍ ബോംബ് നിര്‍മാണം പഠിച്ചത് അവിടെ വെച്ചാണോ എന്നും പരിശോധിക്കും. ഇതിനായി വിദേശത്തുനിന്നുള്ള വിവരങ്ങളും ശേഖരിക്കുകയാണ്. അതിനിടെ ഉന്നത ഉദ്യോഗസ്ഥറുടെ നേതൃത്വത്തില്‍ അന്വേഷണം സംഘം കളമശ്ശേരിയില്‍ യോഗം ചേര്‍ന്നു.

അതേസമയം, കളമശേരിയിലെ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ യഹോവ സാക്ഷികള്‍ പ്രാർത്ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തി. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാർത്ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തിയെന്നാണ് അറിയിപ്പില്‍ പറയുന്നത്.

പ്രാർത്ഥനാ കൂട്ടായ്മകള്‍ ഓണ്‍ലൈനില്‍ നടത്താന്‍ ഇന്ത്യ ഘടകത്തിലെ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് പ്രാര്‍ത്ഥനാ സംഗമങ്ങള്‍ ഓണ്‍ലൈനായി നടത്തുക. അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നു സംഘടന ദേശീയ വക്താവ് ജോഷ്വാ ഡേവിഡ് അറിയിച്ചു.