കോട്ടയം: അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ശ്യാം കുമാറിനെതിരെയുള്ള സനാതന ഗുണ്ടകളുടെ ഭീഷണിയിൽ പ്രതികരിച്ച് കേരള ചേരമർ സംഘം ഒരുത്തനും ഡോ. ശ്യാം കുമാറിനെ തൊടുവാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്ന കാര്യങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ അതിന് കൃത്യമായ മറുപടി കൊടുക്കുന്നതിന് പകരം അദ്ദേഹത്തെ ശാരീരികമായി കയ്യേറ്റം ചെയ്തുകളയാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹമാണെന്നും കേരള ചേരമർ സംഘം വ്യക്തമാക്കി.
വേദങ്ങളെയും സ്മൃതികളെയും ഉപനിഷത്തുകളെയും തൻറെ സംസ്കൃത പാണ്ഡിത്വത്തിലൂടെ സൂഷ്മമായി പഠിച്ച് കൃത്യമായി വിശകലനം ചെയ്ത് സരളമായി ഞങ്ങൾക്ക് പറഞ്ഞു തന്ന ശ്യാംകുമാറിന് കേരള ചേരമർ സംഘം ഐക്യദാർഢ്യം. സനാതന ധർമ്മം എന്തോ പൊതിയാതേങ്ങയാണെന്ന് വിശ്വസിച്ചിരുന്ന ദലിതരെ അത് കേവലമായ ശ്രേണികൃതമായ വർണ്ണാശ്രമ ധർമ്മങ്ങൾ ആചരിക്കലാണെന്നും പുനർജ്ജന്മം പറഞ്ഞ് നമ്മെ പറ്റിക്കലാണെന്നും കൃത്യമായി തന്റെ പ്രഭാഷണങ്ങളിലൂടെ വരച്ചു കാട്ടി ദളിത് സമൂഹത്തെ ശരിയായ ദിശയിലൂടെ നയിക്കുന്ന ശ്യാംകുമാറിന് തങ്ങൾ എല്ലാവിധ പ്രഖ്യാപിക്കുന്നു എന്നും ഒരുത്തനും അദ്ദേഹത്തെ തൊടുവാൻ ഞങ്ങൾ അനുവദിക്കില്ലെന്നും കേരള ചേരമർ സംഘം സംസ്ഥാന കമ്മററി പ്രസ്താവനയിൽ വ്യക്തമാക്കി.
അംബേദ്കർ ചിന്തകളിലും ശാസ്ത്ര വീക്ഷണങ്ങളിലുമൂന്നിയ ശ്യാം കുമാറിൻറെ പ്രഭാഷണങ്ങൾ കേരള ജനതയെ നവീകരിക്കുകയും പരിഷ്കരിക്കുകയും തന്നെ ചെയ്യും. വഴി തെറ്റിപ്പോകുന്ന ശ്രീ നാരയണ പ്രസ്ഥാനങ്ങൾക്കും അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾ വഴി കാട്ടിയാകുമെന്നും കേരള ചേരമർ സംഘം സംസ്ഥാന കമ്മററി പ്രസ്താവനയിൽ പറയുന്നു.


