Sun. Feb 25th, 2024

കണ്ണൂർ: ഫാസിസ്റ്റ് രാഷ്ട്രീയത്തെ അധികാരത്തിൽ നിന്ന് തൂത്തെറിയലായിരിക്കണം ജനാധിപത്യ ശക്തികളുടെ അടിയന്തിര കടമയെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും, സി.പി.ഐ എം എൽ റെഡ്സ്റ്റാർ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ ഡോ: പി.ജെ.ജെയിസ്. ഭരണകൂടത്തിൻറെ പ്രത്യയ ശാസ്ത്ര അടിസ്ഥാനം സവർണ്ണ ഹിന്ദുത്വ രാഷ്ട്രീയത്തിൽ അധിഷ്ടിതമാണ്, ഫാസിസം എന്നത് നവമൂലധന രാഷ്ട്രീയവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. ജാതി സെൻസസിനെ ഹിന്ദുത്വശക്തികൾ എതിർക്കുന്നത് ആർഎസ്എസ് മുന്നോട്ട് വെയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിൻറെ അടിത്തറയിളക്കുന്ന ഒന്നായതുകൊണ്ടാണെന്നും ഡോ. പിജെ ജെയിംസ് പറഞ്ഞു. കേരള യുക്തിവാദി സംഘം കണ്ണൂർ ജില്ലാ സമ്മേളനം പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



പയ്യന്നൂർ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ (എട്ടിക്കുളം ഖാദർ നഗർ) നടന്ന സമ്മേളനത്തിൽ കേരളാ യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് ഗംഗൻ അഴിക്കോട് അദ്ധ്യക്ഷത വഹിച്ചു. വി. അംബുജാക്ഷൻ, ശാസ്ത്ര സഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാസെക്രട്ടറി രാജേഷ് പി.ടി, ഹിതാ രാമചന്ദ്രൻ, കാരയിൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ജില്ലയിലെ ആദ്യകാല യുക്തിവാദി നേതാക്കളെയും മതമില്ലാത്ത ജീവൻ അവാർഡ് കരസ്ഥമാക്കിയവരേയും ആദരിച്ചു.

പുതിയ ഭാരവാഹികളായി എകെ അശോക് കുമാറിനെ പ്രസിഡന്റായും എ. കെ നരേന്ദ്രനെ സെക്രട്ടറിയായും പിവി മനോജ്‌ കുമാറിനെ ട്രഷററായും തെരഞ്ഞെടുത്തു. ഡിസംബർ 22, 23, 24 തീയ്യതികളിലായി കാഞ്ഞങ്ങാട് വെച്ചാണ് കെവൈ എസ് സംസ്ഥാന സമ്മേളനം നടക്കുക.