Fri. Nov 20th, 2026

ബെംഗളൂരു: കര്‍ണാടകത്തില്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് എച്ച് ഡി ദേവഗൗഡ. പ്രസ്താവന വിവാദമായതോടെയാണ് ദേവഗൗഡ തിരുത്തലുമായി രംഗത്തെത്തിയത്.

ജെ ഡി എസ്-എന്‍ ഡി എ സഖ്യത്തെ സി പി എം പിന്തുണച്ചെന്ന് പറഞ്ഞിട്ടില്ലെന്നും ജെ ഡി എസ് കേരളാ ഘടകം സി പി എമ്മിന് ഒപ്പം നില്‍ക്കുന്നുവെന്നാണ് ഉദ്ദേശിച്ചതെന്നും ദേവഗൗഡ പറഞ്ഞു. എന്‍ ഡി എ ബന്ധത്തില്‍ കര്‍ണാടകക്ക് പുറത്തുള്ള ഘടകങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


കര്‍ണാടകത്തില്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്നായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടി കേരള ഘടകവും സഖ്യ നീക്കത്തെ പിന്തുണച്ചതായി ദേവഗൗഡ പറഞ്ഞു.

തനിക്കെതിരായ ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദേവഗൗഡയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായി വിശദീകരിച്ചു.

ഗൗഡ സ്വന്തം മലക്കംമറിച്ചിലിന് ന്യായീകരണം കണ്ടെത്തുകയാണ്. ജെ ഡി എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. അങ്ങനെ ഇടപെടുന്നത് തങ്ങളുടെ രീതിയല്ലെന്നും പിണറായി പറഞ്ഞു. മകന് മുഖ്യമന്ത്രി കസേര കിട്ടാന്‍ വേണ്ടി ബി ജെ പിക്കൊപ്പം കൂടിയ ആളാണ് ദേവഗൗഡയെന്നും അദ്ദേഹം വ്യക്തമാക്കി.


ദേവഗൗഡയുടെ പ്രസ്താവന തീര്‍ത്തും തെറ്റാണെന്നാണ് ജെ ഡി എസ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവഗൗഡയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സംസ്ഥാനത്തെ ജെ ഡി എസ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജെ ഡി എസ് കേരള ഘടകത്തിന് ദേവ ഗൗഡയുടെ എന്‍ ഡി എ ബന്ധത്തിനോട് പൂര്‍ണമായ വിയോജിപ്പാണുള്ളത്. ഗാന്ധിജിയുടെയും ലോഹ്യയുടെയും ആശയങ്ങളാണ് ഞങ്ങള്‍ പിന്തുടരുന്നതെന്നും അത് എന്‍ ഡി എക്ക് എതിരാണെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. മാത്രമല്ല, എന്‍ ഡി എ സഖ്യത്തില്‍ ഇല്ലെന്ന് താനും മാത്യു ടി തോമസും ദേവഗൗഡയെ കണ്ട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തെറ്റിദ്ധാരണയോ പ്രായാധിക്യം കാരണമുള്ള പ്രശ്നമോ ആകാം ദേവഡൗഡയുടെ പ്രസ്താവനക്കു പിന്നിലെന്ന് ജെ ഡി എസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസും പ്രതികരിച്ചു. പ്രസ്താവന പൂര്‍ണമായും തള്ളിക്കളയുകയാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നത് അസംഭവ്യമായ കാര്യങ്ങളാണെന്നും നേരത്തെ എടുത്ത തീരുമാനങ്ങള്‍ക്ക് ഘടകവിരുദ്ധമായ പ്രഖ്യാപനമാണ് ദേവഗൗഡയുടേതെന്നും മാത്യു ടി തോമസ് പറഞ്ഞു.