സുരേഷ്. സി ആർ
മലയാള സിനിമാഗാനങ്ങളിൽ ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും മധുരം പകർന്ന അതുല്യപ്രതിഭാശാലിയായിരുന്നു മുഹമ്മദ് സബീർ ബാബുരാജ് (1921 – 1978). തെരുവുഗായകനിൽനിന്ന് വിഷാദഗീതങ്ങളുടെ സ്രഷ്ടാവായി മാറിയ നാടോടിക്കഥയാണ് അദ്ദേഹത്തിന്റെ ജീവിതം. ഉത്തരേന്ത്യൻ സംഗീതം ആദ്യമായി മലയാളത്തിൽ പരീക്ഷിച്ചത് ബാബുരാജാണ്.
തബലയും സിത്താറും തുടങ്ങി പൂർണമായും ഉത്തരേന്ത്യൻ സംഗീതോപകരണങ്ങൾക്കൊണ്ട് ചുരുങ്ങിയ തോതിൽമാത്രം പശ്ചാത്തലസംഗീതമൊരുക്കി ഗായകസ്വരത്തിനു കൂടുതൽ ഊന്നൽ നൽകുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റെത്. വഴിയോരത്ത് വയറ്റത്തടിച്ച് പാടിയിരുന്ന ബാലനായ ബാബുരാജിനെ വിളിച്ചു കൊണ്ടുപോയി വളർത്തി സംഗീതരാജനാക്കിയത് സഹൃദയനായ പോലീസുക്കാരൻ കുഞ്ഞു മുഹമ്മദാണ്.

മലബാറിലെ ഗസൽ-ഖവാലി സദസ്സുകളിലൂടെ ശ്രദ്ധേയനായ ബാബുരാജ് കമ്യൂണിസ്റ്റ് – പുരോഗമന-നാടകപ്രസ്ഥാനത്തിലൂടെയാണ് സിനിമയിലെത്തിയത്. 1957-ൽ രാമു കാര്യാട്ടിന്റെ ‘മിന്നാമിനുങ്ങ്’ ആണ് ആദ്യ സിനിമ. 1978-ൽ ‘യാഗാശ്വം’ വരെ നൂറ്റമ്പതോളം സിനിമകൾക്ക് സംഗീതം പകർന്നു.
താമസമെന്തേ വരുവാൻ, തളിരിട്ട കിനാക്കൾതൻ, സൂര്യകാന്തീ സൂര്യകാന്തീ, നദികളിൽ സുന്ദരി യമുന, ഒരു പുഷ്പം മാത്രമെൻ, പ്രാണസഖി ഞാൻ വെറുമൊരു, അഞ്ജന കണ്ണെഴുതി, അകലെ അകലെ നീലാകാശം, സുറുമയെഴുതിയ മിഴികകള, അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല, ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ എന്നിങ്ങനെ മലയാളി മനസ്സ് ഒരിക്കലെങ്കിലും മൂളിയിട്ടുള്ള നിരവധി ഗാനങ്ങളിലൂടെ അനശ്വരനായി.
“കടലേ നീലക്കടലേ” എന്ന ഗാനത്തിലൂടെ തലത് മെഹ്മൂദ് എന്ന പ്രശസ്ത ഹിന്ദി ഗായകനെ മലയാളത്തിൽ അവതരിപ്പിച്ചത് ബാബുരാജാണ്.


