Tue. Nov 24th, 2026

പാലക്കാട്: യുവാക്കളെ കുഴിച്ച് മൂടിയെന്ന് സ്ഥലം ഉടമ അനന്തന്‍ കുറ്റം സമ്മതിച്ചതായി പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം വയലില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ ഭയപ്പെട്ട് തെളിവ് നശിപ്പിക്കുകയായിരുന്നു എന്നും ആര്‍ ആനന്ദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മൃതദേഹം പുറത്തേക്ക് വരാതിരിക്കാന്‍ വയറ് കീറിയാണ് കുഴിച്ചിട്ടത്. ഇതിന് പ്രതിക്ക് സഹായികളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുകയാണ്. അനധികൃതമായി വൈദ്യുതി ഉപയോഗിക്കുക, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തും. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി തെളിവെടുപ്പും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


പ്രദേശത്തുനിന്ന് കാണാതായ കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ പുതുശ്ശേരിതറ സ്വദേശി സതീശ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കുഴിയില്‍ നിന്നും പുറത്തെടുത്തത്. ഷോക്കേറ്റ് മരിച്ച യുവാക്കളെ താന്‍ വയലില്‍ കുഴിച്ചിടുകയായിരുന്നു സ്ഥലമുടമ അനന്തന്‍ സമ്മതിച്ചു.

കുഴിയില്‍ വയര്‍ കീറിയ നിലയില്‍ ഒന്നിന് മുകളില്‍ ഒന്നായി മൃതദേഹങ്ങള്‍ അടുക്കിയിരിക്കുകയായിരുന്നു. വയലില്‍ ഉടമ അനന്തന്‍ കുഴി എടുക്കുന്നത് കണ്ടെന്ന് പ്രദേശവാസികള്‍ മൊഴിനല്‍കി.