Tue. Nov 24th, 2026

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട രണ്ട് മൃതദേഹങ്ങള്‍ പോലീസ് എത്തി പുറത്തെടുത്തു. മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കോട്ടേക്കാട് സ്വദേശി സതീഷ്, പുതുശേരി സ്വദേശി ഷിജിത്ത് എന്നിവരാണ് മരിച്ചത്. കുഴിയില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ ഒന്നിന് മുകളില്‍ ഒന്നായിട്ടാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹങ്ങള്‍ വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു.ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്ത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികളും ആരംഭിച്ചു.


പന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍ കുടുങ്ങിയാണ് യുവാക്കള്‍ മരിച്ചതെന്നും ഭയന്നാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നും സ്ഥലം ഉടമ അനന്തന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. പോലീസ് അന്വേഷിച്ച് വരുന്നു എന്ന് മനസിലാക്കി മറ്റൊരിടത്തേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് കരുതുന്നത്.

യുവാക്കളുടെ മൃതദേഹങ്ങള്‍ കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപത്തെ പാടത്തായിരുന്നു കുഴിച്ചിട്ടിരുന്നത്. സ്ഥലത്തെ മണ്ണ് ഇളകി കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പരിശോധന നടത്തിയത്.