✍️ ലിബി. സിഎസ്
ശ്രീനാരായണ ജയന്തി, സമാധി ദിവസങ്ങളിൽ വ്യക്തിപരമായി ഗുരുവിനെ അനുസ്മരിക്കാനുള്ള സ്വാതന്ത്ര്യമൊക്കെ എല്ലാവർക്കുമുണ്ട്. എന്നാൽ ചില ബോധ്യങ്ങളിൽ നിന്നുകൊണ്ടുവേണം ഇതൊക്കെ. അല്ലെങ്കിൽ ഇതും മറ്റൊരാചാരം മാത്രമാകും. ശ്രീനാരായണഗുരുവും അയ്യങ്കാളിയുമൊക്കെ പ്രവർത്തിച്ചത് ജനാധിപത്യം പുലരുന്നതിന് മുൻപുള്ള ഫ്യൂഡൽ കാലത്തിലാണ്. ഇനി നവോത്ഥാന നായകർ ആരും ഉണ്ടായി വരില്ല. അതിൻറെ ആവശ്യവുമില്ല. ജനധിപത്യത്തിൽ ഇതൊക്കെ ചെയ്യേണ്ടത് നിയമ നിർമ്മാണ സഭകളും കോടതിയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് എന്നതാണ് പ്രാഥമീകമായി ഒരു ജനാധിപത്യ പൗരന് ഉണ്ടാകേണ്ട ബോധം.
രാഷ്ട്രീയപ്പാർട്ടിക്കാർ കഴിഞ്ഞനൂറ്റാണ്ടിലെ ഈ കാര്യങ്ങൾ ഇങ്ങനെ ആചാരപരമായി അനുസ്മരിച്ചുകൊണ്ടിരിക്കുന്നത് ഈഴവന്റെ വോട്ടിന് വേണ്ടിമാത്രമാണ് എന്ന് വേണം അനുമാനിക്കാൻ. സ്മൃതിമൂല്യങ്ങളിൽ അഭിരമിക്കുന്ന ഇവർക്ക് അനുസ്മരിക്കാൻ എന്തുകൊണ്ടും അനുയോജ്യനായ സ്വാമി 64 അനാചാരങ്ങൾ കേരളത്തിൽ ഏർപ്പെടുത്തിയ ‘ശങ്കര സ്മൃതി’ എന്ന വൃത്തികെട്ട പുസ്തകത്തിന്റെ കർത്താവുമായ ശങ്കരാചാര്യരാണ്.
വർത്തമാന കാലത്തെ സാമൂഹ്യമായ സകല സംഭവങ്ങളിലും സവർണ്ണ സേവ നടത്തുകയും ബ്രാഹ്മണൻ പ്രത്യേക ക്ളാസ് ആണെന്ന് ഹൈക്കോടതിയിൽ വരെ അഫിഡവിറ്റ് കൊടുക്കുകയും ചെയ്തിട്ട് നാരായണ ഗുരുവിനെ അനുസ്മരിക്കുന്നതിൽ പരം അദ്ദേഹത്തെ അപമാനിക്കാനുണ്ടോ? ബ്രാഹ്മണൻ പ്രത്യേക ക്ളാസ് ആണെന്ന് അംഗീകരിക്കുന്ന ബ്രാഹ്മണർ അല്ലാത്ത ഏകവിഭാഗം ശൂദ്രർ മാത്രമാണ്. ഇവിടുത്തെ ഈഴവനോ പട്ടികജാതിക്കാരനോ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ഒന്നും അത് അംഗീകരിക്കുന്നില്ല. അപ്പോൾ കേരളത്തെ ചൂദ്രകേരളമാക്കാൻ പണിയെടുക്കുന്നവർ എന്തിനാണ് ഇങ്ങനെ നാരായണഗുരുവിനെ അധിക്ഷേപിക്കുന്നത്?
നിരവധി 295 A കേസിൽ പ്രതിയായിരുന്ന നാരായണഗുരു
ഈഴവർ നൽകിയവയും അല്ലാത്തവയുമായ കുറേ മതനിന്ദാക്കേസുകളിലെ പ്രതിയാണ് ശ്രീനാരായണഗുരു. IPC 295 A 1860 ൽ നിലവിൽവന്ന കൊളോണിയൽ നിയമമാണ്. അതായത് ഗുരു വിന് 4 വയസുള്ളപ്പോൾ നിലവിൽ വന്ന നിയമമാണ്. അന്ന് ഹിന്ദു സ്റ്റേറ്റും ബ്രിട്ടീഷ് ഭരണവും ഒക്കെ ആയിരുന്നിട്ടും ഗുരു അറസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കിലും ശബരിമലയിൽ പോയതിന് ശൂദ്രരെ തൃപ്തിപ്പെടുത്താൻ ഇതേനിയമം ഉപയോഗിച്ച് നവോത്ഥാന സർക്കാർ ജയിലിലാക്കിയവരിൽ ഒരാളാണ് ഞാൻ എന്നത് മറ്റൊരു കോമഡിയാണെങ്കിലും അതുപറയാനല്ല ഞാനിത് സൂചിപ്പിച്ചത്.
മതപരമായ ആചാരത്തെ തൊട്ടുകളിച്ച നവോത്ഥാന നായകരിൽ അയ്യാവൈകുണ്ഠ സ്വാമിക്കും നാരായണ ഗുരുവിനും പൊയ്കയിൽ അപ്പച്ചനുമൊക്കെ കേസ് വന്നിട്ടുണ്ടെങ്കിലും എല്ലാവർക്കും തുല്യനീതി അല്ല ലഭിച്ചിട്ടുള്ളത്. കാരണം അന്ന് ജനധിപത്യമല്ല ഫ്യൂഡലിസമാണ്. ചിലർക്ക് ചില പ്രിവിലേജുകളൊക്കെ ലഭിച്ചിരുന്നു എന്ന് കാണാം. അത്തരത്തിൽ ഒരാളാണ് ശ്രീനാരായണ ഗുരു.
ഗുരുവിന് അയ്യാവൈകുണ്ഠ സ്വാമിയെപ്പോലെ ജയിലിൽ കിടക്കേണ്ടി വന്നില്ല. ഗുരു ഒരു കേസിലും കോടതിയിലൊന്നും ഹാജരായിരുന്നില്ല. തിരുവിതാംകൂർ സർക്കാർ ഗുരു കോടതിയിൽ ഹാജരാകേണ്ട എന്നൊരു ഉത്തരവ് ഇറക്കിയിരുന്നു. ഗുരു പ്രതിയായ കേസുകളിൽ അദ്ദേഹം എവിടെയാണോ അവിടെച്ചെന്ന് മൊഴിയെടുക്കാനാണ് കൽപ്പിച്ചത്. അത് അന്ന് ഗുരു തിരുവിതാംകൂറിലും അടുത്തരാജ്യങ്ങളായ കൊച്ചിയിലും മലബാറിലുമൊക്കെ ശാഖാകളുള്ള കേരളത്തിലെ ആദ്യത്തെ ഏറ്റവും വലിയ സംഘടിത പ്രസ്ഥാനത്തിൻറെ പ്രസിഡണ്ടുകൂടി ആയിരുന്നതുകൊണ്ടാണ് അവർ ഗുരുവിനെ അറസ്റ്റ് ചെയ്യാൻ ഭയപ്പെട്ടത്. ആ പ്രിവിലേജ് അദ്ദേഹം സ്വയം നേടിയെടുത്തതാണ്. അതാണ് പെരുമ്പടവം ശ്രീധരൻ ഗുരു യുഗങ്ങൾ തോറും അവതരിക്കുന്ന ഒരു യുഗപുരുഷൻ അല്ല എന്നും ഗുരു അദ്ദേഹത്തിന്റേതായ ഒരു യുഗം സൃഷ്ടിക്കുകയായിരുന്നു എന്നും പറഞ്ഞത്. അന്നത്തെ കേരളത്തിലെ പ്രധാന ഇന്റലക്ച്വൽസ്, കവികൾ, സാഹിത്യകാരന്മാർ, മാധ്യമപ്രവർത്തകർ, ആകപ്പാടെ ഈഴവസമുദായത്തിലുണ്ടായിരുന്ന ഒരു ജഡ്ജി, ഡോകടർ, അഭിഭാഷകന്മാർ കൂട്ടത്തിൽ കുറേ ഭക്തശിരോമണികൾ എല്ലാം അദ്ദേഹത്തിൻറെ ശിഷ്യവലയത്തിൽ ഉണ്ടായിരുന്നു. എല്ലാവരെയും വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തി അദ്ദേഹം അദ്ദേഹത്തിന്റേതായ ഒരു യുഗം സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ജനാധിപത്യത്തിൽ എല്ലാവരും തുല്യപൗരന്മാരാണ്. എസ്എൻഡിപി പ്രസിഡണ്ട് അല്ല ഇൻഡ്യ ഭരിക്കുന്ന ബിജെപി പ്രസിഡണ്ട് ഒരു ക്രിമിനൽകേസിൽ പ്രതിയായാലും കോടതി നടപടികൾക്ക് വിധേയൻ ആയേപറ്റൂ. ഒരാൾക്കും പ്രത്യേക നിയമമൊന്നും ഇല്ല. അതുകൊണ്ട് ഇനിയാർക്കും നാരായണഗുരുവോ അയ്യങ്കാളിയോ ആകാനും പറ്റില്ല. ആകേണ്ട കാര്യവുമില്ല. ഉദാഹരണത്തിന് രാധാകൃഷ്ണൻ മന്ത്രിയെ അപമാനിച്ച സംഭവത്തിൽ പണ്ടത്തെപ്പോലെ അയ്യങ്കാളിപ്പടയുമായി ചെന്ന് പൂജാരിയെ കൈകാര്യം ചെയ്യേണ്ട ആവശ്യമില്ല. ഇവിടെ നിയമമുണ്ട് അത് വേണ്ടരീതിയിൽ ഉപയോഗിക്കുകയേ വേണ്ടൂ. അതിനുള്ള ആർജ്ജവം ഭരണാധികാരികൾക്കില്ലാത്തതാണ് പ്രശ്നം.
വീണ്ടും ജാതിപറഞ്ഞ ഗുരു
മറ്റൊന്ന് ഗുരു ജാതിയില്ലാവിളംബരം നടത്തിയെന്നും പക്ഷേ സഹോദരനെയും സണ്ണികപിക്കാടിനെയും എന്നെയുമൊക്കെ പോലെ ചില അലവലാതികളും എസ്എൻഡിപിക്കാരും ജാതിപറയുന്നു. മറ്റുള്ളവരൊക്കെ ഗുരുവിനെപ്പോലെ ജാതിയില്ലാത്ത ആളുകളാണെന്ന് പ്രഖ്യച്ചുകൊണ്ടുള്ള ജാതിയില്ലാ വിളംബര പോസ്റ്റുകളും കമന്റുകളുമൊക്കെ കണ്ടിരുന്നു. ഒന്നാമതായി പറയട്ടെ ഗുരു ജാതി മാത്രമല്ല വീട്ടത്. മലയാളത്തിലല്ലേ വായിച്ചുനോക്കിക്കൂടെ? ജാതിയും മതവും എന്നുതന്നെയാണ് അതിൽ ഉള്ളത്. നിങ്ങൾക്കെന്താ മതം വിടണ്ടേ? ജാതിമാത്രം വിട്ടാൽ മതിയോ? ജാത്യാഭിമാനത്തിൻറെ ഭാഗമായി ജാതിപറയുന്നതും ജാതി വിവേചനത്തിനെതിരെ ജാതി പറയുന്നതും രണ്ടും രണ്ടാണ്. ആവിളമ്പരവും കൊണ്ടുനടക്കുന്നവർ അറിയുക ഗുരുവും സഹോദരനും വീണ്ടും ജാതി പറഞ്ഞിട്ടുണ്ട്. സഹോദരൻ കോടതിയിലും ഗുരു റാണി ലക്ഷ്മീഭായിയോടും.
ഗുരു ജാതിയില്ലാ വിളമ്പരം നടത്തിയശേഷം 8 വർഷം കഴിഞ്ഞു വൈക്കം സത്യാഗ്രഹം നടക്കുമ്പോൾ ഈ വി ആറിനെ നിഗ്രഹിക്കാൻ ശത്രുനിഗ്രഹയാഗം നടത്തുകയും എന്നാൽ 1924 ആഗസ്റ്റ് 16 ആം തിയതി മൂലംതിരുനാള് രാമവര്മ്മ തട്ടിപ്പോകുകയും ചെയ്തപ്പോൾ. ഇത് യാഗത്തിൻറെ പ്രതിപ്രവർത്തനമായി അന്ധവിശ്വാസികളായ കൊട്ടാരത്തിലുള്ളവർ കരുതി. രാജാവിനുപകരം പിന്നീട് അധികാരത്തില് വന്ന റാണി ലക്ഷ്മീഭായി ഭരണം ഏറ്റെടുത്ത പിറ്റേ ദിവസം മുതല് സത്യാഗ്രഹം അവസാനിച്ചുകാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അതിനാവശ്യമായ നടപടികള് സ്വീകരിക്കുകയും ചെയ്തു. പലതവണ ശ്രീനാരയണഗുരുവിനോട് കൊട്ടാരത്തിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ട് ആളയക്കുമെങ്കിലും അദ്ദേഹം പോകില്ല ഗുരു കോടതികളോടുമാത്രമല്ല ഭരണകൂടത്തോടും അകലം പാലിച്ചിരുന്ന ആളാണ്. ലക്ഷ്മീഭായിക്ക് നമ്മെ കാണണമെങ്കിൽ ഇങ്ങോട്ട് വരട്ടെ എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. അവസാനം റാണി ലക്ഷ്മീഭായി ശ്രീനാരയണഗുരുവിനെ ചുമന്നുകൊണ്ടുപോകാൻ കൊട്ടാരത്തിൽനിന്നും പല്ലക്കും ചുമട്ടു കാരെയും സേവകനെയും അയച്ചു. അപ്പോഴാണ് ഗുരു അവരോട് ഇങ്ങനെ ചോദിച്ചത് “തമ്പ്രാക്കന്മാർ കയറുന്ന പല്ലക്കിൽ ഈഴവന് കയറാമോ?” എന്ന്. അത് ജാത്യാഭിമാനം കൊണ്ട് പറഞ്ഞതല്ല.
വൈക്കത്തെ പട്ടിയും പൂച്ചയും നടക്കുന്നവഴിയിലൂടെ ഈഴവനെയും പുലയനെയുമൊന്നും നടത്തില്ല എന്ന നിലപാട് സ്വീകരിക്കുകയും അതിനെതിരെ അത്രയും ദിവസമായി സത്യാഗ്രഹികൾ പട്ടിണികിടക്കുകയും അവരെ തല്ലുകയും അവരുടെ കണ്ണിൽ ചുണ്ണാമ്പൊഴിക്കുകയുമൊക്കെ ചെയ്തവർ തന്നെ പല്ലക്കിൽ ചുമക്കാൻ വരുമ്പോൾ അവരോട് പിന്നെ ആ കറുത്ത ചിരിക്കാരൻ എന്ത് ചോദ്യം ചോദിക്കണമായിരുന്നു?
ആ ചോദ്യം പോയി ലക്ഷ്മീ ഭായിയോട് പറഞ്ഞേക്കാനേ പറഞ്ഞുള്ളൂ. എന്നിട്ടും പല്ലക്കിൽ കയറി പോയില്ല. ലക്ഷ്മീഭായിക്ക് നമ്മെ കാണണമെങ്കിൽ ഇങ്ങോട്ട് വരട്ടെ എന്നായിരുന്നു വീണ്ടും മറുപടി.
സഹോദരൻ ജാതിപറഞ്ഞതൊക്കെ മറ്റേ സേറിൻറെ ആൾക്കാർ ചുമന്നുകൊണ്ട് നടക്കുന്നതിനാൽ എല്ലാവർക്കും അറിവുള്ളതാണെങ്കിലും അദ്ദേഹം കോടതിയിൽ ജാതിപറഞ്ഞ ഒരു സംഭവം സൂചിപ്പിക്കാം. ഗുരുവിൻറെ മരണശേഷം മിതവാദി കൃഷ്ണൻ, അയ്യാക്കുട്ടി ജഡ്ജി, സഹോദരൻ അയ്യപ്പൻ എന്നിവർ എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് ശ്രീലങ്കയിൽ നിന്ന് ബുദ്ധ സന്യാസിമാരെക്കൊണ്ടുവന്ന് പരസ്യമായി ബുദ്ധമതം സ്വീകരിച്ചിരുന്നു.അന്നവർ ഉണ്ടാക്കിയ ബുദ്ധവിഹാരമാണ് ഇപ്പോൾ കോഴിക്കോട് ഉള്ളത്. മിതവാദികൃഷ്ണൻ വക്കീലും ഭിക്ഷു ധർമ്മ സ്കന്ദയും ആയിരുന്നു അതിൻറെ നടത്തിപ്പുകാർ. അതിൻറെ പേരിൽ സഹോദരൻ അയ്യപ്പന് പിൽക്കാലത്ത് ഒരു കേസുണ്ടായി. ഒരു തിരഞ്ഞെടുപ്പ്കേസ്. അദ്ദേഹം ഈഴവ സംവരണ മണ്ഡലത്തിൽനിന്നായിരുന്നു മത്സരിച്ച് ജയിച്ചത്. അതിനെതിരെ തോറ്റ സ്ഥാനാർത്ഥി അയ്യപ്പൻ ഹിന്ദുവല്ലെന്നും ഈഴവനല്ലെന്നും കാണിച്ചു കേസ് കൊടുക്കുകയും. ആകേസിൽ നിയമജ്ഞൻ കൂടിയായിരുന്ന സഹോദരൻ താൻ മതം മാത്രമേ അന്ന് ഉപേക്ഷിച്ചിട്ടുള്ളൂ എന്നും ജാതി മാറിയിട്ടില്ല എന്നുമാണ് കോടതിയിൽ വാദിച്ചത്. ആകേസിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
പിന്നെ ഗുരു ഭക്തശിരോമണികളെ എന്തിന് പ്രോത്സാഹിപ്പിച്ചു എന്നതാണെങ്കിൽ? അന്നത്തെകാലത്ത് ഇതിനൊക്കെ പിന്നെ പൈസ എവിടുന്നായിരുന്നു? സാമൂഹ്യപ്രവർത്തനം നടത്താനാണെന്നും പറഞ്ഞു ചോദിച്ചാൽ ആരെങ്കിലും ഇന്നും പത്തുപൈസ കൊടുക്കുമോ? ഗുരുവിന് വിദേശ ഫണ്ട് ഒന്നുമില്ലായിരുന്നു. ഗുരുവിൻറെ കയ്യിൽ വന്നുചേർന്ന പണം മുഴുവൻ അന്നത്തെ ധനികരും വ്യവസായികളുമായ ഈഴവ ഭക്തന്മാർ പാദ കാണിക്കായായും സംഭവനയായും ഒക്കെ കൊടുത്തതാണ്.
അതുകൊണ്ട് ജാതിവാദി സർട്ടിഫിക്കറ്റ് വരവ് വെച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിഷയം ജാതിതന്നെയാണ്. അത് പറഞ്ഞുകൊണ്ടുതന്നെയിരിക്കും


