കൊച്ചി: വിദേശ വനിതയുടെ പീഡന പരാതിയിൽ മല്ലു ട്രാവലർ എന്ന പേരിൽ പ്രസിദ്ധനായ വ്ളോഗർ ശാക്കിർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഉടനെ നാട്ടിലെത്താതെ ശാക്കിർ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഹോട്ടലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സഊദി അറേബ്യൻ പൗരയാണ് പരാതി നൽകിയത്. ഈ മാസം 13ന് എറണാകുളത്തെ ഹോട്ടലിലായിരുന്നു സംഭവം. മലയാളിയായ പ്രതിശ്രുത വരനുമൊത്താണ് യുവതി ഹോട്ടലിലെത്തിയത്.
ഇവരെ കാണാൻ ശാക്കിർ ഹോട്ടൽ മുറിയിലെത്തുകയും പങ്കാളി മുറിക്ക് പുറത്തിറങ്ങിയപ്പോൾ കടന്നുപിടിച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് യുവതിയുടെ പരാതി. കാനഡയിലേക്കാണ് ശാക്കിർ പോയത്. അവിടെ നിന്നുള്ള വീഡിയോകൾ ഇയാൾ യുട്യൂബിൽ അപ്ലോഡ് ചെയ്യുന്നുണ്ട്.