തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ രോഗം വീണ്ടും സ്ഥിരീകരിച്ചതോടെ പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. നിപ്പാ രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. പനി ബാധിച്ചവര്‍ ചികിത്സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
നിപ്പാ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തി. ഈമാസം 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മഞ്ചേരിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍ നിപ്പാ ബാധ സംശയിക്കുന്ന ഒരാള്‍ മഞ്ചേരിയില്‍ നിരീക്ഷണത്തില്‍. ഇയാളുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. എന്നാല്‍, ഇയാള്‍ക്ക് കോഴിക്കോട്ടെ നിപ്പാ ബാധിതരുമായി സമ്പര്‍ക്കമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി
നിപ്പാ രോഗവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുന്‍കരുതല്‍ നടപടിയാണ് രോഗമുണ്ടെന്ന് സംശയിച്ച ഒരു വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട് സ്വീകരിച്ചത്. വിദ്യാര്‍ഥിക്ക് രോഗലക്ഷണമില്ലെന്നും മന്ത്രി അറിയിച്ചു. പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയെ ഇന്നലെ മുതല്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ബി ഡി എസ് വിദ്യാര്‍ഥിയെയാണ് നിരീക്ഷണത്തിലാക്കിയത്.


